Monday, November 13, 2017

ഒറ്റക്കൊമ്പൻ






















നീറ്റലുണ്ട് ഉള്ളിൽ ...നീ ഇല്ലായ്മയുടെ 
വേദനയിൽ പുഴുവരിക്കുന്നുണ്ട് 
എങ്കിലും ഈ വനത്തിൽ ഞാൻ ഒറ്റക്കായി 
പോയതിന്റെ ആഘോഷമാണെന്ന് 
മുഖത്തൊരു നിർവികാരത ...
ഒരു കള്ളച്ചിരി ....

നിന്റെ സാമീപ്യത്തിൽ  ഒരു പനിയുടെ 
ചൂട് ...പാതിയടഞ്ഞ കണ്ണുകളിൽ 
വിരസതയും  ആലസ്യവും ...
ഞാനറിയാത്തൊരു പനികുളിരിൽ 
നീയുറങ്ങുകയാണോ ..?

അനേകം കാരിരുമ്പുകൾ 
ചേർത്ത് വെച്ചുണ്ടാക്കിയ 
മിടിക്കുന്ന ആ യന്ത്രത്തിൽ എന്റെ കൈവിരലുകൾ 
സ്പർശിച്ചതു നാദം കൊണ്ടുപോലും 
അറിയാൻ നിനക്ക് കഴിയുന്നുണ്ടായിരുന്നില്ലേ ...?

കപടത നിറഞ്ഞ  ചിരിയിൽ 
ചെറുകുന്ന കണ്ണുകൾ ..മദപാട് മറക്കാൻ 
ശ്രമിക്കുന്ന ഒരൊറ്റക്കൊമ്പനെ 
ഓർമിപ്പിക്കുന്നു ....

അറിയാതെ യാണെങ്കിലും 
നീ തകർത്തു കളഞ്ഞ മുള വനകളിൽ 
നീരുപദ്രവകാരികളായ മഞ്ഞ സർപ്പങ്ങൾ പോലും 
ഇനി ഇഴയില്ല.....
വന്യതയുടെ അവസാന വാക്കായി ...
കാൽപാടുകൾ അവശേഷിപ്പിച്ചു നീ പോയ വഴിയിൽ 
ചരലും ചളിയും മാത്രം ...........

Sunday, October 29, 2017

ഞാൻ ...................!!!



ഞാൻ ...................
ഒരു അഴുക്കു ചാലിന്റെ അറ്റത്തു
വീണു കിടക്കുകയായിരുന്നു
ഒഴുകി പോകാൻ ഒരു ഉറവയും കാത്ത്
പക്ഷെ ....നീ വന്നു
അരുതെന്നു കണ്ണുകൾ കൊണ്ട് തടഞ്ഞു  ....

ഞാൻ....
ബോധതലങ്ങളിൽ ഇരുട്ട് നിറഞ്ഞ
അവസ്ഥയിലായിരുന്നു
എന്റെ ഹൃദയത്തിൽ  ആഴത്തിൽ
നീയൊരു മുറിവുണ്ടാക്കി ...
ഒഴുകി പരന്ന കറുത്ത നീല  നിറമുള്ള
വഴു വഴുപ്പുള്ള ദ്രാവകം ....
നിന്റെ അഗാധമായ സ്നേഹത്തെ ഓർമിപ്പിച്ചു .....

ഞാൻ ....
ഒരു പൂവിന്റെ ഇതള് പോലെ ...മൃദുവായിരുന്നു
ഒരു കാറ്റിന് പോലും പറത്തി കളയാവുന്ന
അത്ര നേർത്ത എന്നെ
നീ കാരിരുമ്പ് പോലെ കരുത്ത് നിറഞ്ഞ
കൈകളിൽ അടച്ചു പിടിച്ചു ....

ഞാൻ ...
ഇനി ഒരു യുഗത്തിന്റെ പിറവിയും  കാത്ത്
കല്ലായി ഇവിടെയുണ്ട്
നീ  വരുന്നത് വരെ ..........

Friday, February 17, 2017

ചിത്രശലഭങ്ങൾ പറഞ്ഞത് ...














തുലാമഴ പെയ്തൊഴിഞ്ഞ 
തൊടിയിൽനിന്നും സ്വയം നഷ്ടപ്പെട്ട് 
എന്റെ മുറിയുടെ  നാലു ചുവരുകളിൽ 
അഭയം തേടിയെത്തിയ 
മഞ്ഞയും തവിട്ടും നിറമുള്ള ചിത്രശലഭങ്ങൾ
എന്നെ ചൂഴ്ന്നു നിൽക്കുന്ന  
നിശ്ശബ്ദതയുടെ ചെവിയിൽ 
എന്താവും മന്ത്രിച്ചത്‌..? 

ആത്മാവിനെ പറിച്ചെടുത്തു 
കൊണ്ടുപോയ അതിതീഷ്ണമായ 
ഒരു നോട്ടത്തെ കുറിച്ചാവുമോ ..?
അതിന്റെ ചൂടിൽ ഉരുകിയൊലിച്ച 
എന്നെ കുറിച്ചാവുമോ ..?
വരാനിരിക്കുന്ന പൂക്കാലത്തിന്റെ 
ഓർമ്മകൾ പങ്കുവെച്ചതാകുമോ ...?
എനിക്കായി നീ  കരുതി വെച്ച 
നിശാപുഷ്പങ്ങളുടെ നിറത്തെയോ ഗന്ധത്തെയോ  
കുറിച്ചാകുമോ?

അതോ ..നിന്റെ കണ്മുനകൾ വന്നു തട്ടി പടരുന്ന 
എന്റെ കുറി കൂട്ടിനെ കുറിച്ചാകുമോ ?
ശലഭങ്ങളുടെ ചിറകിൽ ഈ കണ്ണുകൾ 
എനിക്കായി നീ ചേർത്ത് വെച്ചതാണോ ..?

നിന്നെ കാണുമ്പോൾ 
എന്റെയുള്ളിൽ അനേകായിരം ചിത്ര ശലഭങ്ങൾ 
കൂടൊഴിയുന്നുണ്ട്  ....!
മഴയൊഴിഞ്ഞു വെയിൽ തെളിയുന്ന 
നിമിത്ത നേരങ്ങളിലെപ്പോഴോ
നിന്നേ തേടിയെത്തുന്ന അവയിലൊന്നിന് 
പോക്കു  വെയിലിന്റെ നിറവും 
മഴയുടെ തണുപ്പുമുണ്ടെങ്കിൽ ...പറയൂ ...!
അത് ഒറ്റപെട്ടു പോയ ഇണയെ തേടുകയാണ് ...!!!