Saturday, December 24, 2011

മനസ്സേ മടങ്ങുക !!നീ കത്തിക്കുന്ന  ചിരിയുടെ തിരിയുടെ അങ്ങേ തലക്കല്‍
ഞാന്‍ പുകയുകയാണ് ...

എന്റെ വിരല്‍ തുമ്പില്‍ നീ കുരുങ്ങിയ
നിമിഷങ്ങള്‍ എന്നെ ഓര്‍മകളുടെ കാരാഗൃഹത്തില്‍
തടവില്‍ ഇടുകയാണ് ..

നീ എന്നില്‍ നേര്‍ത് പെയ്ത നിമിഷങ്ങള്‍
എന്റെ വിരഹാഗ്നിയില്‍ എണ്ണ പകരുകയാണ് ..

നിന്റെ കണ്ണിന്റെ കറുപ്പ് എന്റെ നിമിഷങ്ങളെ
ഇരുട്ടില്‍ ആഴ്ത്തുകയാണ്‌ ..
  
നീയെനിക്ക് അക്ഷരങ്ങളുടെ
അങ്ങേ തലക്കലെ  അവ്യക്തമായ രൂപമായീ
തീര്‍ന്നിരിക്കുന്നു ...

പതറുന്ന കാല്‍പ്പാടുകള്‍ കൂടി ചേര്‍ത്ത്
നടക്കാന്‍ ശ്രമിക്കുന്ന ഒരു വൃദ്ധന്റെ ചുളിഞ്ഞ രൂപം ...

വാക്കുകള്‍ വീണു മരിക്കുന്ന   
കനലിന്റെ തീചൂടില്‍  എണ്ണ പകര്‍ന്നു നീ നീറുന്ന
ഒരു ഓര്‍മയുടെ അവ്യക്തത സമ്മാനിക്കുന്നു

നിന്റെ  ചിരിയുടെ കാണാക്കയത്തില്‍
എന്റെ കരച്ചിലുകള്‍ കൈകാലുകള്‍ അടിക്കുന്നു

കാത്തിരുപ്പിന്റെ നീണ്ട വര്‍ഷങ്ങള്‍
എന്നില്‍ തീര്‍ത്ത മടുപ്പിന്റെ നിശ്വാസങ്ങള്‍
ഇട തടവിലാതെ പെയ്ത മഴനൂലുകല്‍ക്കൊപ്പം
ഇല്ലാതെ ആകുന്നു ...

മനസ്സേ  മടങ്ങുക ..കാണാ കാഴ്ചകള്‍ പിന്നിലുപേക്ഷിച്ചു
നീ ഇനിയും മടങ്ങുക !!!    

Saturday, December 17, 2011

ആവര്‍ത്തനം

  View Full Size Image
സന്ധ്യയുടെ കവിളില്‍ പ്രണയ വര്‍ണ്ണം
ചാര്‍ത്തി തിരിച്ചു പോകാന്‍ വിധിക്കപ്പെട്ട പകല്‍...

രാവിന്‍റെ കറുത്ത കൈകളില്‍ കിടന്നു പിടഞ്ഞു
മരിക്കുന്ന സന്ധ്യയുടെ  വേദന ..

മഴയുടെ കുളിരില്‍ മുഖം കറുപ്പിച്ചും
കാറ്റിന്റെ വരവില്‍ വീണ്ടും ചിരിച്ചും
മേഘസംഗീതം ...

പകലിന്റെ വീണ്ടുവരവില്‍  
കണ്ണുകള്‍ ചുവപ്പിച്ചു രാവിന്‍റെ ഉരുകി തീരല്‍ ...

സൂര്യനെ തേടുന്ന താമരയുടെ
വിരഹത്തിന്റെ ഉള്ളില്‍ .....
ഒരിറ്റു പ്രണയം തേടി
അന്ത്യം വരിക്കുന്ന  വണ്ടിന്റെ അവസാന
സംഗീതം ...

ഒഴുകുന്ന്ന ദിനങ്ങളുടെ തനിയാവര്‍ത്തനം !!!

Monday, December 5, 2011

എങ്ങനെ പറയും .....?

എന്നില്‍ നിന്ന് അവനെ വിലക്ക് വാങ്ങി
തളച്ചിട്ട പച്ച നോട്ടുകള്‍ക്ക്
എന്റെ നഷ്ടനിമിഷങ്ങളുടെ മണം ആണ് എന്ന്
ഞാന്‍ എങ്ങനെ പറയും ..?

അവന്റെ നേട്ടങ്ങളുടെ പടിയില്‍ എന്റെ
സ്വപ്നങ്ങളുടെ ശവ കല്ലറ തീര്‍ന്നത്
പറയാതെ അവന്‍ എങ്ങനെ അറിയും ..?

എന്നിലേക്ക്‌ ഞാന്‍ ഒതുങ്ങിയ ദിനങ്ങള്‍ക്ക്‌
മുകളില്‍ പെയ്യാന്‍ അവന്റെ വിയര്‍പ്പിന്റെ ചന്ദന ഗന്ധം
ഉണ്ടായിരുന്നു എന്ന് അവന്‍
അറിയുന്നുണ്ടാകുമോ ..?  

നേട്ടങ്ങള്‍ക്ക്‌ മുകളില്‍ കുരുങ്ങിയ കണ്ണുകളില്‍
എന്റെ അവ്യക്തത നിറഞ്ഞ രൂപം
തെളിയുന്നുടകുമോ ..?

എന്റെ വാക്കുകളില്‍ കുരുങ്ങുന്ന
നഷ്ടബോധം നിന്നെ തേടുകയാണ്
എന്ന് ഞാന്‍ എങ്ങനെ പറയും .....?

Tuesday, November 22, 2011

നര!!കറുപ്പിന്റെ അഗാധതയില്‍ വെളുപ്പിന്റെ ആധിപത്യം
ഉറപ്പിക്കാന്‍ നരയുടെ അനുവാദം ഇല്ലാത്ത കടന്നു കയറ്റം!!

ആരോ തീര്‍ത്ത അതിര്‍ വരമ്പുകളില്‍ ഉടക്കിയ ജീവന്റെ പുസ്തകം
മടക്കാന്‍ കാലമാകുന്നു എന്ന ഓര്മ പെടുതലിനു
അടിവരയിട്ടു കൊണ്ട് അതിക്രമിച്ചു കടന്ന
നരയുടെ അക്രമത്തിനു  മുകളില്‍
ചായം വാരി പുരട്ടി പിടിച്ചു നിര്‍ത്തുന്ന
ജീവന്റെ പച്ചപ്പ്‌  നോക്കി നരയുടെ ചിരി ...!!

അനുഭവങ്ങള്‍ ചുഴി തീര്‍ത്ത നെറ്റിയോടു
അകലം തീര്‍ത്തു  പ്രതി ബിംബത്തില്‍ കാലപ്പഴക്കത്തിന്റെ
ചുളിവുകള്‍ തീര്‍ത്തു....
അനുഭവങ്ങളുടെ വെള്ള വര ഒന്നായീ...
രണ്ടായീ അനേകം ആയീ ആയുസ്സിന്റെ
താളുകള്‍ ചീന്തിക്കൊണ്ടേ ഇരിക്കുന്നു         
 !!

Friday, November 4, 2011

തൊട്ടാവാടി !!!


മുള്ളുകള്‍ കൊണ്ടുതീര്ത്ത മേനിയില്‍
അഴകാര്‍ന്ന പൂക്കള്‍ വിരിയിക്കാന്‍
വടക്കന്‍ കാറ്റിന്റെ കൈകള്‍
എത്താന്‍ അവള്‍ കാത്തു നിന്നു...

തൊട്ടവരിലൊക്കെ കുറുമ്പിന്റെ
കൂര്‍ത്ത മുള്ളുകള്‍ കൊണ്ട് മുറിവേല്‍പ്പിച്ചു 
കുഞ്ഞിപൂക്കളെ ഇല ചാര്‍ത്തില്‍ഒളിപ്പിച്ചു  അനേകം 
സൂര്യാസ്തമനങ്ങള്‍ തള്ളി നീക്കി...

പെരുമഴ പെയ്ത ദിനങ്ങള്‍ താണ്ടി
പകലിന്റെ കാഠിന്യം  താണ്ടി ..
വസന്തത്തിന്റെ വരവിനു വേണ്ടി   
മിണ്ടിയും പറഞ്ഞും കടന്നു പോകുന്ന
എല്ലാവരോടും പിണങ്ങിയും നാണിച്ചു
 തലകുമ്പിട്ടും  തൊട്ടാവാടി പെണ്ണ് കാത്തിരുന്നു..
കാത്തിരുപ്പിനോടുവില്‍..
തീഷ്ണതയുടെ കൊടും കാറ്റയീ  വടക്കന്‍ 
കാറ്റെതി  ..അവളുടെ സ്വപ്നങ്ങല്‍ക്കുമേല്‍
താണ്ടവമാടി  ...അവളെ വേരോട് പിഴുതു
വന്യമായ   ശൂന്യതയില്‍  തള്ളി തിരിഞ്ഞു നോക്കാതെ
തിരിച്ചു പോയീ ....
   

Thursday, October 27, 2011

ദേഹി ...!!!

