Wednesday, December 2, 2015

വീണ്ടും ഡിസംബർ..





ഏഴു തിരിയിട്ട വിളക്കിനു മുൻപിൽ
ചമഞ്ഞിരിക്കുന്ന ഞാൻ ...
പടർന്നു  തുടങ്ങിയ ചന്ദനക്കുറി
ഇടതു കൈകൊണ്ടു തുടച്ചു
അനുസരണകെട്ട മുടിയൊതുക്കാൻ ശ്രമിച്ചു
വിയർത്തൊലിച്ചു നീ ...
.....................................................

ഉറ്റു നോക്കുന്ന അനേകം കണ്ണുകൾ
 കറികൂട്ടുകളുടെ ഗന്ധം  ...
ചന്ദനത്തിരിയുടെ മടുപ്പിക്കുന്ന പുക..
കണ്ണിലെ  നിലവിളക്കിന്റെ
നാളത്തിൽ നിന്നെ ഒളിപ്പിച്ചു  ഞാൻ ....
...........................................................

കുളിരുണർത്തുന്ന കാറ്റിൽ
ഉലയുന്ന പുളിയിലക്കരമുണ്ടിന്റെ
കോണ്‍ പിടിച്ചു ...
പാറിപറക്കുന്ന മുടിയൊതുക്കാൻ പണിപ്പെട്ടു
മലയിറങ്ങുന്ന നീ ...
.....................................
ആറുമുഴം ചേലയിലെ തടവിൽ
അനങ്ങാൻ  കഴിയാത്ത
അമർഷമൊതുക്കി ....
മറന്നു വെച്ച പാവക്കുട്ടി എന്തെടുക്കയാവും
എന്നോർത്ത് മനസ്സുലച്ചു ഞാൻ .....
................................................................
മറുനാട്ടിലേക്കുള്ള യാത്രയുടെ
തിരക്കിൽ എന്നെ മറന്നു വെച്ചു  നീ ...
ദഹിക്കാത്തതെന്തോ  കഴിച്ച് മനം പുരട്ടി ഞാൻ.........
മടുപ്പിന്റെ മടിയിൽ ലഹരിയിൽ കുതിർന്നു  നീ ...
................................................

പിന്നെ ....

ആകാശത്തിന്റെ അങ്ങേ ചരുവിൽ നിന്ന്
പൊട്ടിയടർന്നു  വീണ ഒരു നക്ഷത്ര കുഞ്ഞ്
അതിനെ  തേടിയിറങ്ങിയ ഒരു കുഞ്ഞി മാലാഖ ...
ഒരു സ്വപനത്തിന്റെ കൂട് ...

.......അനേകം വസന്തങ്ങൾ... മഴക്കൂടുകൾ ...
എരിവെയിലുകൾ ..ആരും ഇഷ്ടപ്പെടുന്ന
എന്തോ ഒന്ന് ഉള്ളിലൊളിപ്പിച്ചുവെച്ച്
വീണ്ടും  ഡിസംബർ ....

Friday, September 25, 2015

നിന്നെ കുറിച്ച് പറയുമ്പോൾ .....

pic frm google



















മഴയാണ് നീ ....!

തുലാ വർഷം  പോലെ
എന്റെ ചേതനയിൽ
പെയ്ത് പെയ്തു
നനഞ്ഞു  കയറുന്നവൻ ....
ഇടവപ്പാതി പോലെ വന്ന്
എന്റെ പരാതി കേട്ട്
പരിഭവം തീർത്തു പോകാൻ
തിടുക്കം കാ ട്ടുന്നവൻ ..
എന്റെ മഴ
......................................................................

പുഴയാണ് നീ ....!
ഉപരിതലത്തിൽ കരുതലിന്റെ ചൂട്
ആഴങ്ങളിൽ സ്നേഹത്തിന്റെ തണുപ്പ്
ഒഴുകുമ്പോൾ നീയുള്ളിൽ തീർക്കുന്നത്
എണ്ണമറ്റ  ഓർമ്മകളുടെ  ജലമർമരം  ...
എന്റെ പുഴ ...
......................................................................

കടലാണ് നീ .....!
സ്നേഹച്ചുഴികൾ  ഉള്ളിലൊളിപ്പിച്ചു
ഗൌരവം നടിക്കുന്നവൻ...
എന്നെ തേടുന്ന  കണ്ണുകളിൽ
സ്നേഹത്തിന്റെ ഒരായിരം തിരകൾ
...............................................................................

