Monday, January 31, 2011

വൃദ്ധന്‍

 
പീളകെട്ടിയ കണ്ണുകള്‍ ബലമായീ തുറന്നു
വൃദ്ധന്‍ ആ ആല്‍മരത്തിനെ     നോക്കി
അര്‍ദ്ധവത്തായീ     ചിരിച്ചു ...
 
കാറ്റിലാടുന്ന പച്ചയും മഞ്ഞയും
കലര്‍ന്ന ഇലകളുടെ മര്‍മരത്തിന്റെ
അകമ്പടിയോടെ ആ വയസ്സന്‍ മരവും ചിരിച്ചു   
 
പൊട്ടിയടര്‍ന്ന മരത്തിന്റെ പുറം തോലില്‍
കൂടുകെട്ടിയ പുഴുക്കള്‍ 
വീതിയേറിയ കസുവര തീര്‍ത്തു 
ഇഴഞ്ഞു നടന്നു ...
വൃദ്ധന്റെ ഉള്ളില്‍ കൂട്കെട്ടിയ  
രോഗത്തിന്റെ പുഴുക്കള്‍ വൃദ്ധന്റെ
നാളെകളില്‍ അവസാന വരകള്‍ തീര്‍ത്തു 
ഇഴഞ്ഞു നടന്നു 

Thursday, January 27, 2011

സ്വാതി നക്ഷത്രം

സ്വാതി നക്ഷത്രം 
സ്വാതി നക്ഷത്രത്തിന്റെ കിരണങ്ങള്‍ക്ക് 
മഞ്ഞിന്റെ തണുപ്പാണ് ..!
നിലാവിന്റെ കൈകള്‍ ഭൂമിയെ തഴുകാന്‍ മടിക്കുന്ന 
മകര രാവില്‍ മറ്റൊരു നിലവായീ 
ആകാശത്തിന്റെ   നെറ്റിയില്‍ ചാര്‍ത്തിയ
സിന്ദൂര തിലകം പോലെ ജന്മം കൊള്ളുന്ന ആ നക്ഷത്രം!!
 
അവന്റെ കിരണങ്ങളുടെ  തണുപ്പേല്‍ക്കാന്‍ ഭൂമിയെക്കാള്‍  
അക്ഷമയോടെ കാത്തിരിക്കുന്ന മൂന്നുപേര്‍...
ആദ്യകിരണ മേറ്റ് തണുക്കുന്ന ഒരു മഞ്ഞു കണികക്കായ്‌
ഭൂമിയില്‍ അക്ഷമയോടെ ...
ഒരു ചിപ്പി ...ഒരു പൂവ് ...ഒരു സര്‍പ്പം ...
ആ കണിക താഴേക്ക്‌ പതിച്ചു  ചിപ്പിയില്‍ വീണാല്‍..?
അത് വിലമതിക്കാനാകാത്ത ഒരു മുത്തായീ തീരും.
അതിന്റെ വിധി പൂവില്‍ വീഴാനാണ് എങ്കില്‍ ..?
അത് തേനായീ തീരും.
അത് വീഴുന്നത് സര്‍പ്പത്തിന്റെ വായില്‍ ആണെങ്കിലോ..?
അനേകായിരം പേരെ ഒരു നിമിഷം കൊണ്ടില്ലാതെ ആക്കാനുള്ള 
ഖോര വിഷം ആയീ തീരും...
മനുഷ്യ രാശിക്ക്  വരുന്ന  മാറ്റത്തിന്റെ  
ഓരോ ചുവടു വെയ്പ്പും  വിനാശത്തിനാകാതെ   
നന്മയുടെ  നാളേക്ക് വേണ്ടിയാകട്ടെ !!
         
 

