Wednesday, October 16, 2019

വന്നു ചേരലുകൾ














ഓണവും വിഷുവും വരുന്നത് പോലെ ചിലർ
ഓടിക്കയറി വരും ദിവസങ്ങൾ
പൂത്തിരി പോലെ കത്തിക്കും
ഉള്ളിലൊരായിരം പൂമ്പാറ്റകളെ പറത്തി വിടും
ഒടുവിലൊരു ദിവസം ഒന്നും പറയാതെ
ഇറങ്ങി പോകും

തവിട്ടു നിറമുള്ള ഒരു കുപ്പായമിട്ട്
ഒരു ദിവസം മടുപ്പു കയറി വരും
പുറകെ കാവി പുതച്ചു കണ്ണുകളിൽ
ശാന്തത നിറച്ചു തിരക്ക് തിക്കി തിരക്കും

ഒരുള്ളിൽ ആന്തലും ഭയവും നിറയും
നഷ്ടബോധത്തിന്റെ കത്തി ഉള്ളു മുറിക്കും
മറ്റേതിൽ നിസ്സംഗത നിറയും ..
ഒടുവിലാർക്കും വേണ്ടാതെ
ഒരുൾ വിളി അവനെ കാക്കും
അവളുടെ കണ്ണുകളിൽ നിന്ന്
വിരഹം പൊടിയും
പ്രണയത്തിന്റെ വിറങ്ങലിച്ച
ശരീരം  വെളുത്ത കോടിതുണിയാൽ
മൂടപ്പെട്ടു കിടക്കും
ചിതയിലേക്കോ ചിന്തയിലേക്കോ
എടുത്തു കൊണ്ട് പോകുവാൻ
മറ്റൊരു വന്നു ചേരലും കാത്ത്

By: Lekshmi Nair 

Sunday, July 7, 2019

ഗ്രാമീണതക്ക് നഗരത്തിന്റെ നിർവചനങ്ങൾ


ഗ്രാമീണർ ..
ഭംഗിവാക്ക്  പറയാൻ അറിയാത്തവർ
കഠിന വാക്കുകൾക്കു മുൻപിൽ പകച്ചു പോകുന്നവർ
അയൽപക്കത്തെ ഇല്ലായ്മകൂടി അറിഞ്ഞു കരുതുന്നവർ
അകത്തുനിന്നറിയുന്ന  അറിയുന്ന  രഹസ്യങ്ങൾ
ഒതുക്കി വെക്കാൻ അറിയാത്തവർ
ജാലക പഴുതിലൂടെ അയൽപക്കത്തെ
രുചിക്കൂട്ടിലേക്കും സ്വകാര്യതയിലേക്കും
എത്തിനോക്കുന്നവർ ...
അന്ധവിശ്വാസങ്ങൾക്ക് അടിമപെട്ടവർ
അടക്കമില്ലാത്തവർ
ലാഭനഷ്ടങ്ങളുടെ കണക്കുകൾ
കുറിക്കാൻ ആണിയിൽ തൂങ്ങിയാടുന്ന
കലണ്ടറുകൾ തേടുന്നവർ
ഉറക്കെ സംസാരിക്കുന്നവർ
വിയർപ്പിന്റെ ഗന്ധമുള്ളവർ
മുടിയിൽ എണ്ണമെഴുക്കിന്റെ അഴുക്കുള്ളവർ
അഴുക്കു നിറഞ്ഞ നഖം കടിക്കുന്നവർ
ചെരിപ്പിടാതെ ചെളിയിൽ നടക്കുന്നവർ
അടുക്കുന്നവരൊക്കെ
ആത്മാർത്ഥതയുടെ പൊയ്‌മുഖങ്ങൾ
അണിഞ്ഞവരെന്നു അറിഞ്ഞിട്ടും
അകലാത്തവർ ...
വഴിതേടിപ്പിടിക്കാൻ അറിയാത്തവർ ..
തുറന്നു പറച്ചിലുകളുടെ ..എച്ചിൽപുറത്തു മേയുന്നവർ
ഇതിൽ പെടും ഞാനും ...?
തീർന്നിട്ടില്ല...!