അറിയുകയാണ് ..!!
നീ എന്റെ അഞ്ജന കല്ല്‌.......!
എന്നാൽ ....
ചന്ദനം പോലെ അലിയുന്ന ഒന്ന്...!
ഹൃദയത്തിൽ ചേർത്ത് പിടിച്ചു
നിന്റൊപ്പം നടന്ന ദൂരം മതി
ഒരു ജന്മത്തിന്റെ പുണ്യം നേടാൻ.....



Sunday, August 9, 2015

ഒഴിഞ്ഞ കിളിക്കൂടുകൾ





















തുള്ളി തോരാത്ത മഴയുടെ ആരവം പോലെ
ഭയ സംഭീതമായ ഒരു രാത്രി  പോലെ ...
നിമിഷങ്ങളെ നിശബ്ദതയില്‍
നിന്നുണര്‍ത്തി    കത്തി പടരുകയാണ്
നീ അടർന്നു പോകുന്നതിന്റെ വേദന .....
.........................................................
ഉൾതുടിപ്പുകൾ തൊട്ടറിഞ്ഞ്
പുറകിൽ  നിന്ന് ചുറ്റിപിടിക്കുന്ന കൈകൾ ,
മുടിയിഴകളിൽ നനുത്ത സ്പർശം
ഒരു ചിരിയുടെ മണി കിലുക്കം ...
താള തലങ്ങളുടെ പാരമ്യത്തിൽ
നിൽക്കുന്ന ഗാന ശകലങ്ങൾ ...
കാൻവാസിൽ വിരിയുന്ന പ്രതിഭയുടെ പാടവം ........
കാത്തിരുപ്പിന്റെ അവസാനം
എന്റെ കിളിക്കൂട്ടിൽ വന്നുപെട്ട
നവംബറിന്റെ കുളിര് ...
.............................................................................................

കടലാഴങ്ങളിൽ നിന്നുമൊരുനിമിഷം
മണലാരണ്യത്തിലേക്കു  എന്റെ
ചിന്തകളെ കുടഞ്ഞിട്ടുള്ള
നിന്റെ കടന്നു പോക്കുകളിൽ
ഞാൻ പുകയുന്നതെന്തേ ?....
.............................................................................................

പ്രതീക്ഷകളുടെ കടലിന്റിപ്പുറത്ത്
ആഗ്രഹങ്ങളുടെ ചുള്ളിക്കമ്പുകൾ
കൂട്ടി വെച്ച ഈ പഴയ കൂട്ടിലേക്ക്
നിന്റെ വരവും കാത്തിരിപ്പുണ്ടാവും ....
രണ്ടിണക്കിളികൾ.... 

Sunday, June 28, 2015

ഓർമ്മകൾ ഒഴുകുമ്പോൾ ..














ഓർമ്മകൾ ഒഴുകുമ്പോൾ ...
ഉള്ളിൽ ....;

കുടമുല്ല പൂക്കൾ വിരിയുന്ന
തണുത്ത രാത്രിയുടെ മാറിൽ
നക്ഷത്രപൂക്കൾക്ക് നടുവിലുറങ്ങാൻ
മോഹിച്ചു ജാലകവിരിയിൽ
മുഖം പൂഴ്ത്തിയ ഒരേഴു വയസ്സുകാരിയുണ്ട്
........................................................

നിലാപ്പൊട്ടുകൾ നൃത്തം വെക്കുന്ന
തറവാടിൻ മുറ്റത്ത് ഒരു യാത്രമൊഴിയിൽ
പിടഞ്ഞു  ചലിക്കുന്ന കണ്ണുകളിൽ പരിഭവം കുരുക്കി ...
എന്തോകളഞ്ഞത്  പോലെ തലകുമ്പിട്ടിരിക്കുന്ന
ഒരു പതിനാറുകാരിയുടെ പരാതിയുണ്ട് ...

--------------------------------------------------------------------------

ഒഴിവാക്കിയോ എന്നെയെന്നൊരു വേദന
നോട്ടത്തിൽ ഒതുക്കി
ചതഞ്ഞരഞ്ഞ പൂവിതളുകളെ
സഹതാപത്തോടെ നോക്കി
തല കുമ്പിട്ടു പടിയിറങ്ങിയ
ഇരുപതുകാരിയുടെ വിങ്ങലുകളുണ്ട് ..

---------------------------------------------------------------------------

ഉപേക്ഷിക്കപ്പെട്ട വഴികളെ
തണുത്ത രാവുകൾക്കും  ഉഷ്ണം നിറഞ്ഞ
പകലുകൾക്കും  വീതിച്ചു കൊടുത്ത്
ചുവരിൽ ചലിക്കുന്ന  ചക്രത്തിനൊപ്പം
ഓടി തീർക്കേണ്ടി വരുന്ന യൗവ്വനത്തിന്റെ വ്യഥയുണ്ട് ...