 
ദേഹത്തിനുള്ളില്‍  തീരാ തടവിന്റെ അന്ത്യ കാലം തേടി
ദേഹിയുടെ നെടുവീര്‍പ്പ് ..
നിറം മങ്ങി അവിടിവിടെ ചേര്‍പ്പുകള്‍ തീര്‍ത്ത
ഉടുപ്പ് പോലെ അവനെ പൊതിഞ്ഞ് ദേഹത്തിന്റെ
പിടി കൊടുക്കാത്ത കാത്തിരുപ്പ് ...
 
ജീവന്റെ ചൂടില്‍ പിടിയോതുക്കാനുള്ള
ഒരു രോഗത്തിന്റെ ..പഴുത് തേടി ..
ഒരു  അകസ്മികതയുടെ  പേര് നല്‍കി
ഒരു ആക്രമണത്തിന്റെ അന്ത്യ വിധി നല്‍കി
ദേഹിയെ കൂടെ കൂട്ടാന്‍  
തണുത്തുറഞ്ഞ മരണത്തിന്റെ കൈകള്‍ക്ക് വെമ്പല്‍
 
വിലയില്ല വാക്കുകള്‍ വിലപിച്ച്
തീര്‍ക്കുന്ന മുഖങ്ങള്‍ക്ക് നേരെ
വിലയില്ലതൊരു നോട്ടമുതിര്‍ത്ത്
അഗ്നിയില്‍ വിറകയീ എരിയുന്ന  
പഴയ കുപ്പായത്തില്‍ ഒരു നുള്ള് മണ്ണ്
പറത്തിയിട്ട് ..പുതിയൊരു കുപ്പായത്തിന്റെ
സുഖമാര്‍ന്ന ഓര്‍മയിലേക്ക്  ദേഹിയുടെ
അവസാനമില്ലാത്ത യാത്ര ....

Saturday, October 22, 2011

മറക്കുക !!!


മഴയായീ ഞാന്‍ പെയ്ത സായന്തനങ്ങള്‍ നീ മറക്കുക
വിതുമ്പുന്ന ചുണ്ടുകള്‍ പുലമ്പിയ
വിലയില്ലാ വാക്കുകള്‍ മറക്കുക...
നനഞ്ഞ നാലുമണിപ്പൂക്കള്‍ നിരന്ന ഒറ്റയടി പാത മറക്കുക ...


വിരഹത്തിന്റെ വേദന 
മഷി പടര്‍ത്തിയ കുറി മാനങ്ങള്‍ 
മറവിയുടെ കയത്തില്‍ കുതിര്‍ത്തു വെയ്ക്കുക..
ചിലമ്പുന്ന വാക്കിനെ അക്കങ്ങളുടെ
അവസാന കളത്തില്‍ തടവിനിടുക!!!
  
എഴുതാന്‍ മറക്കുക ..എഴുത്താണി 
പിടിയിലൊരു യക്ഷിയുടെ അവസാന 
ശ്വാസം കുരുക്കുക...

പ്രതീക്ഷയുടെ അവസാന നിമിഷത്തെ 
നേത്രാഗ്നിയില്‍ എരിക്കുക
ഓര്‍മകളെ മുക്കി കൊന്നു
നിറമുള്ള ദ്രാവകത്തില്‍ കാഴ്ചക്ക് വെക്കുക ..
നിന്നില്‍ നീ മരിക്കുവാന്‍ എല്ലാം മറക്കുക
.................oo....................


Saturday, October 8, 2011

കഥാന്ത്യം !!!


തുടക്കം വര്‍ണ പൊലിമ ഏറിയ
ഒരു ദിനം ആയിരുന്നു ..
ആഘോഷങ്ങള്‍ക്ക് തുടക്കം
കുറിച്ച് ആര്‍പ്പുവിളികള്‍ ഉയര്‍ന്നു
ഞാന്‍ മുന്‍പേ ഞാന്‍ മുന്‍പേ എന്ന്
ആളുകള്‍ മത്സരിച്ചു കൊണ്ടേ ഇരുന്നു...


തുടക്കം ഭംഗി ആക്കിയതിന്റെ..
ആലസ്യത്തില്‍ കഥയുടെ മധ്യം കേള്‍ക്കാന്‍
ആളുകള്‍ കുറഞ്ഞു ...!!
ആര്‍പ്പുവിളി ഇല്ലാതെ..
ആഘോഷം ഇല്ലാതെ മധ്യ ഭാഗം ഒരു വിധം
ഇഴഞ്ഞു വലിഞ്ഞു മുന്നേറി

കഥാന്ത്യം

കലാസ കൊട്ടില്ലാതെ....കഥ കേള്‍ക്കാന്‍
ആരും അവശേഷിക്കാതെ....വിജനമായ രാവിന്‍റെ
ഒടുവില്‍ തേങ്ങ മുറിയുടെ
അടര്‍ന്ന ആദ്യ പകുതിയില്‍  കത്തിച്ചു വെച്ച 
കരിന്തിരി പുകയില്‍
കഥാന്ത്യം ......
Saturday, October 1, 2011

വനപര്‍വ്വം

 
പറഞ്ഞത് പാഴ്  വാക്ക്‌ ആകാതിരിക്കാന്‍
കല്ലുകള്‍ നിറഞ്ഞ മുള്ളുകള്‍ വളരുന്ന വഴിയില്‍ കൂടി 
നീ വീണ്ടും നടക്കുക ..
 
നിന്റെ കാഷായ വസ്ത്രത്തിന്റെ  തുമ്പില്‍
അധികാരത്തിന്റെ  താക്കോല്‍ കൂട്ടം
കെട്ടിയിടുക
 
മരവുരി മറക്കുക ..ദയ എന്നാ വസ്ത്രത്തില്‍ 
നിന്നെ പൊതിയുക..കടമകള്‍ തലമുകളില്‍ 
കെട്ടിയോതുക്കുക   
 
അറിവിന്റെ പുസ്തക കൂട്ടത്തില്‍ ഒരു
ഒരു ചിതലിന്റെ പൈദാഹം ഓടുങ്ങുവാന്‍
കനിവിന്റെ  അവല്‍ തരി ബാക്കി വെക്കുക
 
ഒഴിയുന്ന കമന്ടലുവില്‍   ഒരു
ഗംഗക്കു ജന്മം കൊടുക്കുക 
 
അരിയേണ്ട ജന്മങള്‍...അറിവിന്റെ
അഗ്നിയില്‍ ശുദ്ധി വരുത്തുക  ...അരിയിട്ട് വാഴ്ത്തുക..
 
ഈ വന പര്‍വ്വം 
മറ്റൊരു വിന പര്‍വ്വം ആകാതെ കാക്കുക  .....    

Friday, September 23, 2011

വിജനതമറവിയുടെ  വേരുകള്‍ക്കിടയില്‍ ഉടക്കി പോയ
കവിതയുടെ കുറിമാനം തിരഞ്ഞു  പിടിച്ചും
സമയം കൊന്നും  പകലുകളെ തിന്നും  
കൂര്‍ത്ത ചുണ്ടുകള്‍ കൊണ്ട്  തൂവല്‍ മിനുക്കിയും 
വീണ്ടും വിജനത എന്നില്‍ ചിക്കി ചിതഞ്ഞു..

നിറ മണ്ണിന്‍  മാറില്‍ കുഴിച്ചിട്ട ഓര്‍മ്മകള്‍ 
മഞ്ഞച്ച ചിറകു വെച്ച് പറന്നു പൊങ്ങി
അവയുടെ അഗ്നി ചിറകുകളുടെ ജ്വാലയില്‍
ഒരു അമാവാസി രാത്രി എരിഞ്ഞു  തീര്‍ന്നു

പേരറിയാതെ എന്നില്‍ നിറഞ്ഞ വിഹ്വലതയുടെ
അതിര്‍ത്തിയില്‍ തേരട്ടകള്‍ കൂടുതേടി ഇഴഞ്ഞു നടന്നു
വെളിച്ചത്തിന്റെ പഴുതു തീര്‍ത്തു പറന്നു നടന്ന
മിന്നമ്മിന്നികള്‍ രാപ്പാടികളുടെ പാട്ടില്‍ --
ഉയിരിന്റെ അന്ത്യ താളം തേടി ..

എന്നെ ചൂഴ്ന്നു നിന്ന വിജനതയുടെ 
ചുഴിയില്‍ എന്റെ ജരപിടിച്ച
ചിന്തകള്‍ മുങ്ങി മരിച്ചു ...
Wednesday, September 14, 2011

മഴമരത്തിന്റെ കുട്ടി !!!
അവനു മഴ ക്കാറിന്റെ നിറമായിരുന്നു
അവന്റെ നിസബ്ദതകളില്‍ മഴയുടെ തണുപ്പും..
കനവിന്റെ കോണില്‍ അവനിരുന്നിടത്
ഒരു മയില്‍ പീലി മാനം കാണാതെ ഒളിച്ചിരുന്നു..

അവന്റെ ഓടക്കുഴല്‍ നാദത്തില്‍
വിരഹത്തിന്റെ... വേദനയുടെ
സ്വരം കനത്തിരുന്നു....അവന്‍ പെയ്യുമ്പോള്‍ 
മഴമരത്തിന്റെ കൊമ്പുകള്‍  ഉലഞ്ഞിരുന്നു 

പെയ്തു തീരാതെ  അവനില്‍ നിറഞ്ഞത്‌ പിച്ചകതിന്റെ മണം
ആയിരുന്നു ...
മൂവന്തി അവന്റെ വരവും കാത്തു
വിളക്ക് വച്ചിടത്ത് മുക്കൂറ്റി  
സ്വര്‍ണം തേച്ചു മിനുക്കിയിരുന്നു.....
മഴമരത്തിന്റെ കുട്ടിയുടെ വരവിനായി
തുലാ പെണ്ണ്  കണ്ണെഴുതി  കാത്തു നിന്നു  ....
 


