Monday, November 13, 2017

ഒറ്റക്കൊമ്പൻ


നീറ്റലുണ്ട് ഉള്ളിൽ ...നീ ഇല്ലായ്മയുടെ 
വേദനയിൽ പുഴുവരിക്കുന്നുണ്ട് 
എങ്കിലും ഈ വനത്തിൽ ഞാൻ ഒറ്റക്കായി 
പോയതിന്റെ ആഘോഷമാണെന്ന് 
മുഖത്തൊരു നിർവികാരത ...
ഒരു കള്ളച്ചിരി ....

നിന്റെ സാമീപ്യത്തിൽ  ഒരു പനിയുടെ 
ചൂട് ...പാതിയടഞ്ഞ കണ്ണുകളിൽ 
വിരസതയും  ആലസ്യവും ...
ഞാനറിയാത്തൊരു പനികുളിരിൽ 
നീയുറങ്ങുകയാണോ ..?

അനേകം കാരിരുമ്പുകൾ 
ചേർത്ത് വെച്ചുണ്ടാക്കിയ 
മിടിക്കുന്ന ആ യന്ത്രത്തിൽ എന്റെ കൈവിരലുകൾ 
സ്പർശിച്ചതു നാദം കൊണ്ടുപോലും 
അറിയാൻ നിനക്ക് കഴിയുന്നുണ്ടായിരുന്നില്ലേ ...?

കപടത നിറഞ്ഞ  ചിരിയിൽ 
ചെറുകുന്ന കണ്ണുകൾ ..മദപാട് മറക്കാൻ 
ശ്രമിക്കുന്ന ഒരൊറ്റക്കൊമ്പനെ 
ഓർമിപ്പിക്കുന്നു ....

അറിയാതെ യാണെങ്കിലും 
നീ തകർത്തു കളഞ്ഞ മുള വനകളിൽ 
നീരുപദ്രവകാരികളായ മഞ്ഞ സർപ്പങ്ങൾ പോലും 
ഇനി ഇഴയില്ല.....
വന്യതയുടെ അവസാന വാക്കായി ...
കാൽപാടുകൾ അവശേഷിപ്പിച്ചു നീ പോയ വഴിയിൽ 
ചരലും ചളിയും മാത്രം ...........

Sunday, October 29, 2017

ഞാൻ ...................!!!ഞാൻ ...................
ഒരു അഴുക്കു ചാലിന്റെ അറ്റത്തു
വീണു കിടക്കുകയായിരുന്നു
ഒഴുകി പോകാൻ ഒരു ഉറവയും കാത്ത്
പക്ഷെ ....നീ വന്നു
അരുതെന്നു കണ്ണുകൾ കൊണ്ട് തടഞ്ഞു  ....

ഞാൻ....
ബോധതലങ്ങളിൽ ഇരുട്ട് നിറഞ്ഞ
അവസ്ഥയിലായിരുന്നു
എന്റെ ഹൃദയത്തിൽ  ആഴത്തിൽ
നീയൊരു മുറിവുണ്ടാക്കി ...
ഒഴുകി പരന്ന കറുത്ത നീല  നിറമുള്ള
വഴു വഴുപ്പുള്ള ദ്രാവകം ....
നിന്റെ അഗാധമായ സ്നേഹത്തെ ഓർമിപ്പിച്ചു .....

ഞാൻ ....
ഒരു പൂവിന്റെ ഇതള് പോലെ ...മൃദുവായിരുന്നു
ഒരു കാറ്റിന് പോലും പറത്തി കളയാവുന്ന
അത്ര നേർത്ത എന്നെ
നീ കാരിരുമ്പ് പോലെ കരുത്ത് നിറഞ്ഞ
കൈകളിൽ അടച്ചു പിടിച്ചു ....

ഞാൻ ...
ഇനി ഒരു യുഗത്തിന്റെ പിറവിയും  കാത്ത്
കല്ലായി ഇവിടെയുണ്ട്
നീ  വരുന്നത് വരെ ..........

Friday, February 17, 2017

ചിത്രശലഭങ്ങൾ പറഞ്ഞത് ...


