Sunday, June 16, 2019

അച്ഛനെന്ന സുഗന്ധം ...


















നിവർത്തി പിടിച്ച കാലൻ കുടയുടെ  കീഴിൽ
അച്ഛനോട് ചേർന്നു നടക്കുന്ന എന്റെ കുഞ്ഞി പാവാട
നനയുന്നോ എന്ന വേവലാതിയിൽ
എന്റെ കൈപിടിച്ച് കടത്തിണ്ണയിലേക്ക്
കയറ്റി നിർത്തുന്ന അച്ഛൻ ...!

ചെളി തെറിപ്പിച്ചെത്തിയ
ആനവണ്ടി ഡ്രൈവറുടെ
അശ്രദ്ധയിൽ കുതിരുന്ന അച്ഛന്റെ ഖദറുടുപ്പ്‌ .
അയ്യോ ! എന്ന സഹന ശബ്ദത്തിൽ ക്രോധം ഒതുക്കുന്ന
സഹിഷ്ണുതയുടെ ഗാന്ധി മുഖം ..!

തെളിയുന്ന സൂര്യന്റെ മുഖപ്രസാദത്തിൽ
 മുണ്ടിന്റെ കോന്തല കൊണ്ട് എന്റെ
തല തുവർത്തുമ്പോൾ അച്ഛന്റെ മുടിയിൽ
നിന്ന് എന്റെ നെറ്റിയിലേക്ക് വീണ മഴത്തുള്ളി ...!

അച്ഛന്റെ വിരലിൽ  തൂങ്ങി
സ്കൂളിലേക്കെത്തുന്ന  എന്റെ മനസ്സിൽ
ആദ്യ പിരിയഡിലെ കണക്കു സാറിന്റെ
അടിയിൽ നിന്ന് രക്ഷപെട്ട സന്തോഷം ..!
വഴക്കാളി കൂട്ടുകാരെല്ലാം
എന്റെ അച്ഛനെ കാണുന്നില്ലേ ?
എന്ന ആകാംക്ഷ ..!

ജോലിയുടെ ഒരുദിനം വെറുതെ
കൊഴിഞ്ഞിട്ടും ഞാൻ മഴ നനഞ്ഞില്ലല്ലോ
എന്നാശ്വസിക്കുന്ന അച്ഛൻ.. !
മിട്ടായി വാങ്ങാൻ എന്റെ കുഞ്ഞിക്കയിൽ
തിരുകി പിടിപ്പിച്ച പത്തു പൈസ തുട്ട് ..!

അച്ഛാ ഓർമകൾക്കെല്ലാം
കത്തിതീർന്ന കർപ്പൂര ഗന്ധം ...!
ഞാൻ ഇവിടെയുണ്ട് അച്ഛന്റെ ആ അഞ്ചു വയസ്സുകാരി ...!

No comments:

Post a Comment

അന്വേഷണത്തിന്റെ അവസാനം
അഭിപ്രങ്ങള്‍ക്ക് ഒരിടം !!