Friday, September 9, 2011

കഴുതയുടെ ചിരിചുമടുതാങ്ങി മടുത്തു ജീവിതം അവസാനിപ്പിക്കാന്‍
ഇറങ്ങിത്തിരിച്ച കഴുത ഒരു തിരക്കേറിയ വീഥിയില്‍
ചെന്ന് പെട്ടു...തലങ്ങും വിലങ്ങും ഓടുന്ന ഏതെങ്കിലും
വാഹനത്തിന്റെ മുന്‍പില്‍ ചാടാന്‍ അവസരം കാത്തു നിന്ന
കഴുതയ്ക്ക്  ചുവന്ന നിറത്തിന് മുന്‍പില്‍
നിശ്ചലമായ തെരുവ്  ഒരു ചോദ്യ ചിഹ്ന മായീ
കഴുത ഒരു ചിരിയില്‍ ആ വഴി താണ്ടി.....

വെളുപ്പും കറുപ്പും ഇട തീര്‍ന്ന ഒരു പാതയില്‍
എല്ലാവരെയും പോലെ നിരങ്ങി നീങ്ങി തെരുവിന്റെ അന്ത്യം തേടി
നടന്ന കഴുത നീണ്ടു നിവര്‍ന്നു ഒരു റെയില്‍ പാളത്തില്‍   കിടപ്പായീ
പാളം തെറ്റി ഓടിയ തീവണ്ടി നോക്കി ദീര്‍ഘ നിശ്വാസം ഉതിര്‍ത്തു കഴുത വീണ്ടും ചിരിച്ചു

നിറഞ്ഞ ഒഴുകിയിരുന്ന പണ്ടത്തെ പുഴ തേടി കഴുത
നാട്ടിന്‍ പുറത്തേക്കു യാത്രയായീ ...
പുഴയുടെ അസ്ഥി കഷ്ണങ്ങള്‍  മാത്രം  കണ്ട കഴുത
ചിരിയുടെ ചീന്ത് ഒരു വിതുമ്പലില്‍ ഒതുക്കി
തിരിഞ്ഞു നടന്നു ..ഭാരം ചുമക്കാന്‍ മറ്റൊരു
പകല്‍ തേടി..ഔര്‍ പരിഹാസച്ചിരിയുമായീ...
     

 

Monday, September 5, 2011

ചൂണ്ടു പലക

വഴിയുടെ  അന്ത്യത്തില്‍ എങ്ങോട്ട് പോകും
എന്ന് പകച്ചു നില്‍ക്കുപോള്‍ ചൂണ്ടു പലക
ഉള്ളില്‍ ആശ്വാസത്തിന്റെ തിര തള്ളല്‍ തീര്‍ക്കുന്നു

വഴി പരിചയമായാല്‍ ചൂണ്ടു പലക എന്തിന്..?
അത് അനാവശ്യമായ ഒരു അലങ്കാരം പോലെ
തോന്നിതുടങ്ങും ...
വീണ്ടും വഴികള്‍ വെര്‍പെടുന്നിടത്പകച്ചു നില്‍ക്കുപോള്‍
മറ്റൊരു ചൂണ്ടു പലക..
വേര്‍പെട്ട വഴികള്‍ കൂട്ടി മുട്ടുന്നിടത്
അതിന്റെയും ആവശ്യം തീരും ..

അനേകം വഴി പോക്കര്‍ക്ക്
വഴികട്ടിയായീ നിന്ന ചൂണ്ടു പലക
ഒരു ദിനം പെരും മഴയിലോ
കാറ്റിലോ പെട്ട്   നിലം പതിക്കും ...
പിന്നെ പുതിയ ചൂണ്ടു പലകകള്‍
അവയുടെ സ്ഥാനം ഏറ്റെടുക്കും    ...
അതും അല്ലെങ്കില്‍ ദിശ തെറ്റി ചലിക്കുന്നവര്‍ക്ക്
ചൂണ്ടു പലകകള്‍ അവശ്യം ഇല്ലാതെ
കാലം വരും....
 

Friday, July 29, 2011

വേനല്‍


View Full Size Image
എരിയുന്ന  പകലിന്റെ കയ്യില്‍
പിടയുന്ന ഭൂമിയുടെ ഉള്ളില്‍
തിരതള്ളി ആര്‍ക്കുന്ന ലാവ...
അകവും പുറവും കരിക്കുന്ന
വേനലിന്റെ അഗ്നി താണ്ടവം...

കനലായ് പെയ്യുന്ന..
സൂര്യ തേജസ്സില്‍
ഇരുട്ടിന്റെ കാട്ടാളന്‍
ദഹിക്കുന്ന ഗന്ധം ....

വിഴുങ്ങുന്ന അഗ്നിയുടെ
ചൂടാര്‍ന്ന ജ്വലകളില്‍ അമരുന്ന
ചിന്തകളുടെ ജ്വലിക്കുന്ന
നീലനിറം ..
തീരുന്ന പകലിന്റെ കണ്ണുകളില്‍
വേദനയുടെ ചുവപ്പ് ...
Friday, July 1, 2011

കാഞ്ചന ശില ...


ജനിക്കാന്‍ ഭൂമിയുടെ ഗര്‍ഭ പാത്രം നിയോഗ മാക്കിയവള്‍ ....     
വിളിക്കാന്‍ അച്ഛന്റെ മുഖം കടം കൊണ്ടവള്‍..    

കാടേറി തിരിഞ്ഞു നോക്കാതെ മുന്‍പെ നടന്നപ്പോള്‍
കൂട്ടായീ നിഴല്‍ പറ്റി പുറകെ നടന്നവള്‍

കാലത്തിന്റെ നിയോഗം തീര്‍ക്കാന്‍
അഗ്നിയില്‍ ഒളിക്കാന്‍ വിധിക്കപ്പെട്ടവള്‍

കവികള്‍ക്ക് പാടാന്‍ പതിവൃത്യത്തിനു പുതു 
നാമം കുറിച്ചവള്‍ ...

തീവ്രതയേറിയ  രാവണ ശരങ്ങള്‍
നേത്രാഗ്നിയില്‍ ദഹിപ്പിച്ചവള്‍

ഒരു പൊഴി  വാക്കിന്റെ നിഴലില്‍
കാട്ടിലുപെക്ഷിക്കപ്പെട്ട   സ്ത്രീത്വം ...

അവളെ വാമ ഭാഗത്തിരുത്താന്‍  
കാഞ്ചന ശി ലയാക്കി  മാറ്റണമോ ..? 

നിന്നെ ഹൃദയത്തില്‍ പേറി എന്ന തെറ്റിന്
അവളുടെ ഹൃദയതാളം ശിലയില്‍
തടവിനിടെണമോ..?
 

Thursday, June 2, 2011

ബന്ധങ്ങള്‍ !!!ബന്ധങ്ങള്‍ അങ്ങനെ ആണ്
വായിച്ചു തീര്‍ന്ന ഒരു പുസ്തകം പോലെ....
കാലപ്പഴക്കത്താല്‍ നിറം മങ്ങും...
 
വായിച്ച്‌ അറിയാന്‍ ഒന്നും അവശേഷിക്കാതെ... 
പഴകി ചിതലരിച്ച.
ഒരു പഴയ പുസ്തകത്തിന്റെ താളുകള്‍ പോലെ...
അവ മഞ്ഞ നിറ മാര്‍ന്നു  ദ്രവിച്ചു എന്നാല്‍  പുറം ചട്ടയുടെ
കരുത്താര്‍ന്ന പിടിയില്‍ നിന്നു
രക്ഷ  പെടാന്‍ ആകാതെ.....
വിലപിക്കണോ വിതുമ്പാണോ  കഴിയാതെ
ഏതെങ്കിലും മൂലയില്‍ പൊടിപിടിച്ചു 
ഒടുങ്ങും  ....
 
അതും  അല്ലെങ്കില്‍ തൂക്കി വില്‍ക്കപ്പെട്ടു
ഏതെങ്കിലും ചന്തയിലെ ചീഞ്ഞ മൂലയില്‍
അവശ്യക്കാരനെ  കാത്ത്... കുറെനാള്‍...
അവസാനം ....
ചുരുട്ടി എറിയപ്പെട്ടു ആര്‍ക്കും വേണ്ടാതെ 
അവസാനിക്കും  !!!   

Sunday, May 29, 2011

വേര്‍പാട്‌ ....മഞ്ഞ നിറം ബാധിച്ചു ചുളുങ്ങിയ
ദേഹം ഉപേക്ഷിച്ചു മണ്ണ് ആയീ തീരാന്‍ മടിയുണ്ടായിട്ടല്ല...
തെക്കന്‍ കാറ്റിന്റെ കൈകളില്‍ ഇനി ഉഞ്ഞാലടാന്‍
കഴിയാത്തത് കൊണ്ട് ...

ഇടിവെട്ടി പെയ്യുന്ന മഴയില്‍
അമ്മ മാറോടു ചേര്‍ത്ത് പിടിച്ചു
വീഴാതെ  നിര്‍ത്തിയ പകലുകള്‍ ...
 ഇനി തിരിച്ചു വരാത്തത്   കൊണ്ട് ...