Tuesday, January 25, 2011

സഹയാത്രികന്‍

 
ആള്‍ക്കൂട്ടത്തിനു  നടുവില്‍ തനിയെ ആയതു പോലെ
അറിയാവുന്ന ഒരേ ഒരാളും അവസാന വണ്ടി തേടി ഇറങ്ങിയ
ആ സായാന്ഹത്തില്‍ തിരക്കിന്റെ   തിരുവില്‍ തിരിച്ചറിയാനാകാതെ
ഞാന്‍ ...
അയാള്‍ വരും !! ആരെ  ആകും കൂടെ കൂട്ടുക..?
ആകാംഷക്ക്‌     അവസാനമില്ലല്ലോ ..?
കണ്ണുകള്‍ ആരെയോ തിരഞ്ഞു കൊണ്ടിരുന്നു
അവസാനം ആരോ പറഞ്ഞേല്‍പ്പിച്ചത് പോലെ
അയാള്‍ എത്തി  
കസവുകരയുള്ള മുണ്ടുടുത്ത്
പേരുകള്‍ കുറിച്ച പുസ്തകം കക്ഷത്തില്‍ തിരുകി 
വെറ്റില കരയുള്ള പല്ലുകള്‍ കാട്ടി വെളുക്കെ ചിരിച്ചു 
എന്റെ അടുത്തേക്ക് നടന്നടുത്തു ...
സമയം ആയിട്ടില്ല അവസാന വണ്ടി കയറാന്‍ ...
തിരക്ക് കണ്ടില്ലെ ..? കാത്തിരിക്കൂ
കൈയില്‍ കരുതിയ ടിക്കറ്റ്‌ ഉയര്‍ത്തി കാണിച്ചു 
ഉറക്കെ ചിരിക്കുന്ന അയാളുടെ ക്രൂരഭാവത്തിനു
തലക്കെട്ടയീ ഞാന്‍ കണ്ടത് അച്ഛന്റെ  പേര്
കരയാനാകാതെ    തളര്‍ന്നിരുന്ന   എന്നെ താങ്ങി
ഇരുത്തി എതിര്‍പ്പിനെ വക വെക്കാതെ
അയാള്‍ ഇറങ്ങി അവസാന വണ്ടിയില്‍
അച്ഛന്റെ ഒപ്പം സഹായത്രികനാകാന്‍     
 
 
 

Sunday, January 16, 2011

ഭൂതം !!

 
ഭൂതപ്പാട്ടില്‍ ഇരുന്നു മടുത്ത
ഭൂതം നാട് കാണാനിറങ്ങി..
 
കാര്‍മേഘത്തെ തോല്‍പ്പിക്കുന്ന
മുടിയില്‍ ചെം ചായം പൂശി..
 
വന്യത നിഴലിക്കുന്ന കണ്ണുകള്‍..  
നിറമുള്ള കണ്ണാടിയില്‍  മൂടി.. 
 
ചുണ്ടുകള്‍ കറ തേച്ചു ചുവപ്പിച്ചു..
പല്ലുകള്‍ രാകി വെടുപ്പാക്കി..
 
ഖദര്‍ കുപ്പായത്തിന്റെ വെളുപ്പില്‍ 
കരിവീട്ടി ദേഹം  മറച്ച്..
 
ഒരു കവലയില്‍  കാത്തു   നിന്നു
ഉണ്ണികള്‍ അനേകം പേര്‍
ഭൂതത്തിന്റെ ചിരിയില്‍ മയങ്ങി
കളിയില്‍ മയങ്ങി..
 
തിരിച്ചു പോകാന്‍ മനസ്സില്ലാതെ കറങ്ങി നടന്നു..
ഉണ്ണികളെ ചോദിയ്ക്കാന്‍ അമ്മാര്‍ എത്തുന്നതും കാത്തു
മടുത്ത ഭൂതം ഓരോ വീടും കയറിയിറങ്ങി..
 
ഉണ്ണിയെ വേണ്ടേ...കണ്ണ് തരൂ എന്ന ഭൂതത്തിന്റെ 
ജല്പന്നങ്ങള്‍ക്ക് ഉണ്ണിയെ ഒരു നേതാവാക്കി
 
തിരിച്ചു തരൂ എന്ന അഭ്യര്‍ഥന ഭൂതത്തിനെ കുഴക്കി 
ഉണ്ണികളെ വഴിയില്‍ ഉപേക്ഷിച്ചു ഭൂതം
ഭൂതപ്പാട്ടിലേക്ക് തിരിച്ചു പോയീ
------------oo------            
 
 
 

Thursday, January 13, 2011

സങ്കടങ്ങളുടെ കാവല്‍ മാലാഖ !!!

 
മാലാഖമാരെ സൃഷ്ടിക്കാനുള്ള  മണ്ണ് തീര്‍ന്നപ്പോള്‍
ദൈവം ഭൂമിയിലേക്കിറങ്ങി...
നനവുള്ള മണ്ണ് തേടി അലഞ്ഞു നടന്നു...
കാടു താണ്ടി നാട് താണ്ടി  തളര്‍ന്ന
ദൈവം ഒരു മരുഭൂമിയില്‍  കിടന്നുറക്കം പിടിച്ച നേരം ...
 
ആകാശത്തില്‍   നിന്നും ഒരു കാലമില്ലാ  മഴയുടെ
ആദ്യത്തെ വിത്ത് ഭൂമിയില്‍ പതിച്ചു...
കൈകള്‍ കുമ്പിളാക്കി ശേഖരിച്ച  മഴയുടെ വിത്ത് 
കുഴിച്ചിടാന്‍   ദൈവം ആദ്യം കണ്ട സ്ത്രീ യുടെ കണ്ണെടുത്തു...
 