തുലാമഴ പെയ്തൊഴിഞ്ഞ 
തൊടിയിൽനിന്നും സ്വയം നഷ്ടപ്പെട്ട് 
എന്റെ മുറിയുടെ  നാലു ചുവരുകളിൽ 
അഭയം തേടിയെത്തിയ 
മഞ്ഞയും തവിട്ടും നിറമുള്ള ചിത്രശലഭങ്ങൾ
എന്നെ ചൂഴ്ന്നു നിൽക്കുന്ന  
നിശ്ശബ്ദതയുടെ ചെവിയിൽ 
എന്താവും മന്ത്രിച്ചത്‌..? 

ആത്മാവിനെ പറിച്ചെടുത്തു 
കൊണ്ടുപോയ അതിതീഷ്ണമായ 
ഒരു നോട്ടത്തെ കുറിച്ചാവുമോ ..?
അതിന്റെ ചൂടിൽ ഉരുകിയൊലിച്ച 
എന്നെ കുറിച്ചാവുമോ ..?
വരാനിരിക്കുന്ന പൂക്കാലത്തിന്റെ 
ഓർമ്മകൾ പങ്കുവെച്ചതാകുമോ ...?
എനിക്കായി നീ  കരുതി വെച്ച 
നിശാപുഷ്പങ്ങളുടെ നിറത്തെയോ ഗന്ധത്തെയോ  
കുറിച്ചാകുമോ?

അതോ ..നിന്റെ കണ്മുനകൾ വന്നു തട്ടി പടരുന്ന 
എന്റെ കുറി കൂട്ടിനെ കുറിച്ചാകുമോ ?
ശലഭങ്ങളുടെ ചിറകിൽ ഈ കണ്ണുകൾ 
എനിക്കായി നീ ചേർത്ത് വെച്ചതാണോ ..?

നിന്നെ കാണുമ്പോൾ 
എന്റെയുള്ളിൽ അനേകായിരം ചിത്ര ശലഭങ്ങൾ 
കൂടൊഴിയുന്നുണ്ട്  ....!
മഴയൊഴിഞ്ഞു വെയിൽ തെളിയുന്ന 
നിമിത്ത നേരങ്ങളിലെപ്പോഴോ
നിന്നേ തേടിയെത്തുന്ന അവയിലൊന്നിന് 
പോക്കു  വെയിലിന്റെ നിറവും 
മഴയുടെ തണുപ്പുമുണ്ടെങ്കിൽ ...പറയൂ ...!
അത് ഒറ്റപെട്ടു പോയ ഇണയെ തേടുകയാണ് ...!!!

Wednesday, December 7, 2016

അപരാഹ്നം

pic from googleപരന്നൊഴുകുന്ന വെയിലിൻറെ  പരവതാനിയിൽ 
പകലുറങ്ങുന്ന നേരം ...
കൊഴിഞ്ഞുവീണ  തൂവലുകൾ തേടി കരിയില പക്ഷികൾ 
തിരച്ചിൽ തുടരുന്ന തൊടിയുടെ അതിർത്തിയും കടന്നു 
ഒരു നോട്ടം നീളുന്നുണ്ട് ...നിന്നെ തേടി ..

ചുവടനക്കം തീർക്കാൻ വെമ്പി നിൽക്കുന്ന മണൽത്തരികൾ 
അടക്കം പറയുന്നത് കാതോർത്തു ദിശാബോധം ഇല്ലാതെ 
ഇവിടൊരു കാതിൽപൂ ആടി തിമിർക്കുന്നുണ്ട് ..