കുഞ്ഞിക്കിളികള്‍ കൂടുകെട്ടിയ ചില്ലയില്‍
പാട്ട് കേട്ടുറങ്ങാന്‍ ഒരു പകല്‍ ബാക്കി ഇല്ലാത്തതു കൊണ്ട്....
താഴേക്കുള്ള പതനത്തിന്റെ അവസാന നിമിഷവും കാത്തു
ത്രിസങ്കു   സ്വര്‍ഗത്തില്‍  നിന്ന പഴുത്തില
പച്ചിലകളെ കണ്ണ് ചിമ്മാതെ നോക്കി..

കൈകൊട്ടി പാട്ടിന്റെ ഈണം പോലെ
അവയുടെ കലപില സബ്ദം കാതില്‍
മുഴങ്ങിയപ്പോള്‍ കാറ്റിന്റെ കൈപിടിച്ച്
താഴേക്ക്‌... ഭൂമിയുടെ നിറ മാറിലേക്ക്‌...
ആ പഴുത്തില പറന്നിറങ്ങി ...
 
കാലുകള്‍ക്കിടയില്‍ പെട്ട് ചതഞ്ഞ് അരഞ്ഞു ..
ആരും കാണാതെ മണ്ണിന്റെ നിറമാര്‍ന്നു   കാലങ്ങളോളം കിടന്നു
അവസാനം മണ്ണ് ആയീ  ഭൂമിയുടെ മാറില്‍ അലിഞ്ഞു ചേര്‍ന്നു ...
 

Tuesday, May 24, 2011

വിശക്കുന്ന കണ്ണുകള്‍

അവയുടെ ചിറകുകള്‍ക്ക് അഗ്നിയുടെ
തീഷ്ണതയായിരുന്നു പൊള്ളുന്ന
വേനലിന്റെ  കറുത്ത നിഴല്‍ പോലെ
അവയെന്നെ പിന്‍തുടര്‍ന്നു....

ചാരം മൂടി വിറങ്ങലിച്ച
എന്തോ മറഞ്ഞു കിടക്കുന്ന അവയുടെ
ഉള്ളില്‍ നിന്നു ചാട്ടുളി പോലെ
എന്നെ തേടി  കത്തി ആളുന്ന വിശപ്പിന്റെ  വിളി....

എന്റെ ചിന്തകള്‍ വളമാക്കി
ആകാശം മുട്ടെ വളര്‍ന്നു നില്‍ക്കുന്ന
ആ വന്‍ മരുതിനെ എരിക്കാന്‍
തീ തുപ്പി അടുക്കുന്ന തീഷ്ണതയുടെ
പൊള്ളുന്ന ചൂടിലേക്ക്
പെയ്തിറങ്ങുന്ന എന്നിലെ  സഹിഷ്ണുതയുടെ
മഴ മേഘങ്ങള്‍...   
എന്റെ ആത്മദാഹത്തിലേക്ക് തണുപ്പായീ
അവ പെയ്തു തീരട്ടെ ...

എന്റെ ഓര്‍മകളെ കാര്‍ന്നു തിന്നു
വിശപ്പടക്കുന്ന അവയുടെ   തളരുന്ന
ചിറകുകള്‍ക്ക് താങ്ങായീ ...ചലിക്കാത്ത തണല്‍ .....        
തീര്‍ത്തു ആ വമ്പന്‍ മരുത് മാത്രം ദഹിക്കാതെ
നില്‍ക്കട്ടെ !!!

Friday, May 13, 2011

ഇന്നലെകള്‍ ....
പാഴ്മരങ്ങള്‍ നിരന്നു നില്‍ക്കുന്ന
പാതയുടെ അന്ത്യത്തില്‍
പായലും പന്നലിന്റെ സ്വകാര്യതയും നിറഞ്ഞ
ആ പഴയ കുളക്കരയില്‍...

അഴുകിയ താന്നി ഇലകളുടെ
മടുപ്പിക്കുന്ന ഗന്ധം വഹിക്കുന്ന
കാറ്റിന്റെ കൈകളെ തട്ടിമാറ്റി 
ഇലഞ്ഞിപ്പൂമണം ഒഴുകിയിരുന്ന
ഇന്നലെ യുടെ ഓര്‍മകളിലേക്ക്
കൂപ്പു കുത്തുന്ന എന്റെ മനസ്സിനെ
അടക്കിപ്പിടിച്ചു  നഷ്ട പ്പെട്ട
എന്തിനയോതേടി സ്വയം
മറന്നു അല്പ നേരം ...

ഈ കല്പടവുകളിലാണ്‌
എന്റെ ചിലങ്കകള്‍ നഷ്ടപ്പെട്ടത്...
ഇലഞ്ഞി പൂക്കളുടെ  മണം ഉള്ള
എന്റെ  ഇന്നലെകള്‍ മുങ്ങിമരിച്ചത് ഇവിടെയാണ്...

പച്ചനിറ മാര്‍ന്ന  ഈ നിശബ്ദതയുടെ   
ഹൃദയത്തിലെയിടെയോ ചിപ്പിയില്‍
അമൂല്യമായ ഒരു മുത്ത്‌  പോലെ 
എന്റെ സ്വകാര്യത മയങ്ങി കിടക്കുന്നുണ്ടാകും..
     

Sunday, May 8, 2011

നഷ്ട സ്വപ്നം

 
പുറത്തേക്കു തുറക്കുന്ന ജാലകങ്ങള്‍ ഉള്ള..
ആ വീടിന്റെ വരാന്തയില്‍ പെറുക്കിക്കൂട്ടിയ 
കുന്നിമണികള്‍ എണ്ണി തിട്ടപ്പെടുത്തുന്ന തിരക്കില്‍
വര്‍ഷങ്ങള്‍ എന്നെ തനിച്ചാക്കി ഓടിയും നടന്നും പടിയിറങ്ങി..
 
വിറങ്ങലിച്ച ചുവരുകളില്‍ പായലുകള്‍ എന്റെ
നഷ്ടസ്വപ്നത്തിന്റെ ചിത്രം കോരിയിട്ടു
പൂക്കാന്‍ മടിച്ച തേന്മാവിന്റെ കരിഞ്ഞുണങ്ങിയ ചില്ലകളില്‍
തൂക്കണാം   കുരുവികള്‍ കൂടുകെട്ടിയാടി  ... 
 
പൊട്ടിയടര്‍ന്ന മേല്‍ക്കൂരയിലൂടെ ഇടവപ്പാതി 
എന്നെ നോക്കി കരഞ്ഞു..
എന്റെ നിശാ ഗാന്ധി പൂക്കളെ വിരിയിക്കാന്‍
പൌര്‍ണമി മാനത്ത്‌ മടിച്ചു നിന്നു...
 
നഷ്ട സ്വപ്നങ്ങള്‍ തുറന്നിട്ട ജാലക വാതിലിലൂടെ
ചിറകുകള്‍ വീശി പറന്നു പോയീ ...

Friday, May 6, 2011

ഹൃദയതാളം

കല്ലായീ കഴിഞ്ഞ ദിനങ്ങളില്‍ 
ഉള്ളില്‍ മുഴങ്ങാതിരുന്ന ഹൃദയതാളം 
കുങ്കുമ നിറമാര്‍ന്ന ഒരു കാല്‍ പാദത്തിന്റെ
സമീപ്യത്തില്‍ തെറ്റി മിടിക്കാന്‍ തുടങ്ങിയിരുന്നു ..
കരിമേഘതെ തോല്‍പ്പിക്കുന്ന 
രൂപ ഭംഗിയുടെ    ഓര്‍മയില്‍ മനം ഉരുക്കി 
നൂറ്റാണ്ടുകള്‍ ശില ആയീ നിന്നവള്‍ക്ക് 
പറയാന്‍ പതിവൃത്യത്തിന്റെ പിന്ബലമോ ..?
  
താളം തെറ്റിതുടങ്ങിയ  ഹൃദയത്തിന്റെ  പിടച്ചിലില്‍
തേടിയെത്തും...!!! എന്ന നിന്റെ വാക്കിന്റെ പിന്‍ബലം
മരമഞ്ഞിന്റെ കുളിര് പോലെ ഉള്ളില്‍ നിറയുന്നു..
വേണ്ടാ എനിക്കൊരു   ശാപ മോക്ഷം...
ആ കണ്ണുകളിലെ തീഷ്ണ വികാരത്തിന്റെ പൊരുള്‍ തേടി.
നിന്റെ ഗന്ധത്തില്‍ ലയിച്ചു ..
നിന്നെ ധ്യാനിച്ച് കഴിയാന്‍ ...
ഈ കാനനത്തില്‍ എനിക്കൊരു ശിലാ ജന്മം കൂടി വേണം..
ഏതെങ്കിലും ബോധി വൃക്ഷം എനിക്ക് തണല്‍ ആകട്ടെ..!!
അത് മ നിന്ദ യുടെ   മുനിവേഷം കെട്ടിയ  
പകലുകള്‍ താണ്ടാന്‍ താളം തെറ്റി നിനക്കുവേണ്ടി
മിടിക്കുന്ന ഈ ഹൃദയത്തിനു കാവലായീ
ഒരു രാമാസ്ത്രം എങ്കിലും തരിക ..
അഹല്യക്ക്‌ ശില ആയീ നില്ക്കാന്‍
അത് താങ്ങകട്ടെ ....
    