കണ്ണെടുത്ത കുഴിയില്‍  മഴപോലെ പെയ്യാന്‍ സങ്കടങ്ങള്‍ നല്‍കി
അവളെ ദൈവം സങ്കടങ്ങളുടെ കാവല്‍
മാലാഖ ആക്കി ..സഹനത്തിന്റെ ദേവത ആക്കി
കാലം തെറ്റി പെയ്യുന്ന മഴ പോലെ അവളുടെ സങ്കടങ്ങള്‍
അവ പെയ്തു കൊണ്ടേ ഇരിക്കുന്നു ...

Saturday, January 8, 2011

ചുഴികള്‍



അടയാളമില്ലാതെ അവശേഷിച്ച   ജീവനും
ച്ചുഴിയിലെക്കാഴ്ത്തി   കടലിന്റെ വിജയം.

കാടത്തത്തിന്റെ   കാറ്റു തീര്‍ത്ത
ചുഴിയിലെക്കാഴ്ന്ന ഗ്രാമത്തിന്റെ നിലവിളി
ഒരു ബാക്കി പത്രം..

അപവാദങ്ങലുടെ   ചുഴികളില്‍ മുങ്ങുന്ന
അധികാരത്തിന്റെ കസേരകള്‍ ...

വിധിയുടെ കൈകളാല്‍ പിടയുന്ന പെണ്ണിന്റെ
കനവിലെ   ചുഴിയില്‍ നിന്നാദികാവ്യം...  

കഥയില്ലായ്മയുടെ ചുഴിയില്‍
നഷ്ടപെട്ട തൂലികക്കായീ   
കവിയുടെ കാത്തിരുപ്പ് !!

Thursday, January 6, 2011

കാടിന്റെ നോവ്‌

കുരുതി തീര്‍ന്ന കളം നോക്കി കാടു തേങ്ങി...
അറുതിയായ മക്കളുടെ വികൃതമായ മേനിയില്‍
ഇഴയുന്ന പുഴുക്കളുടെ ചപലമാം   താളത്തില്‍ മിഴിയൂന്നി
നോവുന്ന കാടിന്റെ തേങ്ങലുകള്‍ !!

കുലം അറ്റ കൂമനും അറുതി വന്ന കിടപ്പാടത്തിന്റെ 
അതിര് തേടി കൂവി അലയുന്നു !!

വരളുന്ന കാട്ടരുവി വളരുന്ന നാട് നോക്കി...
വില നെല്‍കാന്‍ കാക്കുക!! എന്ന്  വീണ്‍  വാക്ക് ചൊല്ലുന്നു..

പകയുടെ സട പോയീ  അലയുന്ന ...
കാടിന്റെ പഴയൊരു രാജാവും തേങ്ങുന്നു

കുളിരിന്റെ കുഴി മണ്ണില്‍   കുളി തേടി 
കരയുന്ന കരിവീരന്‍ കിതയാര്‍ന്നു വീഴുന്നു..
 
കുരുവികള്‍ കൂടില്ലാതലയുന്ന   കാടിന്റെ
വിജനത എന്നെ തളര്‍ത്തുന്നു!!

Wednesday, January 5, 2011

നിശബ്ദത

 
നിശബ്ദതതക്ക് കനലിന്റെ ചൂടാണ്
ഇരവിന്റെ  അഗാധതയും...
പഴുതു  തേടി ഇഴയുന്ന
നിശബ്ദതയുടെ നീര്‍ പിടിച്ച കണ്ണുകള്‍
എന്നെ നിര്‍നിമേഷം നോക്കുന്നു..
എന്റെ  വചാലതകളില്‍   നിശബ്ദതയുടെ 
കടന്നു കയറ്റം  ഒരു പകലിനെ ഞെരിക്കുന്നു...
പറയാത്ത  വാക്കുകളുടെ ഉയിരായീ
ഘനം  പിടിച്ച നിമിഷങ്ങള്‍ എന്റെ
എന്റെ ശാസ്വഗതിയുടെ വേഗം ഭേദിക്കുന്നു!!!
കനവു തീര്‍ത്ത കാരിരുമ്പിന്റെ കൂട്ടില്‍
ഒരു കിളി പിടയുന്നു!!! 
   
എന്നില്‍ അഗ്നിയായ് പടരുന്ന നിശബ്ദതയുടെ 
ജ്വാലകളില്‍ ഒരു രോദനത്തിന്റെ  മാറ്റൊലി..

