Thursday, December 30, 2010

വിട...!!!ജീവിത ത്തിന്റെ   ചുവരില്‍  എഴുതിച്ചേര്‍ക്കാന്‍
മറ്റൊരു ചിത്രം കൂടി നല്‍കി
കാലത്തിന്റെ മറ്റൊരു താളുകൂടി മറിയുന്നു
ഓര്‍ക്കാനും ഒഴിവാക്കാനും ഏറെ
കരുതിവെക്കാനും കാത്തിരിക്കാനും ഏറെ

നീ പോകുമ്പോള്‍ ഞാന്‍ അറിയുന്നു
എനിക്ക് നീ ഇന്നലെ ആയിരുന്നില്ല
എന്റെ ഇന്നിന്റെ പിറവിക്കു
കാരണക്കാരന്‍ ആയിരുന്നു എന്ന്..

വിട ചോദിച്ചു  വിതുമ്പിയ നിന്റെ കണ്ണുനീര്‍ 
എന്റെ മനസ്സില്‍ ജരയായീ മാറുന്നു 
നിന്റെ ഗദ്ഗദങ്ങള്‍ എന്റെ കണ്ണുകളെ നരപ്പിക്കുന്നു
നിനക്ക് വിടനല്‍കാന്‍ ആഖോഷങ്ങള്‍ എന്തിന്..?

അരുതെന്ന  വിലക്കിന് നിന്നെ തടയാനാകുമോ..?
നീ കാലത്തിന്റെ പുത്രന്‍....
നിനക്ക് മടങ്ങാതിരിക്കാന്‍    ആവില്ല എന്ന
സത്യം എന്നെ മരവിപ്പിക്കുന്നു..
ഞാന്‍ വിട ചോദിക്കുന്നു
നീ വെറും വാക്ക് പറയും മുന്‍പേ.. 

(രണ്ടായിരത്തി പത്ത് ഇനി തിരിച്ചു വരില്ല...വിട ) 

Saturday, December 25, 2010

വിരഹം

മറുവാക്ക് ചൊല്ലാതെ നീ
പോയ വഴി നോക്കി എന്റെ മൌനം കേഴുന്നു
നിന്റെ കര്‍പൂര   ഗന്ധം ഇല്ലാത്ത കാറ്റും 
കാഞ്ഞിരച്ചില്ലയില്‍ മരണം തേടുന്നു...
 
നീ മറന്നുകളഞ്ഞ കളിവാക്കുകളുടെ    
മൈതാനത്തില്‍ കാലികള്‍ മേഞ്ഞു നടക്കുന്നു
നീ ഇല്ലാത്ത  ശൂന്യതയുടെ വന്യമായ നോട്ടം 
എന്നെ വലയ്ക്കുന്നു
നിന്റെ വാക്കുകള്‍ ഇല്ലാത്ത വെളിച്ചം കുറഞ്ഞ ഇടനാഴികള്‍ 
എന്നെ ഇരുട്ടിന്റെ അഗാധ തലങ്ങളില്‍ തനിച്ചാക്കുന്നു...

നിന്നെ കാത്തു കണ്ണുകള്‍ വേദനിക്കുകയാണ്...
നീ ഇല്ല എന്ന   സത്യം എന്നെ നോക്കി ചിരിക്കുന്നു
ഇന്നലെ നീ ചൊന്ന വാക്കിന്റെ  മാറ്റൊലികള്‍  
ഇന്നത്തെ എന്നെ തണുപ്പിക്കുന്നു..
നിന്റെ തീവ്രത നിറഞ്ഞ  നോട്ടത്തില്‍
എന്റെ പകലുകള്‍ ഉരുകുന്നു...
നീ ഉപേക്ഷിച്ച ഇന്നലയുടെ വാതിലുകളില്‍
കടവാതിലുകള്‍ തലകീഴായീ ആടുന്നു
നിന്റെ മൌനങ്ങളില്‍   കുറുനരികള്‍ കേഴുന്നു
നീ പറയാതെ പോയ വാക്കുകളില്‍
ഉറുമ്പുകള്‍ കൂടുകള്‍ വെക്കുന്നു
ദാഹം തീര്‍ക്കാന്‍ ഒരു പുതുമഴ തേടി
എന്റെ വേഴാമ്പല്‍ കുറുകുന്നു

Friday, December 24, 2010

ഭീഷ്മര്‍
വിധിയുടെ കള്ളക്കളിയില്‍ തോല്‍ക്കാതെ
കാലത്തെ വിളിപ്പുറത്ത് നിര്‍ത്തിയവന്‍
ശരപന്ജരം മലര്‍ മെത്തയാക്കി
മരണത്തെ വെല്ലു വിളിച്ച ധീരനായ പോരാളീ

പിതാമഹന്‍ എന്ന് വിളിച്ചവരുടെ നേര്‍ക്കും
ആഗ്നേയ അസ്ത്രങ്ങള്‍ തൊടുക്കാന്‍ മടിക്കാതിരുന്ന
അനിഷേധ്യനായ ഭരണാധികാരി..