Wednesday, April 13, 2011

വിഷുവീനേ തേടി
വിഷു പക്ഷി ചിലക്കാത്ത ഒരു നാട്ടില്‍....
സ്വര്‍ണ വര്‍ണമാര്‍ന്ന പൂവുകള്‍ വിലകൊടുത്തു വാങ്ങി ...
കൈനീത്തിന്ടെ കണക്കുകള്‍ കൂടിയും കിഴിച്ചും..
കണ്ണന്റെ കണ്ണില്‍ കണ്ട നനവു കണ്ടില്ലാന്നു നടിച്ചും
മറ്റൊരു വിഷുക്കാലം..

പൂക്കൊന്ന പൂത്ത വഴിയില്‍ ..
പൊഴിഞ്ഞ് വീണ് പോയ ഓര്‍മകള്‍...
കൊത്തിതിരഞ്ഞു വിഷു പക്ഷി പാടാന്‍ മറന്നിട്ടുണ്ടാകും...

ചില്ലകള്‍ക്കപ്പുറത്ത് കാണാന്‍  ഒളിച്ച്‌ നിന്ന്
എന്റെ വിഷു പുടവ ഇളക്കാന്‍ കഴിയാത്‌...
കാത്ത് മടുത്ത കാറ്റും മടങ്ങി പോയിട്ടുണ്ടാകും...

പഴ മാങ്ങ തേടി ലഞ്ഞോരു അണ്ണാര കണ്ണന്‍
പുതു മേടകള്‍ക്കിടയില്‍ ഇടയില്‍ വഴി തെറ്റി കരയുന്നുന്ടാകും..

വിഷു കൈനീട്ടാം ഇല്ലാതെ വിശക്കുന്ന വയറുമായീ
എന്റെ കളീക്കൂടുക്ക മുഖം താഴ്ത്തി
ഇരിക്കുന്നുന്ടാകും...

വിഷുവീനേ തേടി എന്റെ മേടമാസപുലരികള്‍
അലയുകയാണ്‌ ...

Sunday, April 10, 2011

ആവര്‍ത്തനം
പകലുകള്‍ മുങ്ങിചാകുന്ന കടലിന്ടെ ചുവപ്പില്‍
മുഖം ചേര്‍ത്തു കരച്ചില്‍  ചിരിയാക്കി  മാറ്റി
മറ്റൊരു തിരിഞ്ഞു നടപ്പ് ...

ആവര്‍ത്തനത്തിന്ടെ അന്ത്യത്തില്‍ അന്യമായീ തീര്‍ന്ന
അനേകം മുഖങ്ങളില്‍ അവയും  കൂടി...

അഞ്ഞടിക്കുന്ന തിരാമാലകള്‍ക്ക് പോലും മായിക്കാനാകാത
നോവീന്ടെ ഓര്‍മകള്‍...

ചാറിയൊഴിഞ്ഞ മഴയുടെ  കുഞ്ഞുങ്ങള്‍
ഊരിയെറിഞ്ഞ മുഖമൂടിയില്‍
നിണപ്പാടുകള്‍...

അന്യമായീ തീര്‍ന്ന മറ്റൊരു പകലിനേ ശപിച്ചു വീണ്ടും
ആവര്‍ത്തന വിരസത നിറഞ്ഞ മറ്റൊരു  രാവിന്റെ മാറിലേക്ക്
ഒരു തിരിഞ്ഞു നടപ്പ്

Wednesday, March 30, 2011

നേര്‍ രേഖകള്‍

അവര്‍ നേര്‍രേഖകള്‍ ആയിരുന്നു
അവന്‍ പറയാന്‍ തുടങ്ങുന്നത്‌
അവള്‍ പറയുകയും...
അവന്‍ ചിന്തിക്കുന്നത്‌
അവള്‍ അറിയുകയും
ചെയ്തിരുന്നു.....

ഒരു പോലെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും
ചെയ്യുന്ന രണ്ടു സമാന്തര രേഖകള്‍ കൂട്ടി മുട്ടില്ല
എന്ന അവളുടെ ആവലതിക്ക്‌ ഒരു കണ്ണിറുക്കി ചിരിയില്‍
അവന്‍ പരിഹാരം കണ്ടിരുന്നു..

അവയുടെ  സാമ്യം എന്നെ  പലപ്പോഴും
അത്ഭുതപ്പെടുത്തി..
കണ്ടുമുട്ടാന്‍ ആഗ്രഹിച്ചപ്പോഴോക്കേ അവയുടെ
വളവുകളില്ലാത്ത ചുളിവുകള്‍ ഇല്ലാത്ത
സാമ്യം  വഴി മുടക്കി ...

കാലത്തിന്ടെ വീടവുണ്ടാക്കിയ അകലത്തില്‍
കണ്ണുകള്‍ നിറഞ്ഞപ്പോള്‍...

കൈകള്‍ കോര്‍ക്കാന്‍ കഴിയാതെ പോയ നേര്‍ രേഖകള്‍....

ചിന്തകളുടെ സാമ്യം...
ചിത ആയീ തീര്‍ന്നപ്പോള്‍ വെന്ത് ഉരുകി

അവര്‍ വളയാന്‍ തുടങ്ങി..
വളഞ്ഞു വളഞ്ഞു അവര്‍
നേര്‍ രേഖകള്‍ അല്ലാതെ ആയീ....

Wednesday, March 9, 2011

മനസ്സ്


 
 
പിടിതരാതെ മൂലയില്‍ പമ്മുന്ന മൂന്നു 
വയസ്സുകാരന്റെ വികൃതി പോലെ ...
 
പൂത്ത കാടിന്റെ മണം പോലെ..
 
ആഴത്തിന്‍ മുകളിലായ് ശാന്തത തീര്‍ക്കുന്ന    
ആഴി തന്‍ ചുഴിയുടെ ആഴം പോലെ.
 
നിശബ്ദത തളംകെട്ടിയ
നിശയുടെ അന്ത്യയാമം പോലെ..
 
അനന്തമായ   ആകാശത്തിന്റെ    
അവസാനം പോലെ ....
 
ആര്‍ക്കും പിടികൊടുക്കാതെ ...
 
അദൃശ്യമായീ    പിന്തുടരുന്ന മരണത്തിന്റെ 
ദൂതനെ  പോലെ ....     
മനസ്സ്......
ഉത്തരം കിട്ടാത്ത ഒരു ചോദ്യം പോലെ ...?

Saturday, March 5, 2011

നിനക്ക് വേണ്ടി ...
എന്റെ കാവികുപ്പായം ഞാന്‍ അഴിച്ചു വച്ചത് 
നിനക്ക് വേണ്ടിയായിരുന്നു ..
കറുത്ത പകലുകള്‍ ചായം ചാലിച്ച്‌ വെളുപ്പിച്ചതും
കാറ്റിന്റെ കയ്യില്‍ പുരണ്ട ചോരമണം മാറാന്‍  
കസ്തുരി മുക്കി വച്ചതും നിനക്ക് വേണ്ടി..
നിന്റെ കണ്ണുകളുടെ ചുവപ്പില്‍ മൂവന്തി
കരഞ്ഞപ്പോള്‍ കൈവിടാതെ  ...കൂടെ നിന്നതും
നരിച്ചീറുകള്‍ സ്വന്തമാക്കിയ ആ  പഴമയുടെ കൊട്ടാരം
തകരാതെ കാത്തു സൂക്ഷിച്ചതും നിനക്ക് വേണ്ടി..
എന്നിട്ടും ...എന്തേ..? 

എന്റെ പകലുകളുടെ ദൈന്യതയാര്‍ന്ന കണ്ണുകള്‍ 
നീ കണ്ടില്ല എന്ന് നടിച്ചു...??
എന്റെ വാക്കിന്റെ  തണലില്‍ നിന്ന് നീ ഓടി ഒളിച്ചു  ..?
എന്റെ വിലക്കിന്റെ അവസാന ശ്വാസവും 
നിന്റെ കൈകളില്‍ പിടഞ്ഞു തീര്‍ന്നു..   
നിന്റെ വാക്കുകളില്‍ ശൂന്യത മണക്കുന്നു ..
നിന്റെ നോട്ടത്തില്‍ കഴുകന്‍മാര്‍  പറക്കുന്നു
നിന്റെ വാക്കുകളില്‍ തേരട്ട ഇഴയുന്നു ..
നിന്നില്‍ ഞാന്‍ മരിക്കുന്നു ...???????       

Friday, February 25, 2011

അമ്മക്ക്...

അകലെ നിന്ന് എത്തുന്ന ഒരു വിളിയായീ
നിന്റെ മകള്‍ ..
ഒഴുകിയെത്തുന്ന
നിന്റെ ചിലമ്പിച്ച വാക്കുകളില്‍ പാല്‍മണം... 
നിന്റെ ഓരോ വാക്കുകളിലും  
എന്റെ ബാല്യത്തിന്റെ നിഷ്കളങ്കത തുളുമ്പുന്നു ...
നീ ഞാനായത് എപ്പോള്‍ ..?
നിറം മങ്ങി പുറം കീറിയ  പുരാണ പുസ്തകത്തിന്റെ
താളില്‍ എന്റെ മുഖം ഒളിപ്പിച്ചു വച്ച്...
ജപമെന്ന ഭാവത്തില്‍ അതിലേക്കു മുഴുകുന്ന നിന്റെപകലുകള്‍ 
അറിയാന്‍ഞാന്‍ വൈകി.. 
 
കത്തുന്ന പകലുകളില്‍ നിന്റെ മകള്‍ ഭാഗ്യം തിരയുമ്പോള്‍ 
പെയ്യുന്ന നിന്റെ കണ്ണുകള്‍ കണ്ടില്ല എന്ന് നടിച്ചു ...
 
