Sunday, September 7, 2014

ഓണത്തിന്റെ തിരിച്ചു വരവ്









നക്ഷത്ര പൊട്ടുകൾ  ചേർത്ത് വെച്ച് അച്ഛന്റെ പ്രിയ
സ്നേഹിതൻ  'പൊടിയൻ' തുന്നിതരുന്ന പട്ടു പാവാടയുടെ നിറമായിരുന്നു
എന്റെ ഓണ പകലുകൾക്ക്‌ .....

ഉത്രാട രാത്രിയിൽ അച്ഛൻ വറുത്തു കോരുന്ന ചേമ്പുപ്പേരിയുടെ
കൊതിപ്പിക്കുന്ന മണമായിരുന്നു എന്റെ ഓണ രാവുകൾക്ക്‌ ....

ഊഞ്ഞലിടാൻ ഏതു വലിയ മരത്തിലും കയറുന്ന അച്ഛനെ
നോക്കി ...വീണാൽ താഴെ നിന്ന് പിടിക്കാൻ കൈ നീട്ടി നിൽക്കുന്ന
പേടിച്ചരണ്ട രണ്ട് കുഞ്ഞി കണ്ണുകൾക്ക് ഓണം അച്ഛനായിരുന്നു .....

ഇലയിൽ വിളമ്പിയ വിഭവങ്ങളൾ ചേർത്തുരുട്ടി അച്ഛൻ തരുന്ന
ആ ഒരുരുളയായിരുന്നു എന്റെ ഓണസദ്യ ...


പിന്നെ ..ഒരോണ പകലിനു മുൻപേ അച്ഛൻ
ഇലയിൽ കിടന്നു ..പിന്നെ വിറകിൽ കിടന്നു
പിന്നെ അഗ്നിനാളത്തിൽ കിടന്നു ....
പിന്നെയെന്റെ ഓണങ്ങൾക്ക് കത്തുന്ന അച്ഛന്റെ മണമായിരുന്നു .....

വർഷങ്ങൾക്ക് ശേഷം എന്റെ അച്ഛൻ
തിരിച്ചു വന്നു ...ഒരു ഓണ നാളിൽ ...
അമ്മേ ..എന്റെ ഉരുള എവിടെ ?
എന്ന് ചോദിച്ച് എന്നെ വട്ടം പിടിച്ചു ....
എന്റെ ഓണത്തിനിപ്പോൾ പാൽമണമുള്ള
കുസൃതി നിറഞ്ഞ ഒരു കുരുന്നിന്റെ മണമാണ് ...