വിധിയോടു പൊരുതി വെറുപ്പിന്റെ തീജ്വാല
വിയര്‍പ്പു തുള്ളികള്‍ ആക്കിയ
കറതീര്‍ന്ന മനുഷ്യ സ്നേഹി

ബന്ധങ്ങള്‍ക്ക് വേണ്ടി രാജ്യം ത്യജിച്ച
സത്യത്തിന്റെ കാവല്‍ ക്കാരന്‍
അമ്മക്ക് വേണ്ടി വേണ്ടി  മനസു തേങ്ങിയപ്പോള്‍
ഗംഗാജലമായീ മാറിയ അമ്മയുടെ മുലപ്പാലില്‍
സംതൃപ്തി   തേടിയവന്‍ ....

(Dedicated to Karunakarjee)

Wednesday, December 22, 2010

ഗന്ധര്‍വന്‍


ഗ്രാമം പാതി ഉറക്കത്തിലായ  
ഒരു പൂത്തിരുവാതിര രാത്രിയില്‍
തെച്ചിയുടെയും ചെമ്പകത്തിന്റെയും     മണം നിറഞ്ഞ
ഒരു കാറ്റു പോലെ  ...അവന്‍ ഭൂമിയിലേക്ക്‌ യാത്രയായീ
പാലയും,ഇലഞ്ഞിയും , ചെണ്ടുമല്ലിയും  അകാലത്തില്‍
 പൂത്തു   നിറഞ്ഞു ...
ഇരുണ്ടു നിന്ന മാനത്ത്‌ നക്ഷത്രങ്ങളുടെ പൂത്തിരി 
പേര് അറിയാത്ത ഏതോ രാക്കിളി   പാട്ടില്‍  
ഗ്രാമം ഉറങ്ങിയ നേരം...
വെണ്‍     മേഖങ്ങള്‍  ഒരുക്കിയ തേരില്‍
അവന്‍ ഭൂമിയിലേക്കിറങ്ങി...

കണ്ണുകളില്‍ വശ്യതയും ചുണ്ടില്‍ കവിതയും ആയീ
കാമിനി മാരുടെ സ്വപ്നങ്ങളില്‍    മാത്രം ജീവിച്ചിരുന്ന
പുഷ്പ ഗന്ധങ്ങളുടെ കൂട്ടുകാരന്‍ ...ഗന്ധര്‍വന്‍
ദേവ സദസ്സിലെ പാട്ടുകാരന്‍ ... 
ചുവടുകള്‍ സ്പര്‍ശിച്ച ഓരോ പുല്ലിലും പൂ വിരിയിച്ചു
കണ്ടും കാണാതെയും മോഹിച്ച ഓരോ പെണ്ണിനും
കവിളില്‍ ചുവപ്പ് നല്‍കി അവന്‍ കാവിന്റെ നട കയറി...
കല്ലായി ഇരിക്കാന്‍ ലഭിച്ച കാവിന്റെ നിഗൂഡതയില്‍
കാലത്തിന്റെ കടുത്ത ശിക്ഷ കാവ്യമാക്കി  മാറ്റി
കാമിനിയുടെ കമനീയ രൂപം മനസ്സില്‍ പ്രതിഷ്ട്ടിച്ചു  
കാഞ്ചന ശിലയായീ അവന്‍ കാത്തിരുന്നു  
അവന്റെ യക്ഷിയുടെ പുനര്‍ ജന്മത്തിനായീ ...

Tuesday, December 21, 2010

വേനല്‍ മഴവെയിലും മഴയും ഒത്തുചേര്‍ന്ന നിമിഷം
മഴയുടെ താളം തുള്ളുന്ന  മനസ്സിന്റെ ചേര്‍ത്ത് നിര്‍ത്തി
വെയില്‍ പറഞ്ഞു
കാലം ഇത് അറിയണ്ട ..!!

കാലത്തിന്റെ കണക്കു പുസ്തകത്തില്‍
മഴക്കൊരു സമയം വെയിലിനു വേറൊന്നും
പിന്നെ എന്തേ ...?..വെയിലിന്റെ തീഷ്ണതക്ക്..  
മഴ മൊഴി മറു മൊഴിയായനിമിഷം..
 
ഇത് കാലത്തിന്റെ കണക്കു പുസ്തകത്തില്‍ 
ആകാശത്തിലെ അക്ഷരങ്ങളുടെ കൂട്ടുകാരന്‍
എഴുതിച്ചേര്‍ത്ത അപൂര്‍വ നിമിഷം
കവിതയും കവിയും ഒന്നിക്കാന്‍
കാലത്തിന്റെ വികൃതി ..

