ഓണവും വിഷുവും വരുന്നത് പോലെ ചിലർ
ഓടിക്കയറി വരും ദിവസങ്ങൾ
പൂത്തിരി പോലെ കത്തിക്കും
ഉള്ളിലൊരായിരം പൂമ്പാറ്റകളെ പറത്തി വിടും
ഒടുവിലൊരു ദിവസം ഒന്നും പറയാതെ
ഇറങ്ങി പോകും
തവിട്ടു നിറമുള്ള ഒരു കുപ്പായമിട്ട്
ഒരു ദിവസം മടുപ്പു കയറി വരും
പുറകെ കാവി പുതച്ചു കണ്ണുകളിൽ
ശാന്തത നിറച്ചു തിരക്ക് തിക്കി തിരക്കും
ഒരുള്ളിൽ ആന്തലും ഭയവും നിറയും
നഷ്ടബോധത്തിന്റെ കത്തി ഉള്ളു മുറിക്കും
മറ്റേതിൽ നിസ്സംഗത നിറയും ..
ഒടുവിലാർക്കും വേണ്ടാതെ
ഒരുൾ വിളി അവനെ കാക്കും
അവളുടെ കണ്ണുകളിൽ നിന്ന്
വിരഹം പൊടിയും
പ്രണയത്തിന്റെ വിറങ്ങലിച്ച
ശരീരം വെളുത്ത കോടിതുണിയാൽ
മൂടപ്പെട്ടു കിടക്കും
ചിതയിലേക്കോ ചിന്തയിലേക്കോ
എടുത്തു കൊണ്ട് പോകുവാൻ
മറ്റൊരു വന്നു ചേരലും കാത്ത്
By: Lekshmi Nair