Wednesday, May 15, 2013

അറിയുക


നിന്റെ ചിതറിയ ജടയിൽ
ഇടതടവില്ലാത്ത ജലധാരായാകാൻ
ഒരു ജന്മം കാത്തിരുന്നവൾ

നിന്റെ കണ്ണുകളിലെഅഗ്നിയിൽ എരിഞ്ഞടങ്ങാൻ
ജന്മം മോഹിച്ചവൾ...

നീ ഒരു മൃത്യുന്ജ്യയ മന്ത്രമാകാൻ  തപസ്സിരുന്നവൾ
ഭൂതഗണങ്ങൾക്കൊപ്പം
ഗന്ധർവ സംഗീത താളത്തിൽനീ നൃത്തം ചവുട്ടിയ
സന്ധ്യാ വേളകളിൽ ...
നിന്റെ കാലടിയിൽ പൂഴിയായ് ഭൂമി കന്യകയായി
മാറിയവൾ

ഒരു താണ്ഡവ താളത്തിന്റെ
തളർച്ചയിൽ നിന്നെ
തണുപ്പിച്ചു നിന്റെ മേനിയെ പുല്കി
ഗംഗയുടെ ഒരു കൈവഴിയാകാൻ
ഊഴവും തേടി  കാലങ്ങളായി 
ആഴിയുടെ നീലിമയിൽ കണ്ണുകളുറപ്പിച്ചു
നിനക്കായ്‌ കാത്ത് നില്പ്പാണ്‌
ഇവൾ

കയ്യിൽ കരുതിയ വരണ മാല്യതിന്റെ
വനപുഷ്പ  ഗന്ധം അകലും മുൻപേ
അലയാഴിയുടെ  ആഴങ്ങളിൽ
സന്ധ്യ നീരാട്ടിനിറങ്ങും മുൻപേ
നിന്റെ കരം പിടിച്ചൊരു ജന്മ പുണ്യം തേടാൻ
കാത്ത് നിന്ന് ശിലയായി മാറിയവൾ 
.....
ഉള്ളിൽ നിന്റെ കാരിരുമ്പ് രൂപം
കാതിൽ നീ എന്ന ഓംകാര മന്ത്രം
കന്യാകുമാരിക്ക് ഉള്ളിൽ കടലോളം
സ്നേഹം