നീ വരുന്നില്ലല്ലോ ..എന്ന് മിടിക്കുന്ന ഹൃദയത്തിനു 
താളാൽമകത പകരാൻ വണ്ണം ഇടതടവില്ലാതെ 
ഒരു പങ്ക കറങ്ങി കരയുന്നുണ്ട് ...
നിഴൽ പരത്തി പടർന്നു കിടക്കുന്ന കൂവളത്തിന്റെ 
മാറിൽ പടർന്നു കയറിയ മുല്ലവള്ളികൾ 
എന്നെ നോക്കി  അർഥഗർഭമായിചിരിക്കുന്നുണ്ട് 

വഴിതെറ്റി വന്ന ഒരു വടക്കൻ കാറ്റിൽ
നീ പാടി പതിഞ്ഞ ഏതോ ഗാനത്തിന്റെ 
ശീലുകൾ ഒഴുകിയെത്തുന്നുണ്ട് 
നീയില്ലായ്മയുടെ ഒരു പേരില്ലാ 
വ്യഥയെന്നെ കാർന്നു തിന്നുന്നുണ്ട് ...
തിരയുന്നില്ല ഞാൻ... തീരമില്ലാതെ 
ഒഴുകി നടക്കുന്ന എന്റെ ചിന്തകളിൽ 
മാറാല പിടിച്ചു മങ്ങിയ ഒരു ചിത്രമാകാൻ 
ഇനിയും നിനക്ക് ക്ഷണമില്ല ...!!


Wednesday, June 29, 2016

എൻ്റെ ഗ്രാമത്തിലേക്ക് ...
pic from google
മനസ്സിലൊരു തുരുത്തുണ്ട്  
പച്ചപ്പിന്റെ ആ കൂടാരത്തിലേക്കു 
പിടിവിട്ടോടുന്ന മനസ്സിന്റെ വികൃതിയിൽ 
ഓർമകളുടെ  ഉള്ളിലേക്ക് ഊളിയിടുന്ന 
അനേകം വർണ്ണ മത്സ്യങ്ങളുണ്ട്... !  

ഉപരിതലത്തിൽ പേരറിയാപ്പൂക്കൾ 
വിടർത്തി  ഉള്ളിലെ നെടുവീർപ്പുകൾ 
പൂച്ചിരിയാക്കി മാറ്റുന്ന ഒരമ്മ തടാകമുണ്ട്‌...! 

മുൾവേലിപ്പടർപ്പിൽ വർണം തൂകി 
ആരെയോ കാത്തു നിൽക്കുന്ന വേലിപ്പരുത്തിയുടെ 
വിസ്മയ കാഴ്ച യുണ്ട് ...

ഇടവഴിയുടെ ചരിവിലൂടെ 
കുണുങ്ങിയൊഴുകുന്ന 
കൈത്തോടിന്റെ സ്വകാര്യതയിലേക്ക് 
കണ്ണുരുട്ടി നാവ് നീട്ടി  ഇരയെ കാക്കുന്ന 
മാക്കാച്ചി തവളകളുണ്ട് ...

നെറുകയിൽ ചുംബിച്ച് 
മുടിയിൽ തഴുകി  ഒരു നൂറു 
സ്നേഹ സുഗന്ധത്തിൽ 
മുക്കിത്തുവർത്തുന്ന 
തെക്കൻ കാറ്റിന്റെ പിതൃവാത്സല്യമുണ്ട്  ...


കരകവിഞ്ഞൊഴുകുന്ന 
പുഴയെ പാടലവർണത്താൽ പുതപ്പിച് 
തലയുയർത്തി നിൽക്കുന്ന 
റ്റുവഞ്ചി  മരക്കൂട്ടങ്ങളുടെ 
ഇടയിൽ അനസ്യുതം തുടരുന്ന 
കൂവലാൽ എന്നെ തോൽപ്പിച്ച 
പണ്ടത്തേ പാട്ടുകാരന്റെ ചിറകടിയൊച്ചയുണ്ട് 

Thursday, May 26, 2016

കാലത്തിന്റെ കണക്കുകാരൻ ...