Sunday, June 23, 2019

കുറുക്കന്മാർ





















പതുങ്ങിയിരിക്കുന്ന പൊന്തയുടെ
ഇടയിലേക്ക് പതഞ്ഞൊഴുകുന്ന നിലാവിൽ
സ്വയം മറക്കുന്നവർ ...


സ്വയം തേടിപിടിക്കുന്നതിലും
സ്വാദ്‌ ശവം തേടി നടക്കുന്നതിൽ കാട്ടുന്നവർ ..
കൂർമ്മ ബുദ്ധിയുടെ ഒടുവിൽ
സ്വന്തം ശവക്കുഴി തോണ്ടുന്നവർ ..
ചതിയുടെ ആദ്യപര്യായത്തിൽ
ഒപ്പിട്ടു വെച്ച കുശലതയുടെ
കുറുകുന്ന കണ്ണുകൾ ..

കുറുക്കനെന്ന കിറുക്കൻമാർ
നാട്ടുവഴി തേടിയത്
കൂവി തെളിയാനോ
കോഴികളെയെല്ലാം അടച്ചുറപ്പുള്ള
കൂടുകളിൽ നിന്ന് കൂവി
പുറത്തു ചാടിക്കാനോ ?

Sunday, June 16, 2019

അച്ഛനെന്ന സുഗന്ധം ...


















നിവർത്തി പിടിച്ച കാലൻ കുടയുടെ  കീഴിൽ
അച്ഛനോട് ചേർന്നു നടക്കുന്ന എന്റെ കുഞ്ഞി പാവാട
നനയുന്നോ എന്ന വേവലാതിയിൽ
എന്റെ കൈപിടിച്ച് കടത്തിണ്ണയിലേക്ക്
കയറ്റി നിർത്തുന്ന അച്ഛൻ ...!

ചെളി തെറിപ്പിച്ചെത്തിയ
ആനവണ്ടി ഡ്രൈവറുടെ
അശ്രദ്ധയിൽ കുതിരുന്ന അച്ഛന്റെ ഖദറുടുപ്പ്‌ .
അയ്യോ ! എന്ന സഹന ശബ്ദത്തിൽ ക്രോധം ഒതുക്കുന്ന
സഹിഷ്ണുതയുടെ ഗാന്ധി മുഖം ..!

തെളിയുന്ന സൂര്യന്റെ മുഖപ്രസാദത്തിൽ
 മുണ്ടിന്റെ കോന്തല കൊണ്ട് എന്റെ
തല തുവർത്തുമ്പോൾ അച്ഛന്റെ മുടിയിൽ
നിന്ന് എന്റെ നെറ്റിയിലേക്ക് വീണ മഴത്തുള്ളി ...!

അച്ഛന്റെ വിരലിൽ  തൂങ്ങി
സ്കൂളിലേക്കെത്തുന്ന  എന്റെ മനസ്സിൽ
ആദ്യ പിരിയഡിലെ കണക്കു സാറിന്റെ
അടിയിൽ നിന്ന് രക്ഷപെട്ട സന്തോഷം ..!
വഴക്കാളി കൂട്ടുകാരെല്ലാം
എന്റെ അച്ഛനെ കാണുന്നില്ലേ ?
എന്ന ആകാംക്ഷ ..!

ജോലിയുടെ ഒരുദിനം വെറുതെ
കൊഴിഞ്ഞിട്ടും ഞാൻ മഴ നനഞ്ഞില്ലല്ലോ
എന്നാശ്വസിക്കുന്ന അച്ഛൻ.. !
മിട്ടായി വാങ്ങാൻ എന്റെ കുഞ്ഞിക്കയിൽ
തിരുകി പിടിപ്പിച്ച പത്തു പൈസ തുട്ട് ..!

അച്ഛാ ഓർമകൾക്കെല്ലാം
കത്തിതീർന്ന കർപ്പൂര ഗന്ധം ...!
ഞാൻ ഇവിടെയുണ്ട് അച്ഛന്റെ ആ അഞ്ചു വയസ്സുകാരി ...!