ആത്മാവിലെ ചേറുമണം
തീര്‍ക്കാന്‍ അത്തറുകള്‍ പോരാതെ വന്ന ഏതോ ഒരു ദിനത്തില്‍ ..
തിരിച്ചറിവിന്റെ തിരി തെളിച്ച  ഏതോ ഒരു വാക്കില്‍
നീ എന്ന ത്യാഗത്തിന്റെ മുഖം  എന്നെ 
വേട്ടയാടി തുടങ്ങി.... 
    
മാസത്തില്‍ വല്ലപ്പോഴും എത്തുന്ന പണമായീ..ഒരു വിളിയായീ
നീയുമായുള്ള എന്റെ ബന്ധം ...
മാറ്റിയ നെറികേടിന്റെ  കണക്കുകള്‍ നീ മറക്കുക ..
 
അറിയാതെ പോയ ആ മനസ്സു തേടി
കൈതപൂക്കുന്ന വഴികള്‍ താണ്ടി
ഞാന്‍ എത്തുന്നത്‌ വരെ നീ ഉറങ്ങരുത്
കാത്തിരിക്കുക ആ കൈത്തിരി കെടാതെ .....

Monday, February 21, 2011

കനവ്‌

   
രാവിന്റെ രണ്ടാം യാമത്തില്‍  എന്നും അവന്‍ ...
കാത്തിരിക്കാതെ ...കടന്നുവരാന്‍ അനുവാദം ചോദിക്കാതെ ..
എന്റെ കനവുകളിലേക്ക്..
നനുത്ത പുഞ്ചിരിയുമായീ..
കടന്നുവന്നു കൊണ്ടേ ഇരുന്നു... 
വരവുകളില്‍ കാല്പനികത ചാലിച്ച്‌
അവ്യക്തത സമ്മാനിച്ച്‌ ..
പുലരികളില്‍ പടിയിറങ്ങുന്ന ആ കനവിനെ.. 
ഉറക്കമെന്ന കിനാവള്ളി  കൊണ്ട് പിടിച്ചു നിര്‍ത്താന്‍
എന്റെ ഉള്ളം വെമ്പി...
ഒരു മാത്ര മാത്രം കണ്ട  ആ കനവെന്റെ കളിത്തോഴനായ കാലം
ഞാന്‍ ഉറക്കത്തെ വല്ലാതെ സ്നേഹിച്ചു തുടങ്ങി ..
ഉറങ്ങിതീര്‍ത്ത രാവുകള്‍ പകലുകള്‍ക്ക്‌ വഴിമാറിയ
ഏതോ ഒരു മേടമാസ പുലരിയില്‍
ആ കനവെന്റെ പടികടന്നു വന്നു ...
എന്നെ കൈവെള്ളയില്‍ കരുതിയ പുടവയില്‍
പുതപ്പിച്ചു കൂടെക്കൂട്ടി .....
 
  

Saturday, February 19, 2011

അകല്‍ച്ച

അരുതെന്ന് ചൊല്ലി തടയുമെന്നോര്‍ത്തു ഞാന്‍
പടിയിലേക്കെത്തി തിരിഞ്ഞു നോക്കേ ..
അവസാനം കണ്ട ആ ചിരിയില്‍ നിന്‍
പരിഹാസം പരിഭവം ആയെന്നില്‍ 
നിറഞ്ഞു നിന്നു....
 
അവസാനം ചൊല്ലിയ വാക്കിന്റെ
നൊമ്പരം അറിയാതെ എന്നുള്ളില്‍ തീ പടര്‍ത്തീ 
മഴയായീ പെയ്തു നീ..
അണക്കാതിരുന്നെന്നാല്‍..കനലിന്റെ ചൂടില്‍ ഞാന്‍
ഉരുകിവീഴും ...
       
പിടിവിട്ടു പോകുന്ന മനസ്സിന്റെ ...
കൂട്ടിലെന്‍ പ്രിയ മൈന വീണ്ടും ചിറകടിച്ചു
അകലുവാണ് എന്‍  വിധിയെന്നാല്‍ ...പിന്നെ ആ  
അരുതെന്ന വാക്കിനും അര്‍ത്ഥമില്ല  ...
   

Wednesday, February 16, 2011

വാസവദത്ത

പിറന്നത്‌ ദേവദാസിയുടെ മടിത്തട്ടില്‍ 
വളര്‍ന്നത്‌ കണ്ണിണകള്‍ കൊണ്ട് കാര്യം നേടുന്നവരുടെ ഇടയില്‍...
വാസവദത്ത ..സൌന്ദര്യത്തിന്റെ പര്യായം ...    
ചോദിക്കുന്നതെന്തും കൊടുക്കാന്‍ തയ്യാറായീ
നില്‍ക്കുന്ന കോടീശ്വര പ്രഭുക്കന്‍ മാരെ മറന്നു  
 അവളുടെ മനസ്സില്‍ ഒരു സന്യാസി കുടിയേറി...
സമയമായില്ല എന്നാ വിലക്കുകള്‍ വക വെക്കാതെ 
അവള്‍ സ്നേഹിച്ച ബുദ്ധഭിക്ഷു ..
അവള്‍ക്കു ലഭിച്ച അവസാന സമ്മാനമായീ ..
അവസാന ശാസ്വം    അടരും മുന്‍പ് ഒന്ന് കാണാന്‍
മോഹിച്ച് അവള്‍ ...
വേദനകാര്‍ന്നു   തിന്നുന്ന മനസ്സുമായീ
സമയമായില്ല എന്ന വിലക്കിന്റെ അവസാന
നാഴിക മണി മുഴക്കത്തിനായീ...
നീശബ്ദതയുടെ   അവസാനയാമത്തില്‍  
ജീവന്റെ അവസാനകണിക പൊലിയും മുന്‍പ്
അവന്റെ വരവ് .....
ആ കണ്ണുകളിലെ സ്നേഹത്തിന്റെ  തീവ്രതയില്‍..
ആ വാക്കുകളുടെ തണുപ്പില്‍
വേദനകള്‍ എല്ലാം 
ഭൂമിയില്‍ ഉപേക്ഷിച്ചു ... 
വാസവദത്ത ..യാത്രയായീ  
 
  

Monday, February 7, 2011

വാക്കുകള്‍

അവ ഒഴുകി കൊണ്ടിരുന്നു
അര്‍ഥമില്ലാത്ത..വാക്കുകള്‍
 
അര്‍ഥങ്ങള്‍ ഏറെ ഉള്ള ... വാക്കുകള്‍
 
ഉടയാടകളില്ലാത്ത....വാക്കുകള്‍
 
വര്‍ണ   ഉടയാടകളില്‍ പൊതിഞ്ഞ  .. വാക്കുകള്‍
 
അവയുടെ സാമീപ്യം എന്നെ  ചിരിപ്പിക്കുകയും
ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും   ചെയ്യുന്നു .
 
പൊള്ളത്തരങ്ങള്‍ ഇല്ലാത്ത അവയുടെ
അഗമനം എന്നിലെ കടുകട്ടിയായ
തീരുമാനങ്ങളെ തിരുത്തി..
 
കള്ളത്തരങ്ങള്‍ നിറഞ്ഞ അവരുടെ മുഖത്തേക്ക് 
എന്റെ മനസ്സിന്റെ വാതായനങ്ങള്‍ ഞാന്‍ വലിച്ചടച്ചു 
 
നിറമില്ലാത്ത അര്‍ഥങ്ങള്‍ ഇല്ലാത്ത വാക്കുകള്‍
എന്റെ വാതിലില്‍ മുട്ടി വിളിക്കുകയാണ്‌
 
അതിലെന്റെ ഭൂതവും വര്‍ത്തമാനവും
ഭാവിയും ഇഴ ചേര്‍ന്നിരിക്കുന്നു ..
 
 
     

Wednesday, February 2, 2011

തെച്ചി പൂവിന്റെ വിത്ത്

 
കടലുകള്‍ ചുവന്ന ഒരു സായാഹ്നത്തിലാണ് 
ആകാശം താണ്ടി ചിറകുകള്‍ ഉള്ള ആ വിത്ത് 
പറന്നു വന്നത്  ..മുളക്കാനുള്ള മണ്ണ് തേടി ഉള്ള പറന്നു നടപ്പിന്റെ 
അന്ത്യം  എന്റെ പുസ്തകതാളില്‍   ആയിരുന്നു
 
അവിടെ പച്ച മണ്ണിന്റെ   മണമുള്ള ഒരു താളില്‍
അതിന്റെ വേരുകള്‍  ആഴ്ന്നു ..
ആദ്യത്തെ ഇല വന്നത് കാണാന്‍ അക്ഷരങ്ങള്‍ വിരുന്നു വന്നു
നനക്കാന്‍ തുലാ മഴ നേരം തെറ്റി വന്നു
ആദ്യത്തെ പൂവന്നത് കാണാനെത്തിയ കാറ്റിന്റെ കവിളില്‍
തെച്ചി പൂവിന്റെ ചുവപ്പ്...
വിരുന്നെത്തിയ വണ്ടിന്റെ കറതീര്‍ന്ന കറുപ്പില്‍
തെച്ചി പൂവിന്റെ നിറം നീല ആയീ ..വെള്ള ആയീ
നിറം അറ്റ് തെച്ചി പൂ അക്ഷരലോകത്തു നിന്നും പടിയിറങ്ങി..
 

