Friday, February 17, 2017

ചിത്രശലഭങ്ങൾ പറഞ്ഞത് ...














തുലാമഴ പെയ്തൊഴിഞ്ഞ 
തൊടിയിൽനിന്നും സ്വയം നഷ്ടപ്പെട്ട് 
എന്റെ മുറിയുടെ  നാലു ചുവരുകളിൽ 
അഭയം തേടിയെത്തിയ 
മഞ്ഞയും തവിട്ടും നിറമുള്ള ചിത്രശലഭങ്ങൾ
എന്നെ ചൂഴ്ന്നു നിൽക്കുന്ന  
നിശ്ശബ്ദതയുടെ ചെവിയിൽ 
എന്താവും മന്ത്രിച്ചത്‌..? 

ആത്മാവിനെ പറിച്ചെടുത്തു 
കൊണ്ടുപോയ അതിതീഷ്ണമായ 
ഒരു നോട്ടത്തെ കുറിച്ചാവുമോ ..?
അതിന്റെ ചൂടിൽ ഉരുകിയൊലിച്ച 
എന്നെ കുറിച്ചാവുമോ ..?
വരാനിരിക്കുന്ന പൂക്കാലത്തിന്റെ 
ഓർമ്മകൾ പങ്കുവെച്ചതാകുമോ ...?
എനിക്കായി നീ  കരുതി വെച്ച 
നിശാപുഷ്പങ്ങളുടെ നിറത്തെയോ ഗന്ധത്തെയോ  
കുറിച്ചാകുമോ?

അതോ ..നിന്റെ കണ്മുനകൾ വന്നു തട്ടി പടരുന്ന 
എന്റെ കുറി കൂട്ടിനെ കുറിച്ചാകുമോ ?
ശലഭങ്ങളുടെ ചിറകിൽ ഈ കണ്ണുകൾ 
എനിക്കായി നീ ചേർത്ത് വെച്ചതാണോ ..?

നിന്നെ കാണുമ്പോൾ 
എന്റെയുള്ളിൽ അനേകായിരം ചിത്ര ശലഭങ്ങൾ 
കൂടൊഴിയുന്നുണ്ട്  ....!
മഴയൊഴിഞ്ഞു വെയിൽ തെളിയുന്ന 
നിമിത്ത നേരങ്ങളിലെപ്പോഴോ
നിന്നേ തേടിയെത്തുന്ന അവയിലൊന്നിന് 
പോക്കു  വെയിലിന്റെ നിറവും 
മഴയുടെ തണുപ്പുമുണ്ടെങ്കിൽ ...പറയൂ ...!
അത് ഒറ്റപെട്ടു പോയ ഇണയെ തേടുകയാണ് ...!!!

1 comment:

അന്വേഷണത്തിന്റെ അവസാനം
അഭിപ്രങ്ങള്‍ക്ക് ഒരിടം !!