Monday, December 20, 2010

നിഴല്‍

നിഴലിന്റെ  പുറകിലെ   നിഴലിനെ തേടി
അലഞ്ഞു തീരുന്ന ദിനങ്ങള്‍... 
കരുതി വച്ചിരുന്ന കൂട്ടിലവനെ  അടച്ചിടാന്‍ 
വെമ്പുന്ന   മനസ്സ്‌..
വലുതാകുകയും ചെറുതാകുകയും ചെയുന്ന
സമയത്തിന്റെ കാവല്‍ക്കാരന്‍...
നിഴല്‍!!!
നീ എന്നെ മരണത്തിന്റെ മറുപുറം ഓര്‍മിപ്പിക്കുന്നു
സൌഹൃദത്തിന്റെ ബാക്കി പത്രം നീ എഴുതി തള്ളുന്നു
നീ നിലാവിന്റെ കൂട്ടുകാരന്‍
പകലിന്റെ തടവുകാരന്‍
നിഴല്‍!!!
നീ എവിടെ! എന്ന് ചോദിച്ചു തിരിയുമ്പോള്‍
മുന്‍പില്‍ കള്ള ചിരിയുമായീ ബാലഭാവത്തില്‍ അവന്‍
ഇപ്പൊ പിടിക്കും! എന്ന നേരംപോക്കില്‍
പൊട്ടിചിരിയുമായീ   പുറകില്‍  പതുങ്ങുന്ന
അവന്റെ കുസൃതി ..
എന്റെ ഒപ്പം എപ്പോഴും ഉണ്ട് എന്ന ...
ഓര്‍മപ്പെടുത്തലിനായീ    ഒളിച്ചു കളിക്കുന്ന
കള്ളത്തരത്തിന്റെ   ബാക്കിപത്രം ...
നിന്റെ ജനനം എനിക്ക് മുന്‍പോ പിന്‍പോ..?
നീ പോകുന്നത് എവിടേക്ക് ..
നീ മടങ്ങിവരുന്ന പാതകള്‍ വേഗതയേറിയവ..
മടങ്ങുന്ന വഴികള്‍ താണ്ടാന്‍ പ്രയാസം        

നിന്റെ പ്രയാണത്തിന്റെ അന്ത്യ വിധികര്‍താവ് ആര്      

Sunday, December 19, 2010

പൂതന
പൂതന
പൂപോലെ തനു (ശരീരം) ഉള്ളവള്‍  ..
പൂ വിരിയും പോലെ ചിരിക്കുന്നവള്‍...
പൂവിതള്‍ പോലെ കണ്ണ് ഉള്ളവള്‍  ..
പൂമ്പാറ്റ പോലെ പാറി നടന്നവള്‍ ...
അവള്‍ക്കായിരുന്നു നിയോഗം ..
അമ്പാടികുട്ടനെ മാറിലേറ്റുവാന്‍
അവളുടെ കനവുകളില്‍ കണ്ണന്‍
ചേക്കേറിയത് കംസ നിയോഗത്തിനും 
എത്രയോ മുന്‍പ് ...
ആ സാമീപ്യം കണ്ണന്റെ   ജനനത്തിനും മുന്‍പ് എഴുതപ്പെട്ടതാണ്
എത്രയോ രാത്രികള്‍ അമ്മേ!! എന്ന കണ്ണന്റെ
വിളിയില്‍ മനം അമ്പാടിയും കടന്നു പോയിട്ടുണ്ട്
ആ നിയോഗം കാത്തിരുന്നതല്ല...
കൈവന്നതാണ് !!!
ഇതാ പൂതന.....
അവളുടെ കണ്ണുകളില്‍ കത്തിനിന്നത്‌...
അമ്മയാകാനുള്ള ജന്മാന്തര ദാഹം..
അവളുടെ മാറ് ചുരന്ന് ഒഴുകിയത് മതി  വരാത്ത സ്നേഹം
അവളുടെ ചിതയില്‍ കത്തി നിന്നത് 
അകിലിന്റെ മണം പരത്തിയ മാതൃ വാത്സല്യം
കണ്ണന് ജന്മം നല്കാന്‍
കഴിയാതെതന്നെ   അമ്മയുടെ പദം നേടിയ
പുണ്യ ജന്മം  

Thursday, December 16, 2010

കാത്തിരുപ്പ്

<br/><a href="http://oi53.tinypic.com/alktnq.jpg" target="_blank">View Raw Image</a>
കാത്തിരുപ്പ്...
ജീവിതം തന്നെ ഒരു കാത്തിരുപ്പാണ്
കുട്ടിയായീ   ഇരിക്കുമ്പോള്‍ 
വളരാനുള്ള കാത്തിരുപ്പ്..
അച്ഛനെയും അമ്മയെയും മറികടന്നു 
സ്വന്തം തീരുമാനങ്ങള്‍  നടപ്പിലാക്കാന്‍
കാത്തിരിക്കുന്ന കൌമാരം...
ജീവിതം   കരുപ്പിടിപ്പിക്കാന്‍  ഒരു
ജോലി തേടി വാതിലുകള്‍ മുട്ടി മടുക്കുന്ന 
യൌവനം ...പിന്നെ വരാന്‍ പോകുന്ന
ജീവിത പങ്കാളിക്ക് വേണ്ടി ഉള്ള കാത്തിരുപ്പ്... 
 