Monday, January 31, 2011

വൃദ്ധന്‍

 
പീളകെട്ടിയ കണ്ണുകള്‍ ബലമായീ തുറന്നു
വൃദ്ധന്‍ ആ ആല്‍മരത്തിനെ     നോക്കി
അര്‍ദ്ധവത്തായീ     ചിരിച്ചു ...
 
കാറ്റിലാടുന്ന പച്ചയും മഞ്ഞയും
കലര്‍ന്ന ഇലകളുടെ മര്‍മരത്തിന്റെ
അകമ്പടിയോടെ ആ വയസ്സന്‍ മരവും ചിരിച്ചു   
 
പൊട്ടിയടര്‍ന്ന മരത്തിന്റെ പുറം തോലില്‍
കൂടുകെട്ടിയ പുഴുക്കള്‍ 
വീതിയേറിയ കസുവര തീര്‍ത്തു 
ഇഴഞ്ഞു നടന്നു ...
വൃദ്ധന്റെ ഉള്ളില്‍ കൂട്കെട്ടിയ  
രോഗത്തിന്റെ പുഴുക്കള്‍ വൃദ്ധന്റെ
നാളെകളില്‍ അവസാന വരകള്‍ തീര്‍ത്തു 
ഇഴഞ്ഞു നടന്നു 

Thursday, January 27, 2011

സ്വാതി നക്ഷത്രം

സ്വാതി നക്ഷത്രം 
സ്വാതി നക്ഷത്രത്തിന്റെ കിരണങ്ങള്‍ക്ക് 
മഞ്ഞിന്റെ തണുപ്പാണ് ..!
നിലാവിന്റെ കൈകള്‍ ഭൂമിയെ തഴുകാന്‍ മടിക്കുന്ന 
മകര രാവില്‍ മറ്റൊരു നിലവായീ 
ആകാശത്തിന്റെ   നെറ്റിയില്‍ ചാര്‍ത്തിയ
സിന്ദൂര തിലകം പോലെ ജന്മം കൊള്ളുന്ന ആ നക്ഷത്രം!!
 
അവന്റെ കിരണങ്ങളുടെ  തണുപ്പേല്‍ക്കാന്‍ ഭൂമിയെക്കാള്‍  
അക്ഷമയോടെ കാത്തിരിക്കുന്ന മൂന്നുപേര്‍...
ആദ്യകിരണ മേറ്റ് തണുക്കുന്ന ഒരു മഞ്ഞു കണികക്കായ്‌
ഭൂമിയില്‍ അക്ഷമയോടെ ...
ഒരു ചിപ്പി ...ഒരു പൂവ് ...ഒരു സര്‍പ്പം ...
ആ കണിക താഴേക്ക്‌ പതിച്ചു  ചിപ്പിയില്‍ വീണാല്‍..?
അത് വിലമതിക്കാനാകാത്ത ഒരു മുത്തായീ തീരും.
അതിന്റെ വിധി പൂവില്‍ വീഴാനാണ് എങ്കില്‍ ..?
അത് തേനായീ തീരും.
അത് വീഴുന്നത് സര്‍പ്പത്തിന്റെ വായില്‍ ആണെങ്കിലോ..?
അനേകായിരം പേരെ ഒരു നിമിഷം കൊണ്ടില്ലാതെ ആക്കാനുള്ള 
ഖോര വിഷം ആയീ തീരും...
മനുഷ്യ രാശിക്ക്  വരുന്ന  മാറ്റത്തിന്റെ  
ഓരോ ചുവടു വെയ്പ്പും  വിനാശത്തിനാകാതെ   
നന്മയുടെ  നാളേക്ക് വേണ്ടിയാകട്ടെ !!
         
 

Tuesday, January 25, 2011

സഹയാത്രികന്‍

 
ആള്‍ക്കൂട്ടത്തിനു  നടുവില്‍ തനിയെ ആയതു പോലെ
അറിയാവുന്ന ഒരേ ഒരാളും അവസാന വണ്ടി തേടി ഇറങ്ങിയ
ആ സായാന്ഹത്തില്‍ തിരക്കിന്റെ   തിരുവില്‍ തിരിച്ചറിയാനാകാതെ
ഞാന്‍ ...
അയാള്‍ വരും !! ആരെ  ആകും കൂടെ കൂട്ടുക..?
ആകാംഷക്ക്‌     അവസാനമില്ലല്ലോ ..?
കണ്ണുകള്‍ ആരെയോ തിരഞ്ഞു കൊണ്ടിരുന്നു
അവസാനം ആരോ പറഞ്ഞേല്‍പ്പിച്ചത് പോലെ
അയാള്‍ എത്തി  
കസവുകരയുള്ള മുണ്ടുടുത്ത്
പേരുകള്‍ കുറിച്ച പുസ്തകം കക്ഷത്തില്‍ തിരുകി 
വെറ്റില കരയുള്ള പല്ലുകള്‍ കാട്ടി വെളുക്കെ ചിരിച്ചു 
എന്റെ അടുത്തേക്ക് നടന്നടുത്തു ...
സമയം ആയിട്ടില്ല അവസാന വണ്ടി കയറാന്‍ ...
തിരക്ക് കണ്ടില്ലെ ..? കാത്തിരിക്കൂ
കൈയില്‍ കരുതിയ ടിക്കറ്റ്‌ ഉയര്‍ത്തി കാണിച്ചു 
ഉറക്കെ ചിരിക്കുന്ന അയാളുടെ ക്രൂരഭാവത്തിനു
തലക്കെട്ടയീ ഞാന്‍ കണ്ടത് അച്ഛന്റെ  പേര്
കരയാനാകാതെ    തളര്‍ന്നിരുന്ന   എന്നെ താങ്ങി
ഇരുത്തി എതിര്‍പ്പിനെ വക വെക്കാതെ
അയാള്‍ ഇറങ്ങി അവസാന വണ്ടിയില്‍
അച്ഛന്റെ ഒപ്പം സഹായത്രികനാകാന്‍     
 
 
 

Sunday, January 16, 2011

ഭൂതം !!

 
ഭൂതപ്പാട്ടില്‍ ഇരുന്നു മടുത്ത
ഭൂതം നാട് കാണാനിറങ്ങി..
 
കാര്‍മേഘത്തെ തോല്‍പ്പിക്കുന്ന
മുടിയില്‍ ചെം ചായം പൂശി..
 
വന്യത നിഴലിക്കുന്ന കണ്ണുകള്‍..  
നിറമുള്ള കണ്ണാടിയില്‍  മൂടി.. 
 
ചുണ്ടുകള്‍ കറ തേച്ചു ചുവപ്പിച്ചു..
പല്ലുകള്‍ രാകി വെടുപ്പാക്കി..
 
ഖദര്‍ കുപ്പായത്തിന്റെ വെളുപ്പില്‍ 
കരിവീട്ടി ദേഹം  മറച്ച്..
 
ഒരു കവലയില്‍  കാത്തു   നിന്നു
ഉണ്ണികള്‍ അനേകം പേര്‍
ഭൂതത്തിന്റെ ചിരിയില്‍ മയങ്ങി
കളിയില്‍ മയങ്ങി..
 
തിരിച്ചു പോകാന്‍ മനസ്സില്ലാതെ കറങ്ങി നടന്നു..
ഉണ്ണികളെ ചോദിയ്ക്കാന്‍ അമ്മാര്‍ എത്തുന്നതും കാത്തു
മടുത്ത ഭൂതം ഓരോ വീടും കയറിയിറങ്ങി..
 
ഉണ്ണിയെ വേണ്ടേ...കണ്ണ് തരൂ എന്ന ഭൂതത്തിന്റെ 
ജല്പന്നങ്ങള്‍ക്ക് ഉണ്ണിയെ ഒരു നേതാവാക്കി
 
തിരിച്ചു തരൂ എന്ന അഭ്യര്‍ഥന ഭൂതത്തിനെ കുഴക്കി 
ഉണ്ണികളെ വഴിയില്‍ ഉപേക്ഷിച്ചു ഭൂതം
ഭൂതപ്പാട്ടിലേക്ക് തിരിച്ചു പോയീ
------------oo------            
 
 
 

Thursday, January 13, 2011

സങ്കടങ്ങളുടെ കാവല്‍ മാലാഖ !!!

 
മാലാഖമാരെ സൃഷ്ടിക്കാനുള്ള  മണ്ണ് തീര്‍ന്നപ്പോള്‍
ദൈവം ഭൂമിയിലേക്കിറങ്ങി...
നനവുള്ള മണ്ണ് തേടി അലഞ്ഞു നടന്നു...
കാടു താണ്ടി നാട് താണ്ടി  തളര്‍ന്ന
ദൈവം ഒരു മരുഭൂമിയില്‍  കിടന്നുറക്കം പിടിച്ച നേരം ...
 
ആകാശത്തില്‍   നിന്നും ഒരു കാലമില്ലാ  മഴയുടെ
ആദ്യത്തെ വിത്ത് ഭൂമിയില്‍ പതിച്ചു...
കൈകള്‍ കുമ്പിളാക്കി ശേഖരിച്ച  മഴയുടെ വിത്ത് 
കുഴിച്ചിടാന്‍   ദൈവം ആദ്യം കണ്ട സ്ത്രീ യുടെ കണ്ണെടുത്തു...
 
