Friday, February 25, 2011

അമ്മക്ക്...

അകലെ നിന്ന് എത്തുന്ന ഒരു വിളിയായീ
നിന്റെ മകള്‍ ..
ഒഴുകിയെത്തുന്ന
നിന്റെ ചിലമ്പിച്ച വാക്കുകളില്‍ പാല്‍മണം... 
നിന്റെ ഓരോ വാക്കുകളിലും  
എന്റെ ബാല്യത്തിന്റെ നിഷ്കളങ്കത തുളുമ്പുന്നു ...
നീ ഞാനായത് എപ്പോള്‍ ..?
നിറം മങ്ങി പുറം കീറിയ  പുരാണ പുസ്തകത്തിന്റെ
താളില്‍ എന്റെ മുഖം ഒളിപ്പിച്ചു വച്ച്...
ജപമെന്ന ഭാവത്തില്‍ അതിലേക്കു മുഴുകുന്ന നിന്റെപകലുകള്‍ 
അറിയാന്‍ഞാന്‍ വൈകി.. 
 
കത്തുന്ന പകലുകളില്‍ നിന്റെ മകള്‍ ഭാഗ്യം തിരയുമ്പോള്‍ 
പെയ്യുന്ന നിന്റെ കണ്ണുകള്‍ കണ്ടില്ല എന്ന് നടിച്ചു ...
 
ആത്മാവിലെ ചേറുമണം
തീര്‍ക്കാന്‍ അത്തറുകള്‍ പോരാതെ വന്ന ഏതോ ഒരു ദിനത്തില്‍ ..
തിരിച്ചറിവിന്റെ തിരി തെളിച്ച  ഏതോ ഒരു വാക്കില്‍
നീ എന്ന ത്യാഗത്തിന്റെ മുഖം  എന്നെ 
വേട്ടയാടി തുടങ്ങി.... 
    
മാസത്തില്‍ വല്ലപ്പോഴും എത്തുന്ന പണമായീ..ഒരു വിളിയായീ
നീയുമായുള്ള എന്റെ ബന്ധം ...
മാറ്റിയ നെറികേടിന്റെ  കണക്കുകള്‍ നീ മറക്കുക ..
 
അറിയാതെ പോയ ആ മനസ്സു തേടി
കൈതപൂക്കുന്ന വഴികള്‍ താണ്ടി
ഞാന്‍ എത്തുന്നത്‌ വരെ നീ ഉറങ്ങരുത്
കാത്തിരിക്കുക ആ കൈത്തിരി കെടാതെ .....

Monday, February 21, 2011

കനവ്‌

   
രാവിന്റെ രണ്ടാം യാമത്തില്‍  എന്നും അവന്‍ ...
കാത്തിരിക്കാതെ ...കടന്നുവരാന്‍ അനുവാദം ചോദിക്കാതെ ..
എന്റെ കനവുകളിലേക്ക്..
നനുത്ത പുഞ്ചിരിയുമായീ..
കടന്നുവന്നു കൊണ്ടേ ഇരുന്നു... 
വരവുകളില്‍ കാല്പനികത ചാലിച്ച്‌
അവ്യക്തത സമ്മാനിച്ച്‌ ..
പുലരികളില്‍ പടിയിറങ്ങുന്ന ആ കനവിനെ.. 
ഉറക്കമെന്ന കിനാവള്ളി  കൊണ്ട് പിടിച്ചു നിര്‍ത്താന്‍
എന്റെ ഉള്ളം വെമ്പി...
ഒരു മാത്ര മാത്രം കണ്ട  ആ കനവെന്റെ കളിത്തോഴനായ കാലം
ഞാന്‍ ഉറക്കത്തെ വല്ലാതെ സ്നേഹിച്ചു തുടങ്ങി ..
ഉറങ്ങിതീര്‍ത്ത രാവുകള്‍ പകലുകള്‍ക്ക്‌ വഴിമാറിയ
ഏതോ ഒരു മേടമാസ പുലരിയില്‍
ആ കനവെന്റെ പടികടന്നു വന്നു ...
എന്നെ കൈവെള്ളയില്‍ കരുതിയ പുടവയില്‍
പുതപ്പിച്ചു കൂടെക്കൂട്ടി .....
 
  

Saturday, February 19, 2011

അകല്‍ച്ച

അരുതെന്ന് ചൊല്ലി തടയുമെന്നോര്‍ത്തു ഞാന്‍
പടിയിലേക്കെത്തി തിരിഞ്ഞു നോക്കേ ..
അവസാനം കണ്ട ആ ചിരിയില്‍ നിന്‍
പരിഹാസം പരിഭവം ആയെന്നില്‍ 
നിറഞ്ഞു നിന്നു....
 
അവസാനം ചൊല്ലിയ വാക്കിന്റെ
നൊമ്പരം അറിയാതെ എന്നുള്ളില്‍ തീ പടര്‍ത്തീ 
മഴയായീ പെയ്തു നീ..
അണക്കാതിരുന്നെന്നാല്‍..കനലിന്റെ ചൂടില്‍ ഞാന്‍
ഉരുകിവീഴും ...
       
പിടിവിട്ടു പോകുന്ന മനസ്സിന്റെ ...
കൂട്ടിലെന്‍ പ്രിയ മൈന വീണ്ടും ചിറകടിച്ചു
അകലുവാണ് എന്‍  വിധിയെന്നാല്‍ ...പിന്നെ ആ  
അരുതെന്ന വാക്കിനും അര്‍ത്ഥമില്ല  ...
   