ജന്മാന്തരം
















പല ജന്മങ്ങ ളിൽ ഞങ്ങ ൾ കണ്ടുമുട്ടി കൊണ്ടിരുന്നു 
പാറ്റയും പുഴുവായും പൂച്ച യായും നരിയായും ...
ഞങ്ങൾ ജന്മത്തിന്റെ അന്ത്യം തേടിക്കൊണ്ടിരുന്നു 
നാരിയായി ഞാനും നരനായി  അവനും ജനിക്കാൻ 
ജന്മ കടലുകളിൽ കടം കൊടുത്ത നാണയങ്ങൾ അനവധി ...............
....................................................................... പല ജന്മങ്ങളിൽ ഞാൻ പിന്നെയും  അവൻ എനിക്ക് മുൻപേയും   
 ഭൂമിയിൽ വന്നു പോയി ....
കണ്ടു മുട്ടാൻ കഴിയാതിരുന്നപ്പോഴൊക്കെ 
ജന്മത്തിൽ നിന്നു ഒളിച്ചോട്ടം നടത്തി അവൻ ആ കടം തീർത്തു 
ജന്മമൊടുക്കാൻ  ധൈര്യം കിട്ടാതെ .. 
ബലികാക്ക രൂപത്തിൽ  അവനെ ഞാൻ തിരിക വിളിച്ചു...

......................................................................................... മരമായി ജന്മം കൊണ്ട് മടുത്തപ്പോൾ 
മഹാമാരിയായി വിണ്ടു കീറിയ എന്റെ
മാറിലേക്ക്‌  പെയ്തൊഴിഞ്ഞു 
കണ്ടും കാണാതെയും ..അറിഞ്ഞും അറിയാതെയും ..
പരസ്പരം തേടി തേടി ...ഏതോ ജന്മാന്തര തീരത്ത് 



Monday, March 16, 2015

ഒരോർമക്കുറിപ്പ്‌























കണ്ണുകളാണ് അകന്നത് ആദ്യം ..പക്ഷേ
മനസ്സുകൾ ഒട്ടിയിരുന്നു ...
പിന്നെ മനസ്സുകൾ അകന്നു ....
ചോദ്യങ്ങൾ മൂളലുകളിലും
ഉത്തരങ്ങൾ നിരർഥമായ  നോട്ടങ്ങളിലും
വീണുടഞ്ഞു ............

മഴ പാറ്റകൾ ജന്മമെടുക്കുന്ന നനവുള്ള  ഇടവീഥികളിൽ
എന്റെ കണ്ണുകൾ ഇപ്പോഴും തേടുന്നത്
കൊഴിഞ്ഞു പോയ ചിറകു തേടി
അലയുന്ന നിന്നെയാവാം ...

നെടു വീർപ്പുകളെ കെട്ടി തൂക്കിയിട്ട
മേലാപ്പിൽ തറഞ്ഞു പോയ കണ്‍കോണിൽ
നിറഞ്ഞു നില്ക്കാൻ മടിച്ചു
തുളുമ്പി പോകുന്ന ഒരു നീർത്തുള്ളി
എന്നിൽ നിന്ന് നീ വേർപെട്ടു  പോയ
ഒരു നിമിഷത്തെ കടമെടുത്തു....

അപശകുനത്തിന്റെ ഭാണ്ഡം പേറി
മനസ്സിന്റെ ഇടനാഴിയിലെവിടെയോ
പതുങ്ങി ഇരിക്കുന്നുണ്ട്
നീയെന്നിൽ തീർത്ത ശൂന്യതയുടെ
വന്യ നോട്ടങ്ങൾ ...

(പറഞ്ഞു കേട്ടത് പകർത്തിയെടുത്തപ്പോൾ)






Thursday, January 29, 2015















പ്രാരാബ്ധങ്ങളുടെ കൂനിൽ പരിഹാസങ്ങൾ 
ഒളിപ്പിച്ചു വെച്ച്  കൂനി നടന്നു  തീര്ന്ന 
ഒരു  ബാല്യം ....

സൂര്യനെ മോഹിക്കുന്ന മനസ്സിനെ 
ചേലത്തുമ്പിൽ കെട്ടിയിട്ടു 
ഇഷ്ടങ്ങളെ സുഗന്ധ കൂട്ടിൽ  അരച്ചു തീർക്കാൻ വിധിച്ച 
കൌമാരം .........

കുതിര കുളമ്പടികൾ പ്രകമ്പനം തീർക്കുന്ന 
രാജവീഥിയിൽ കുറികൂട്ടുമായി ഒറ്റപ്പെട്ടു പോയ 
ആ പകൽ .....
വേഗതയുടെ പര്യായം പോലെ പാഞ്ഞു വന്ന് അരുകിൽ നിന്ന 
രഥത്തിൽ സൂര്യതേജസ്വാർന്ന ഒരാൾ ...............