കണ്ണെടുത്ത കുഴിയില്‍  മഴപോലെ പെയ്യാന്‍ സങ്കടങ്ങള്‍ നല്‍കി
അവളെ ദൈവം സങ്കടങ്ങളുടെ കാവല്‍
മാലാഖ ആക്കി ..സഹനത്തിന്റെ ദേവത ആക്കി
കാലം തെറ്റി പെയ്യുന്ന മഴ പോലെ അവളുടെ സങ്കടങ്ങള്‍
അവ പെയ്തു കൊണ്ടേ ഇരിക്കുന്നു ...

Saturday, January 8, 2011

ചുഴികള്‍അടയാളമില്ലാതെ അവശേഷിച്ച   ജീവനും
ച്ചുഴിയിലെക്കാഴ്ത്തി   കടലിന്റെ വിജയം.

കാടത്തത്തിന്റെ   കാറ്റു തീര്‍ത്ത
ചുഴിയിലെക്കാഴ്ന്ന ഗ്രാമത്തിന്റെ നിലവിളി
ഒരു ബാക്കി പത്രം..

അപവാദങ്ങലുടെ   ചുഴികളില്‍ മുങ്ങുന്ന
അധികാരത്തിന്റെ കസേരകള്‍ ...

വിധിയുടെ കൈകളാല്‍ പിടയുന്ന പെണ്ണിന്റെ
കനവിലെ   ചുഴിയില്‍ നിന്നാദികാവ്യം...  

കഥയില്ലായ്മയുടെ ചുഴിയില്‍
നഷ്ടപെട്ട തൂലികക്കായീ   
കവിയുടെ കാത്തിരുപ്പ് !!

Thursday, January 6, 2011

കാടിന്റെ നോവ്‌

കുരുതി തീര്‍ന്ന കളം നോക്കി കാടു തേങ്ങി...
അറുതിയായ മക്കളുടെ വികൃതമായ മേനിയില്‍
ഇഴയുന്ന പുഴുക്കളുടെ ചപലമാം   താളത്തില്‍ മിഴിയൂന്നി
നോവുന്ന കാടിന്റെ തേങ്ങലുകള്‍ !!

കുലം അറ്റ കൂമനും അറുതി വന്ന കിടപ്പാടത്തിന്റെ 
അതിര് തേടി കൂവി അലയുന്നു !!

വരളുന്ന കാട്ടരുവി വളരുന്ന നാട് നോക്കി...
വില നെല്‍കാന്‍ കാക്കുക!! എന്ന്  വീണ്‍  വാക്ക് ചൊല്ലുന്നു..

പകയുടെ സട പോയീ  അലയുന്ന ...
കാടിന്റെ പഴയൊരു രാജാവും തേങ്ങുന്നു

കുളിരിന്റെ കുഴി മണ്ണില്‍   കുളി തേടി 
കരയുന്ന കരിവീരന്‍ കിതയാര്‍ന്നു വീഴുന്നു..
 
കുരുവികള്‍ കൂടില്ലാതലയുന്ന   കാടിന്റെ
വിജനത എന്നെ തളര്‍ത്തുന്നു!!

Wednesday, January 5, 2011

നിശബ്ദത

 
നിശബ്ദതതക്ക് കനലിന്റെ ചൂടാണ്
ഇരവിന്റെ  അഗാധതയും...
പഴുതു  തേടി ഇഴയുന്ന
നിശബ്ദതയുടെ നീര്‍ പിടിച്ച കണ്ണുകള്‍
എന്നെ നിര്‍നിമേഷം നോക്കുന്നു..
എന്റെ  വചാലതകളില്‍   നിശബ്ദതയുടെ 
കടന്നു കയറ്റം  ഒരു പകലിനെ ഞെരിക്കുന്നു...
പറയാത്ത  വാക്കുകളുടെ ഉയിരായീ
ഘനം  പിടിച്ച നിമിഷങ്ങള്‍ എന്റെ
എന്റെ ശാസ്വഗതിയുടെ വേഗം ഭേദിക്കുന്നു!!!
കനവു തീര്‍ത്ത കാരിരുമ്പിന്റെ കൂട്ടില്‍
ഒരു കിളി പിടയുന്നു!!! 
   
എന്നില്‍ അഗ്നിയായ് പടരുന്ന നിശബ്ദതയുടെ 
ജ്വാലകളില്‍ ഒരു രോദനത്തിന്റെ  മാറ്റൊലി..

Tuesday, January 4, 2011

പുഴയുടെ മനസ്സ്പുഴ എന്നോട് പറയാത്തതായീ   ഒന്നും ഇല്ലായിരുന്നു...
കുളിര് പെയ്യുന്ന  പുലര്‍കാലത്തില്‍ പുഴ
എനിക്ക്  സംഗീതത്തിന്റെ ആദ്യാക്ഷരങ്ങള്‍ 
പറഞ്ഞു തന്നു...
നിലാവില്‍ കുളിച്ചു നിന്ന രാവിന്റെ...
ഏകാന്തതയില്‍ വീര യോധക്കളുടെ കഥകള്‍
പറഞ്ഞു തന്നു ...
ലാസ്യഭാവങ്ങള്‍ കാട്ടിയ അവളുടെ സംഗീതം
എന്റെ ചിലങ്കയുടെ താളമായീ    .... 
അവളിലെ ചുഴികള്‍   പോലെ
കാലം എന്നില്‍ കരവിരുതിന്റെ 
നുണക്കുഴികള്‍ തെളിച്ചു ..
പുഴയെ മറക്കാന്‍ ഞാന്‍   പഠിച്ചപ്പോള്‍
അവള്‍ ക്ഷയിച്ചു ...
ക്ഷയത്തിന്റെ ഇടവേളകളില്‍ എന്നെ തേടി 
അവള്‍ കരയിലേക്ക് വിരുന്നു വന്നു ..
ദുര്‍ബലമായ കൈകള്‍ കൊണ്ട് അവള്‍ എന്നെ തലോടി... 
വികൃതമായ ആ മുഖം എന്നില്‍ നഷ്ട ബോധം ഉണര്‍ത്തും മുന്‍പെ 
ഞാന്‍ ഒളിച്ചോടി..അവളില്‍ നിന്ന് അകലേക്ക്‌  ...
പിന്നെ അവള്‍ മറവിയില്‍ മയങ്ങി കിടന്നു...

കഥകള്‍ പറഞ്ഞു തന്നിരുന്ന അവളുടെ നാവ് ചലിക്കാതെ യായതിനു
ആരെ പഴി പറയണം ..????
അവളുടെ മനസ്സില്‍ മയങ്ങിയ കവിതകള്‍ കാണാതെ...
അവളുടെ മാറ് കുത്തി പ്പൊളിച്ച നിഷ്ടൂരതക്ക് നേരെ 
മാ നിഷാദ ചൊല്ലാന്‍ ഒരു വാല്മീകി എന്തെ പിറന്നില്ല ...?
 
എല്ലാം മറക്കാന്‍ പഠിപ്പിക്കുന്ന കാലത്തിന്റെ മാറില്‍ ....    
എന്റെ ഓര്‍മകളില്‍ ....
സങ്കടം ഉണര്‍ത്തുന്ന ഒരു നേര്‍ത്ത വരയായീ
അവള്‍ മാറിയത് എപ്പോഴാണ് ..? 

Sunday, January 2, 2011

നഷ്ടംസ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ ഇല്ലാതെ ആകുമ്പോള്‍
അവന്‍ ജനിക്കുന്നു... നഷ്ടം
കൊഴിഞ്ഞ പൂക്കളുടെ ...കരിഞ്ഞ ഇന്നലെകളുടെ..
രൂപം ആണ് അവന്‌  ...
അവന്റെ രൂപം ദര്‍ശിക്കാത്തവര്‍
ഭാഗ്യതിനവകാശികള്‍   
ആരെയും ഭയപ്പെടുത്തുന്ന ...
നെടുവീര്‍പ്പിന്റെ.. ആലോചന ഇല്ലായ്മയുടെ .. ഭയാനക രൂപം
ആരും നടക്കാന്‍ മടിക്കുന്ന വഴികള്‍ താണ്ടാന്‍
അവനോളം സാമര്‍ത്ഥ്യം ആര്‍ക്കാണ്‌ ..?   
മോഹങ്ങള്‍   നടക്കാന്‍ മടിക്കുമ്പോള്‍ അവന്‍
ദൂരങ്ങള്‍ കീഴടക്കുന്നു

നഷ്ടങ്ങള്‍ക്ക്  എല്ലാം  ഒരേ മണമാണ്
വേദനയുടെ ...വിതുമ്പലുകലുടെ  മണം.
ഒരേ രുചിയാണ്...
ചോരയുടെ ...കണ്ണുനീരിന്റെ.. രുചി

അവനെ ശപിക്കാത്തവര്‍ ആരുണ്ട്..? .
ശാപങ്ങള്‍ ഏറ്റു വാങ്ങി  വളരെ വേഗത്തില്‍
അവന്‍ സഞ്ചരിക്കുന്നു..
പലര്‍ താണ്ടിയ വഴികള്‍  അവന്റെ സഞ്ചാരത്തിന് വേഗത തീര്‍ക്കുന്നു
നഷ്ടങ്ങളുടെ കണക്കുകള്‍ എടുക്കാതിരിക്കുക ...

അവനെ അവന്റെ വഴിക്ക് വിടുക..പോയ്ക്കോട്ടെ ...
പോയതൊന്നും നമ്മുടെതല്ലായിരുന്നു എന്നോര്‍ക്കുക
കാണാതിരിക്കാന്‍ ശ്രമിക്കുക !!!