പിന്നെ ജീവിത യാത്രയില്‍
താങ്ങ് ആയീ   തണലായീ
നില്ക്കാന്‍ ഒരു കുഞ്ഞിനു വേണ്ടി
കാത്തിരുപ്പ് ... 
അലഞ്ഞു തീരുന്ന ദിനങ്ങള്‍ 
നല്‍കുന്ന മടുപ്പില്‍ വരാനുള്ള നാളയെ
മക്കളില്‍ കൂടെ സ്വപ്നം കണ്ടു 
തള്ളിനീക്കുന്ന മധ്യ വയസ്കര്‍..
കഴിഞ്ഞു പോയ ഇന്നലകളെ പഴിച്ചു 
മരണത്തെ ഭയന്ന് 
മരിക്കാതിരിക്കാനുള്ള മരുന്നുകള്‍ കഴിച്ചു
മടുപ്പ് ഏറിയ   ദിനങ്ങള്‍ തള്ളിനീക്കുന്ന വാര്‍ദ്ധക്യം..
അവസാനം ഒന്ന് വേഗം എത്തിച്ചേരാന്‍  
മരണത്തോട്  അപേക്ഷിക്കുന്ന അവസ്ഥ
വീണ്ടും ജനനത്തിനയീ   രൂപമില്ലാത്ത കാത്തിരുപ്പ്
കാത്തിരുപ്പ് ഒരിക്കലും അവസാനിക്കുന്നില്ല...        

Tuesday, December 14, 2010

പിരിഞ്ഞു പോക്ക്


അങ്ങനെ ആ ദിവസവും എത്തി
പിരിഞ്ഞു പോകേണ്ട ദിവസം
സുഹൃത്തുക്കള്‍ നല്‍കിയ അവസാന വാക്കുകള്‍
മാത്രം ഓര്‍മയില്‍ അവശേഷിക്കും 

കൈകാലുകള്‍ വിറച്ചു..
ഉറ്റുനോക്കുന്ന അനേകം കണ്ണുകള്‍ക്ക്‌ നടുവില്‍
ഒരു നോക്ക് കുത്തിയേപ്പോല്‍ നിന്നത്
ഇപ്പോഴും ഓര്‍മയുണ്ട് 
പഠിപ്പിക്കേണ്ടതൊന്നും  തോന്നാതെ 
കുട്ടികളുടെ കലപിലയില്‍ നീശബ്ദമായ നിമിഷങ്ങള്‍ ...
 
നീണ്ട പത്തു വര്‍ഷം...
മുഖങ്ങള്‍ ഇല്ലാത്ത അനേകം കുട്ടികളുടെ ഓര്‍മ
ചോക്കു പൊടി തങ്ങിനില്‍ക്കുന്ന അന്തരീഷം'
കല പില ശബ്ദം കൂട്ടുന്ന കുട്ടികളുടെ 
ഇടയില്‍ ഒരു കുട്ടിയായീ കൂടിയ ദിനങ്ങള്‍
കൈപിടിച്ച് നടത്തിയവര്‍ കൈകളില്‍ ...
പിടിച്ചു കാറിനു അടുത്തേക്ക്  നടത്തിയപ്പോള്‍ ...
വിതുമ്പി പോയീ

എല്ലാം ഓര്‍മ ആയിത്തീര്‍ന്നു    

Sunday, December 12, 2010

കൂട്ടുകാരന്‍

 
 
എനിക്ക് കളഞ്ഞു കിട്ടിയതാണ് അവനെ...
രാവും പകലും  കൈകോര്‍ത്ത് നിന്ന
ഒരു മൂവന്തിക്ക്‌ ...!! 
അവന്‍ വന്നു... വിളിക്കാതെ ...കണ്ണുകളില്‍ കുസൃതി നിറച്ച്..
വാക്കുകളില്‍ നിലാവിന്റെ ശീതളിമ ചാലിച്ച്..  
എന്റെ കുസൃതികളില്‍!!കുറുമ്പ് ആകാന്‍  ..  
എന്റെ കൌമാര കിനാക്കളില്‍ ഞാന്‍ അറിയാതെ ആഗ്രഹിച്ച..
എന്റെ കൂട്ടുകാരന്‍
എന്റെ കുസൃതികള്‍ക്ക് 
മറുപടി ഇല്ലാതുള്ള ചിരിയായിരുന്നു
അവന്റെ മുഖത്ത് എപ്പോഴും!!!
എന്റെ പിണക്കങ്ങള്‍ക്ക്‌
ഞാന്‍ അതിറിഞ്ഞില്ല എന്ന ഭാവവും!!
 