Tuesday, January 4, 2011

പുഴയുടെ മനസ്സ്



പുഴ എന്നോട് പറയാത്തതായീ   ഒന്നും ഇല്ലായിരുന്നു...
കുളിര് പെയ്യുന്ന  പുലര്‍കാലത്തില്‍ പുഴ
എനിക്ക്  സംഗീതത്തിന്റെ ആദ്യാക്ഷരങ്ങള്‍ 
പറഞ്ഞു തന്നു...
നിലാവില്‍ കുളിച്ചു നിന്ന രാവിന്റെ...
ഏകാന്തതയില്‍ വീര യോധക്കളുടെ കഥകള്‍
പറഞ്ഞു തന്നു ...
ലാസ്യഭാവങ്ങള്‍ കാട്ടിയ അവളുടെ സംഗീതം
എന്റെ ചിലങ്കയുടെ താളമായീ    .... 
അവളിലെ ചുഴികള്‍   പോലെ
കാലം എന്നില്‍ കരവിരുതിന്റെ 
നുണക്കുഴികള്‍ തെളിച്ചു ..
പുഴയെ മറക്കാന്‍ ഞാന്‍   പഠിച്ചപ്പോള്‍
അവള്‍ ക്ഷയിച്ചു ...
ക്ഷയത്തിന്റെ ഇടവേളകളില്‍ എന്നെ തേടി 
അവള്‍ കരയിലേക്ക് വിരുന്നു വന്നു ..
ദുര്‍ബലമായ കൈകള്‍ കൊണ്ട് അവള്‍ എന്നെ തലോടി... 
വികൃതമായ ആ മുഖം എന്നില്‍ നഷ്ട ബോധം ഉണര്‍ത്തും മുന്‍പെ 
ഞാന്‍ ഒളിച്ചോടി..അവളില്‍ നിന്ന് അകലേക്ക്‌  ...
പിന്നെ അവള്‍ മറവിയില്‍ മയങ്ങി കിടന്നു...

കഥകള്‍ പറഞ്ഞു തന്നിരുന്ന അവളുടെ നാവ് ചലിക്കാതെ യായതിനു
ആരെ പഴി പറയണം ..????
അവളുടെ മനസ്സില്‍ മയങ്ങിയ കവിതകള്‍ കാണാതെ...
അവളുടെ മാറ് കുത്തി പ്പൊളിച്ച നിഷ്ടൂരതക്ക് നേരെ 
മാ നിഷാദ ചൊല്ലാന്‍ ഒരു വാല്മീകി എന്തെ പിറന്നില്ല ...?
 
എല്ലാം മറക്കാന്‍ പഠിപ്പിക്കുന്ന കാലത്തിന്റെ മാറില്‍ ....    
എന്റെ ഓര്‍മകളില്‍ ....
സങ്കടം ഉണര്‍ത്തുന്ന ഒരു നേര്‍ത്ത വരയായീ
അവള്‍ മാറിയത് എപ്പോഴാണ് ..? 

Sunday, January 2, 2011

നഷ്ടം



സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ ഇല്ലാതെ ആകുമ്പോള്‍
അവന്‍ ജനിക്കുന്നു... നഷ്ടം
കൊഴിഞ്ഞ പൂക്കളുടെ ...കരിഞ്ഞ ഇന്നലെകളുടെ..
രൂപം ആണ് അവന്‌  ...
അവന്റെ രൂപം ദര്‍ശിക്കാത്തവര്‍
ഭാഗ്യതിനവകാശികള്‍   
ആരെയും ഭയപ്പെടുത്തുന്ന ...
നെടുവീര്‍പ്പിന്റെ.. ആലോചന ഇല്ലായ്മയുടെ .. ഭയാനക രൂപം
ആരും നടക്കാന്‍ മടിക്കുന്ന വഴികള്‍ താണ്ടാന്‍
അവനോളം സാമര്‍ത്ഥ്യം ആര്‍ക്കാണ്‌ ..?   
മോഹങ്ങള്‍   നടക്കാന്‍ മടിക്കുമ്പോള്‍ അവന്‍
ദൂരങ്ങള്‍ കീഴടക്കുന്നു

നഷ്ടങ്ങള്‍ക്ക്  എല്ലാം  ഒരേ മണമാണ്
വേദനയുടെ ...വിതുമ്പലുകലുടെ  മണം.
ഒരേ രുചിയാണ്...
ചോരയുടെ ...കണ്ണുനീരിന്റെ.. രുചി

അവനെ ശപിക്കാത്തവര്‍ ആരുണ്ട്..? .
ശാപങ്ങള്‍ ഏറ്റു വാങ്ങി  വളരെ വേഗത്തില്‍
അവന്‍ സഞ്ചരിക്കുന്നു..
പലര്‍ താണ്ടിയ വഴികള്‍  അവന്റെ സഞ്ചാരത്തിന് വേഗത തീര്‍ക്കുന്നു
നഷ്ടങ്ങളുടെ കണക്കുകള്‍ എടുക്കാതിരിക്കുക ...

അവനെ അവന്റെ വഴിക്ക് വിടുക..പോയ്ക്കോട്ടെ ...
പോയതൊന്നും നമ്മുടെതല്ലായിരുന്നു എന്നോര്‍ക്കുക
കാണാതിരിക്കാന്‍ ശ്രമിക്കുക !!!