കറുകറുത്ത നിറമുള്ള ഉത്തരീയം 
കുടഞ്ഞെടുത്ത് , കാവി നിറമാർന്ന 
കണ്ണുകളിൽ അഞ്ജനം എഴുതി കറുപ്പിച്ച് ..
ഇടതൂർന്ന ചുരുൾ മുടികോതിയൊതുക്കി 
ഇഴപിരിഞ്ഞൊതുങ്ങാതെ  നിൽക്കുന്ന 
മീശ ചെമ്പഴഞ്ഞി ചാറുകൂട്ടി  പിരിച്ചിഴച്ച് 
അനേകം വിദ്വാന്മാരെ വിദഗ്ദമായി കുടുക്കിയ
കയറെടുത്തു പേരെഴുതി വെട്ടിയ താളുകൾ 
വേഗത്തിൽ മറി ച്ചു നോക്കി  ..
ചിത്ര ഗുപ്തന്റെ കാതിൽ ഗുപ്തമായെന്തോ മന്ത്രിച്ച്‌..
പടിയിറങ്ങുകയാണ് കാലത്തിന്റെ കണക്കുകാരൻ ....


രാത്രിയുടെ മടിയിലേക്ക്‌ പകലിന്റെ പതനം 
എവിടെയോ ഒരു ദേശാടന പക്ഷി ചിറകു കുടയുന്നു 
ഒരു  പൂവിതൾ  കൊഴിയുന്നു ...
ഒരു വെടിയൊച്ചയിൽ ഭൂമി നടുങ്ങുന്നു 
ഒരമ്മയുടെ ദീന രോദനത്തിൽ ഒരു പുഴ വറ്റുന്നു 
ഒരു ജീവന്റെ അന്ത്യശേഷിപ്പിനെ 

പഞ്ച ഭൂതങ്ങൾ വിഴുങ്ങുന്നു PIC FROM GOOGLE

Friday, April 22, 2016

കാറ്റ് വരുന്ന വഴി ...കാറ്റ് വരുന്ന വഴി ...
തുറന്നു കിടക്കുന്ന ഓരോ പഴുതിലൂടെയും
നുഴഞ്ഞു  കയറാനാണ് അവനിഷ്ടം .....

തുറന്നിട്ട എല്ലാവഴി കളിലൂടെയും അവൻവരും..
ഉള്ളിലെക്കെടുക്കുന്ന  ശ്വാസത്തിൽ അലിഞ്ഞു ചേരും ...
അനുവാദം ഇല്ലാത്ത ഒരു കടന്നു കയറ്റക്കാരനെപോലെ 
ഇഷ്ടമുള്ളപ്പോൾ വരാനും പോകാനും അവൻ പഴുതുകൾ തേടി വെക്കുന്നുവോ ?...

അകത്തേക്ക് പ്രവേശിക്കുന്ന- 
സുഭഗ വേഷമുപേക്ഷിച്ചു -
മുടിയിഴകൾ വിയർപ്പിൽ മുങ്ങി  -
മലിനാംബരധാരിയായി അവൻ-
കുതറിയോടുമ്പോൾ അകതാരിലോരായിരം-
പെരുമ്പറകൾ ഒന്നിച്ചു ശ്രുതി ചേർക്കും. 

പോകുന്നവഴിയവൻ 
ചവിട്ടിതള്ളുന്ന പൂവിതളുകൾ 
ജന്മം തീർന്നതിൽ പരിഭവമില്ലാതെ താഴേക്ക്‌ പതിക്കും ..

തൊട്ടു തൊടുവിച്ചവൻ  വിളിച്ചുണർത്തുന്ന പൂമൊട്ടുകൾ 
നല്ല നാളെ സ്വപ്നം കണ്ടു ചിരിച്ചു നിൽക്കും 
കൊമ്പുലച്ചു കൊന്നപൂമരത്തിലൊരൂഞ്ഞാലിട്ടു പൂമഴ പെയ്യിച്ചു  
കല്പക വൃക്ഷ തുമ്പിലെ  തൂക്കണാം കുരുവി കൂട്ടിലൊളിച്ചിരിക്കും  ...

പട്ടു ചേലതുമ്പിൽ കുടുങ്ങി കുരുങ്ങി സ്വകാര്യതയിലേക്ക് 
കടന്നു കയറ്റം നടത്തുന്ന നിന്റെ 
കുസൃതിയിൽ മനം ഉടക്കി ഞാനുമൊരു കുസൃതി കാറ്റുപോലെ ..
pic from google-illustrative purpose only