എന്റെ ജയങ്ങള്‍ക്ക് വേണ്ടി അവന്‍ തോറ്റു തന്നു..
എന്റെ പരാജയങ്ങളില്‍ മൌനമാര്‍ന്നു
എന്റെ വേദനകള്‍ ഞാന്‍ അവന്റെ തോളിലേറ്റി  
എന്റെ പരാജയങ്ങള്‍ ! അവന്‍ വിജയങ്ങള്‍ ആക്കി     
 ഞാന്‍ തളര്‍ന്നിടത്‌..എനിക്ക് താങ്ങയീ ... 
എന്റെ കഥകള്‍ക്ക് വേണ്ടി
ചെവിയോര്‍ത്ത്..എന്റെ പ്രിയപ്പെട്ടവന്‍
 
എന്റെ പിണക്കങ്ങള്‍ !! ഞാന്‍ പോലുമറിയാതെ 
ഇണക്കങ്ങള്‍ ആക്കി മാറ്റുന്നവന്‍..

കരച്ചിലില്‍   ഊര്‍ന്ന   ചിരിയുടെ..
അവസാനത്തെ അവകാശി  ...
 

Saturday, December 11, 2010

അഹം

 
ഞാനെന്ന   ഭാവത്തിന്റെ വിത്ത്  ..
അവനായിട്ടാണ്  വിതച്ചത് നില്‍ക്കുന്ന മണ്ണില്‍ തന്നെ..!!!
അരുതെന്ന വിളക്കുകള്‍ വക വെച്ചില്ല !
അഹമെന്ന ഭാവം അതിനെ തടഞ്ഞു..
 
അവന്‍ വിതച്ച വിത്തുകള്‍  വേഗം വളര്‍ന്നു
അവന്‍ നിന്ന സ്ഥലത്തെല്ലാം വേരുകള്‍ ആഴത്തില്‍ പടര്‍ന്നു
അവന്റെ വീട് തകര്‍ത്തു അവ മുകളിലേക്ക്
ശാഖകള്‍ നീട്ടി ..
 
അവ മരം ആയീ തീര്‍ന്നപ്പോള്‍
എല്ലാവരും കാത്തിരുന്നു
ഫലം ഉണ്ടാകാന്‍..അവന്‍ ആ കാത്തിരുപ്പിനു
വളമിട്ടു ..നിന്ദയെന്ന വളം  !
 
അനേകം ഫലങ്ങള്‍   ഉണ്ടായി       
മൂത്ത് പഴുത്തു ഫലം പകമായപ്പോള്‍
അവ തലയില്‍ വീഴും എന്ന   മുന്നറിയിപ്പുകള്‍
വകവക്കാതെ അവന്‍ ആ തണലില്‍ വിശ്രമിച്ചു!
 
ഒടുവില്‍ ആ ദിനം വന്നു
മൂത്ത് പഴുത്ത ഒരു ഫലം തലയില്‍ വീണു
അവന്‍ ചത്തു..!
ശവം നാറി ..ആരും തിരിഞ്ഞു നോക്കാതെ..
അവന്റെ ശരീരം ആ മരത്തിനു വളം ആയീ . 
 
വഴി പോക്കര്‍ ചിരിച്ചു!!
അവന്റെ വിധിയില്‍ സഹതാപിച്ചില്ല
മരത്തിന്റെ  അനേകം വിത്തുകള്‍
വീണ്ടും മുളക്കാനയീ അവനെ പോലെ 
മറ്റൊരാളെ തേടി ഭൂമിയില്‍ ഒളിച്ചു കിടന്നു
    
  