സ്വപ്നത്തിലെന്നപോലെ കുറിക്കൂട്ടെന്തിയ കൈകൾ   
മുൻപോട്ട് ...ഒരു തിലകത്തിന്റെ അഭാവമോ ആ നെറ്റിയിൽ ?
കുബ്ജേ ....ആരാണ്‌ വിളിക്കുന്നത്‌ ?
അറിയാതെ ഒരടി പിന്നിലേക്ക്‌ ..വേണ്ട ...കുബ്ജയാണ് ...കൂനിപോയവൾ .....

"കുറിക്കൂട്ടില്ലേ കണ്ണന്"  
ഉള്ളിലൊരായിരം കുബ്ജമാർ ഒന്നിച്ചുണർന്നു 
കണ്ണന്റെ മേഘനിറമാർന്ന മേനി ചന്ദനം ചാർത്താൻ അവർ മത്സരിച്ചു ...
എന്താ വേണ്ടത് കുബ്ജക്ക് ...?
എന്ത് ചോദിക്കും , എനിക്ക് വേണ്ടത് എന്താണ് ...?
ഈ കണ്ണനെ അല്ലാതെ ?

അരികിലേക്ക് ഒഴുകിയെത്തുന്ന നീലമേഘത്തിന് 
അനേകം  കുറി ക്കൂട്ടുകളുടെ സുഗന്ധം 
ചേർത്ത് പിടിച്ചു "ഞാൻ വരും" എന്ന മന്ത്രണത്തിൽ
ജന്മാന്തരങ്ങളിലെ  വ്യഥയുടെ കൂന് നിവരുന്നു  ...
കുബ്ജ കണ്ണന്റെ 'കുറി' 'കൂട്ടാവുന്നു ...

Sunday, January 25, 2015

നീ കടന്നു പോയപ്പോൾ ............
















ഉള്ളിൽ അനേകം തിരയിളക്കങ്ങൾ തീർത്തു
നീ കടന്നു പോയപ്പോൾ 
അഗാധ  ശൂന്യതയിൽ ഞാൻ ഒറ്റപ്പെട്ടു പോയതു പോലെ ...
ഓർമകളുടെ പെയ്തിൽ ഞാൻ  നനയുന്നത് നീ അറിയുന്നുണ്ടോ ?
.........................................................................
അകലെയാണെങ്കിലും   തീ പോലെ ഉള്ളിൽ ജ്വലിക്കുന്നുണ്ട് 
തീവ്രഭാവങ്ങൾ തീർത്ത് നിന്റെ മുഖം ...........
നിന്നെ ഞാൻ തിരയുകയാണ് 
ഒരു കടംകഥയുടെ അപ്പുറത്ത് ......
ഓർമയുടെ  മയിൽ  പീലി കതിരിന്നുള്ളിൽ ..!

..........................................
കാണാപ്പുറത്തു നിന്ന് നീ എന്നെ കാണുന്നുണ്ടാവും  
ത്രിസന്ധ്യയുടെ ഓരോ നിറവിലും 
എന്നെ  തിരയുന്നുണ്ടാവും.
കയെത്തി പിടിക്കാനാവാത്ത ശൂന്യതയിൽ 
ലക്ഷ്യമില്ലാത്ത യാത്രയിൽ എന്റെ 
സ്നേഹ നോട്ടങ്ങൾക്ക്  വേണ്ടി
തുടിക്കുന്നുണ്ടാവും ........   
............................

എന്റെ വീണ്‍വാക്കുകൾ  
ചിതറിത്തെറിക്കുന്ന ചിരികൾ  
പരാതികൾ , പിണക്കങ്ങൾ 
സിന്ദൂര രേഖ പടർത്തിയ 
ചുംബനങ്ങൾ ഇല്ലാതെ 
ഒറ്റപ്പെടലുകൾ നേരിടുന്നുണ്ടാകും .....
......................................
ഞാൻ അതറിയുന്നില്ല എന്ന് നീ
കരുതുന്നുണ്ടാകും ...എങ്കിലും ...
ഞാൻ ഇവിടെയുണ്ട് ...
നിന്റെ സ്നേഹക്കൂട്ടിൽ 
പറക്കമുറ്റാത്ത ഈ കിളിക്കുഞ്ഞുങ്ങൾക്ക്‌ 
ചിറകായി .................


അകാലത്തിൽ പ്രിയപ്പെട്ടവനെ നഷ്ടപ്പെട്ട എന്റെ പ്രിയ കൂട്ടുകാരിക്ക് ..