Wednesday, June 29, 2016

എൻ്റെ ഗ്രാമത്തിലേക്ക് ...




pic from google
മനസ്സിലൊരു തുരുത്തുണ്ട്  
പച്ചപ്പിന്റെ ആ കൂടാരത്തിലേക്കു 
പിടിവിട്ടോടുന്ന മനസ്സിന്റെ വികൃതിയിൽ 
ഓർമകളുടെ  ഉള്ളിലേക്ക് ഊളിയിടുന്ന 
അനേകം വർണ്ണ മത്സ്യങ്ങളുണ്ട്... !  

ഉപരിതലത്തിൽ പേരറിയാപ്പൂക്കൾ 
വിടർത്തി  ഉള്ളിലെ നെടുവീർപ്പുകൾ 
പൂച്ചിരിയാക്കി മാറ്റുന്ന ഒരമ്മ തടാകമുണ്ട്‌...! 

മുൾവേലിപ്പടർപ്പിൽ വർണം തൂകി 
ആരെയോ കാത്തു നിൽക്കുന്ന വേലിപ്പരുത്തിയുടെ 
വിസ്മയ കാഴ്ച യുണ്ട് ...

ഇടവഴിയുടെ ചരിവിലൂടെ 
കുണുങ്ങിയൊഴുകുന്ന 
കൈത്തോടിന്റെ സ്വകാര്യതയിലേക്ക് 
കണ്ണുരുട്ടി നാവ് നീട്ടി  ഇരയെ കാക്കുന്ന 
മാക്കാച്ചി തവളകളുണ്ട് ...

നെറുകയിൽ ചുംബിച്ച് 
മുടിയിൽ തഴുകി  ഒരു നൂറു 
സ്നേഹ സുഗന്ധത്തിൽ 
മുക്കിത്തുവർത്തുന്ന 
തെക്കൻ കാറ്റിന്റെ പിതൃവാത്സല്യമുണ്ട്  ...


കരകവിഞ്ഞൊഴുകുന്ന 
പുഴയെ പാടലവർണത്താൽ പുതപ്പിച് 
തലയുയർത്തി നിൽക്കുന്ന 
റ്റുവഞ്ചി  മരക്കൂട്ടങ്ങളുടെ 
ഇടയിൽ അനസ്യുതം തുടരുന്ന 
കൂവലാൽ എന്നെ തോൽപ്പിച്ച 
പണ്ടത്തേ പാട്ടുകാരന്റെ ചിറകടിയൊച്ചയുണ്ട്