Wednesday, December 8, 2010

മിഥ്യ

തെറ്റിവന്ന കാറ്റില്‍ ചന്ദനമണം നിനക്ക് മുന്‍പെ 
നിന്റെ സാന്നിധ്യം വിളിച്ചോതി ...
നിന്റെ കണ്ണുകള്‍
പുലര്‍കാല സൂര്യന്റെ പൊന്‍കതിര്‍   പോലെ
എന്നെ..പൊതിഞ്ഞു
വാക്കുകള്‍ ....
കേള്‍ക്കാത്ത പാട്ടിന്റെ 
പാടാത്ത ഈരടികള്‍ പോലെ....
 എന്നില്‍ നിറഞ്ഞു
നീ അഗ്നിയാണ് ..
എന്തിനെയും ശുദ്ധമാക്കുന്ന   അഗ്നി ...
നീ എന്ന അഗ്നിയ്ല്‍ ഞാന്‍ ദഹിക്കുംപോള്‍  
സത്യമേത് മിഥ്യ ഏത് എന്ന അതിര് ഞാന്‍ കടക്കുന്നു
നീ എന്ന വിധിയുടെ വിളയാട്ടത്തില്‍ 
 എന്റെ മനസ്സ് കുരുങ്ങുന്നു
എനിക്കൊളിക്കാന്‍ ഒരു കൂട് വേണം
നിന്റെ നെഞ്ചിനകത്ത്.
ചന്ദന മരത്തിന്റെ ചില്ല കൊണ്ട് തീര്‍ത്ത 
ആ കൂട്ടില്‍ എനിക്കുറങ്ങണം....എന്നെന്നേക്കുമായീ..!
എനിക്ക് നീ കാവല്‍ നില്കണം ...
എന്റെ ഉണര്‍ച്ചയില്‍ കണി ആകണം
കാവലിന്റെ    കണക്കുപുസ്തകം നീ
തുറക്കാതിരിക്കുക..
എന്റെ നാമം അതില്‍ മായാത്ത
മറയാത്ത   ഓര്‍മയാകട്ടെ....
നീ എന്ന മിഥ്യ... 
ഞാനെന്ന സത്യത്തില്‍ എരിഞ്ഞു തീരട്ടെ    
   

Friday, December 3, 2010

പുത്രന്‍

View Full Size Image
 
പും എന്ന നരകത്തില്‍ നിന്ന് 
രക്ഷ നല്കാന്‍ എനിക്കൊരു പുത്രനെ നല്‍കുക...  
കൂപ്പിയ കൈകള്‍ വിറയാര്‍ന്നു... 
 
ദൈവത്തിന്റെ തേജസ്വാര്‍ന്ന..
മുഖത്ത് കുസൃതിയോ...
ഗൌരവമോ  ...?
 
നിനക്ക്   ഞാന്‍ ധനം നല്‍കാം ...
ആയുസ്സ് നല്‍കാം നിന്റെ..
നിന്റെ ആഗ്രഹത്തിന് കടിഞ്ഞാണ്‍ ഇടാന്‍
ഞാന്‍ എന്താണ് തരേണ്ടത്‌ ..?
 
വേണ്ട ...എനിക്കൊരു മകന്‍ വേണം
എന്റെ ചിതക്ക്‌ തീ കൊളുത്താന്‍
എന്റെ ആഗ്രഹങ്ങള്‍ക്ക് അറുതി തീര്‍ത്തു
എന്റെ സ്വപ്ന ത്തിനു   തിലക കുറി  പോലെ ഒരു മകന്‍
 
ചോദിച്ചത് അധികമായീ  എന്ന് നിനക്ക്
തിരിച്ചറിവുണ്ടായാല്‍ ..
എന്നെ വിളിക്കരുത്!! കേഴരുത്!!
എന്റെ ദയയില്ലായ്മ ലോകത്തോട്‌
പറയരുത്!! പാടരുത്.!!..
നന്മയായാലും   തിന്മയായാലും നീ സഹിക്കുക ...
ദൈവത്തിന്റെ വാക്കുകള്‍ മനസ്സില്‍ ഒരു ചോദ്യച്ചിഹ്ന്നമായീ...
 
അവന്‍ വന്നു ..എന്റെ തീരാ വേദനയുടെ
അറുതിയായീ എന്റെ പുത്രന്‍ ..
അവന്റെ കണ്ണുകളില്‍ തീഷ്ണമായ   അഗ്നി...
കാഠിന്യം ..വാക്കുകളില്‍ 
 
പും എന്ന നരകത്തിനെക്കാള്‍  . .എന്നെ തളര്‍ത്തിയ
ഓര്‍മ്മകള്‍ ...ഒരു വഴി  ..തേടിയ എന്നില്‍
ചിരിതൂകുന്ന ദൈവത്തിന്റെ മുഖം
 
'നരകം സ്വയം സൃഷ്ടിക്കാ പെടുന്നതാണ്
അവ ചോദിച്ചു വാങ്ങുന്നവയാണ്
അത് അനുഭവിച്ചു തീരേണ്ടാവയാണ്..'   
നിനക്ക് വേണ്ടി തീരുമാനിച്ചത് നീ
അറിയുക അനുഭവിക്കുക'
ദൈവത്തെ പഴിക്കരുത്  
 
 
 

Monday, November 29, 2010

തിരച്ചില്‍

നീ ഇല്ലാത്ത പകല്‍ നേരങ്ങള്‍ എന്നെ
വല്ലാതെ നോവിക്കുന്നു..
 
നിന്റെ ഓര്‍മയില്‍ കുരുങ്ങികിടക്കുന്ന
എന്റെ ചിന്തകള്‍ എവിടെയാണ് അലയുന്നത്..?
 