Wednesday, February 16, 2011

വാസവദത്ത

പിറന്നത്‌ ദേവദാസിയുടെ മടിത്തട്ടില്‍ 
വളര്‍ന്നത്‌ കണ്ണിണകള്‍ കൊണ്ട് കാര്യം നേടുന്നവരുടെ ഇടയില്‍...
വാസവദത്ത ..സൌന്ദര്യത്തിന്റെ പര്യായം ...    
ചോദിക്കുന്നതെന്തും കൊടുക്കാന്‍ തയ്യാറായീ
നില്‍ക്കുന്ന കോടീശ്വര പ്രഭുക്കന്‍ മാരെ മറന്നു  
 അവളുടെ മനസ്സില്‍ ഒരു സന്യാസി കുടിയേറി...
സമയമായില്ല എന്നാ വിലക്കുകള്‍ വക വെക്കാതെ 
അവള്‍ സ്നേഹിച്ച ബുദ്ധഭിക്ഷു ..
അവള്‍ക്കു ലഭിച്ച അവസാന സമ്മാനമായീ ..
അവസാന ശാസ്വം    അടരും മുന്‍പ് ഒന്ന് കാണാന്‍
മോഹിച്ച് അവള്‍ ...
വേദനകാര്‍ന്നു   തിന്നുന്ന മനസ്സുമായീ
സമയമായില്ല എന്ന വിലക്കിന്റെ അവസാന
നാഴിക മണി മുഴക്കത്തിനായീ...
നീശബ്ദതയുടെ   അവസാനയാമത്തില്‍  
ജീവന്റെ അവസാനകണിക പൊലിയും മുന്‍പ്
അവന്റെ വരവ് .....
ആ കണ്ണുകളിലെ സ്നേഹത്തിന്റെ  തീവ്രതയില്‍..
ആ വാക്കുകളുടെ തണുപ്പില്‍
വേദനകള്‍ എല്ലാം 
ഭൂമിയില്‍ ഉപേക്ഷിച്ചു ... 
വാസവദത്ത ..യാത്രയായീ  
 
  

Monday, February 7, 2011

വാക്കുകള്‍

അവ ഒഴുകി കൊണ്ടിരുന്നു
അര്‍ഥമില്ലാത്ത..വാക്കുകള്‍
 
അര്‍ഥങ്ങള്‍ ഏറെ ഉള്ള ... വാക്കുകള്‍
 
ഉടയാടകളില്ലാത്ത....വാക്കുകള്‍
 
വര്‍ണ   ഉടയാടകളില്‍ പൊതിഞ്ഞ  .. വാക്കുകള്‍
 
അവയുടെ സാമീപ്യം എന്നെ  ചിരിപ്പിക്കുകയും
ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും   ചെയ്യുന്നു .
 
പൊള്ളത്തരങ്ങള്‍ ഇല്ലാത്ത അവയുടെ
അഗമനം എന്നിലെ കടുകട്ടിയായ
തീരുമാനങ്ങളെ തിരുത്തി..
 
കള്ളത്തരങ്ങള്‍ നിറഞ്ഞ അവരുടെ മുഖത്തേക്ക് 
എന്റെ മനസ്സിന്റെ വാതായനങ്ങള്‍ ഞാന്‍ വലിച്ചടച്ചു 
 
നിറമില്ലാത്ത അര്‍ഥങ്ങള്‍ ഇല്ലാത്ത വാക്കുകള്‍
എന്റെ വാതിലില്‍ മുട്ടി വിളിക്കുകയാണ്‌
 
അതിലെന്റെ ഭൂതവും വര്‍ത്തമാനവും
ഭാവിയും ഇഴ ചേര്‍ന്നിരിക്കുന്നു ..
 
 
     

Wednesday, February 2, 2011

തെച്ചി പൂവിന്റെ വിത്ത്

 
കടലുകള്‍ ചുവന്ന ഒരു സായാഹ്നത്തിലാണ് 
ആകാശം താണ്ടി ചിറകുകള്‍ ഉള്ള ആ വിത്ത് 
പറന്നു വന്നത്  ..മുളക്കാനുള്ള മണ്ണ് തേടി ഉള്ള പറന്നു നടപ്പിന്റെ 
അന്ത്യം  എന്റെ പുസ്തകതാളില്‍   ആയിരുന്നു
 
അവിടെ പച്ച മണ്ണിന്റെ   മണമുള്ള ഒരു താളില്‍
അതിന്റെ വേരുകള്‍  ആഴ്ന്നു ..
ആദ്യത്തെ ഇല വന്നത് കാണാന്‍ അക്ഷരങ്ങള്‍ വിരുന്നു വന്നു
നനക്കാന്‍ തുലാ മഴ നേരം തെറ്റി വന്നു
ആദ്യത്തെ പൂവന്നത് കാണാനെത്തിയ കാറ്റിന്റെ കവിളില്‍
തെച്ചി പൂവിന്റെ ചുവപ്പ്...
വിരുന്നെത്തിയ വണ്ടിന്റെ കറതീര്‍ന്ന കറുപ്പില്‍
തെച്ചി പൂവിന്റെ നിറം നീല ആയീ ..വെള്ള ആയീ
നിറം അറ്റ് തെച്ചി പൂ അക്ഷരലോകത്തു നിന്നും പടിയിറങ്ങി..