തിരക്ക് പിടിച്ച ഇടവഴികളില്‍...
പച്ച പായല്‍ വളര്‍ന്നു നില്‍ക്കുന്ന കുളക്കരയില്‍..
വയലിന്റെ ഓര്‍മ്മകള്‍ മരിച്ചു തുടങ്ങിയ ..
ഇഷ്ടികകളങ്ങളില്‍..
ഒഴുകാന്‍ മറന്ന പുഴയുടെ വൃത്തികെട്ട പുതിയ രൂപത്തില്‍...
ഇടിഞ്ഞു വീഴാറായ വായന ശാലയുടെ 
നനഞ്ഞ മൂലയില്‍ ..   
ഞാന്‍   എന്തോ  തേടുന്നു...?
 
എന്റെ ഗ്രാമത്തിന്റെ ആത്മാവോ, നിന്നെയോ.?
അതോ എന്നെ തന്നെയോ
ഞാന്‍ തേടുന്നത്...
 
 
 
 

Sunday, November 28, 2010

പ്രണയത്തിന്റെ നിറം

 
പ്രണയത്തിനു പല നിറങ്ങളാണ്
 
സൌഹൃദത്തിന്റെ പച്ചനിറം.
മനസ്സിന്റെ അറിയാത്ത  കോണുകളില്‍
അര്‍ത്ഥമില്ലാത്ത സൌഹൃദങ്ങള്‍ സൂക്ഷിക്കുന്ന...
മനസ്സിന്റെ വികൃതി അതിനു പച്ചപ്പ്‌ കൊടുക്കുന്നു.
 
ബന്ധുതയുടെ നീല നിറം
വല്ലപ്പോഴും വന്നു പോകുന്ന ബന്ധുക്കള്‍ കാട്ടുന്ന
പൊള്ളയായ സ്നേഹ പ്രകടനത്തിന്റെ
വിഷം കലര്‍ന്ന നീല നിറം...
 
മനസ്സിന്റെ കോണില്‍ വേദനയായീ 
വിങ്ങലായി എന്നും അവശേഷിക്കുന്ന  
അറിയാതെ പോയ പ്രണയത്തിന്റെ
ചുവന്ന നിറം

മാ നിഷാദ!!!

മാ നിഷാദ!!!
തറച്ച അമ്പ്‌ വലിചൂരന്‍  കൈകള്‍ തരാത്ത
ദൈവത്തിനെ ശപിച്ചു കൊണ്ട്   ആ
ക്രൌന്ച്ച   മിഥുനം തേങ്ങി..
അരുതേ എന്ന തേങ്ങലില്‍
അലിയാതിരുന്ന ആ കാട്ടാള മനസ്സും   
ഒരു നിമിഷം പിടഞ്ഞുവോ..?
 
നെഞ്ചിലെ ചൂട് തണുപ്പയീ മാറുന്നതിനു മുന്‍പ്
വേദന നിറഞ്ഞ കണ്ണുകള്‍ കണ്ണുകളില്‍ ഉടക്കി..
നീ വരുന്നില്ലെ എന്ന ചോദ്യം
അവയില്‍ പ്രതിഫലിച്ചു ...
 
 മാ നിഷാദ!!!
ആദികാവ്യം പിറക്കാന്‍
രക്തബലി തന്നെ വേണ്ടി വന്നു...
അതിലൂടെ അനശ്വരനായ കിളിയെ ഓര്‍ത്തു..
തലമുറകള്‍ അഭിമാനം കൊണ്ടു..
അതിന്റെ ഇണയെ ആരോര്‍ത്തു...?
നഷ്ടം ആര്‍ക്കായിരുന്നു...
 മാ നിഷാദ!!!
രക്തം ചൊരിഞ്ഞു ഒരു കാവ്യവും
എഴുതപ്പെടാതെ ഇരിക്കട്ടെ!!!
 
( മുംബൈ ഭീകര  ആക്രമണത്തിന്റെ ഓര്‍മയ്ക്ക്)

Monday, November 22, 2010

എന്റെ കലാലയം

എന്റെ കലാലയം
 
അന്ന്  ഇടവഴിയില്‍ വീശിയ കാറ്റില്‍ ചെമ്പകം പൂത്ത മണം ആയിരുന്നു
അന്ന് എന്നെ സ്വീകരിക്കാനെന്നവണ്ണം...
പുളിവാകയില്‍ മഞ്ഞയും ചുവപ്പും കലര്‍ന്ന പൂക്കള്‍ വിരിഞ്ഞിരുന്നു..
കാലം തെറ്റി വന്ന മഴയില്‍ കുതിര്‍ന്ന എനിക്ക്
കുടയായീ നിന്ന പുളിവാക മരം...
 
ചെളി തെറിപ്പിച്ചു കടന്നു പോയ...
ചുവന്ന സര്‍കാര്‍ ബസ്‌..
കുട്ടികളെ പേടിപ്പിക്കുമായിരുന്ന
ചാവാലി എന്ന വൃദ്ധന്‍...
 
ഇടവഴിയില്‍ എന്നെ പിന്തുടരുന്ന നിന്റെ കണ്ണുകള്‍..
മനസ്സില്‍ മഴയായീ നീ പെയ്ത ദിനങ്ങള്‍ ...
വേദനയില്‍ കുതിര്‍ന്ന കലാലയ വേര്‍പാടുകള്‍ ...
വീണ്ടും കാണാം എന്ന വിശ്വസിക്കാന്‍ പറ്റാത്ത ആശ്വാസ വാക്കുകള്‍.
 
ചരിത്രം ഉറങ്ങുന്ന നാട്ടില്‍
ഇത് ഞാന്‍ എത്ര കണ്ടു എന്ന ഭാവത്തില്‍ തലയുയര്‍ത്തി
എന്റെ കലാലയം
ഓര്‍മ്മകള്‍ വേര്‍പെട്ട പൊട്ടിയ പട്ടം പോലെ...
മനസ്സ്  ഓടി ഓടി പോകുന്നതു അവിടേക്ക് തന്നെ
വീണ്ടും...
 
 

ബാലന്‍ സര്‍ മരിച്ചു

 
മുതല്‍ക്കൂട്ടായീ കിട്ടിയ കാലന്‍ കുടയില്‍ തൂങ്ങി
ബാലന്‍ സാറിന്റെ ഏന്തിയ നടപ്പ് മനസ്സില്‍ നിന്നും
മാറുന്നില്ല...
എന്തേ കുട്ടി ആ കഥ  വായിച്ചോ..?
എന്നാ ബാലന്‍ സാറിന്റെ ചോദ്യം ആണ്
എന്നെ വായനയുടെ ലോകത്തിലേക്ക്‌ ആദ്യം സ്വീകരിച്ചത്.
 
ജ്വരം  ബാധിച്ചു കിടപ്പിലായ  എന്നെ കാണാന്‍ അന്ന് വീട്ടില്‍ വന്ന അദേഹം
പഴങ്ങള്‍ക്ക് പകരം
പഞ്ചതന്ത്രം കഥകള്‍ കൈയില്‍ വച്ച് തന്നു...
കുട്ടി വായിച്ചു വളരൂ ട്ടോ ..?
എന്ന ഉപദേശം എന്നെ  പുസ്തകങ്ങളുടെ കൂട്ടുകാരി ആക്കി...
 
കുട്ടി
ഒരു അദ്ധ്യാപിക  ആകും..സാറിന്റെ  പ്രവചനം സത്യമായീ..
അനേകം കുരുന്നുകള്‍ ആദ്യാക്ഷരം ചൊല്ലുമ്പോള്‍
അരി വാങ്ങാന്‍ തികയാതിരുന്ന.. തുച്ചമായ സമ്പളം ഉപേക്ഷിച്ചു ഞാന്‍
മറ്റൊരു ജോലി തേടിയതറിയന്‍ അങ്ങ്...
ഇല്ലാതിരുന്നത് നന്നായീ
 
കുട്ടി എഴുതണം എന്ന അങ്ങയുടെ
വാക്കുകള്‍ സത്യമായീ
പക്ഷെ അങ്ങെവിടെ..?
അത് കാണാന്‍ നില്‍ക്കാതെ
യാത്രയായീ
അല്ലേ..?
 
 
 
 
 
 
 
 

മരവും കിളിയും

മരം കിളിയെ സ്നേഹിച്ചു
തണല്‍ കൊടുത്തു താരിലെ മധു കൊടുത്തു
തന്റേതെന്ന് അഹങ്കരിച്ചു...
 
പക്ഷെ കിളിക്ക്  മരം ...
ഒരു താല്‍ക്കാലിക വിശ്രമ കേന്ദ്രം ആയിരുന്നു...
കിളിക്ക് മരത്തിനെ സ്നേഹിക്കാന്‍ കഴിഞ്ഞില്ല...
അതിനു വേണ്ടത് കിട്ടാന്‍... 
കൊക്കുരുമ്മി ചിറകുരുമ്മി...
പാട്ടിലാക്കിയ   മരത്തിനെ
മറന്നു കിളി പറന്നു പോയീ!!!!!!!!!!
 
തന്റെതെന്നു കരുതിയ കിളി പോയ ദുഃഖത്തില്‍
മരം കരഞ്ഞു കറുത്ത് വിറകായീ മാറീ
അപ്പോള്‍   ഒരു മഴ പെയ്തു...
കനിവില്ലാത്ത   കര്‍ക്കിടക പേമാരീ
കിളി തേടി അലഞ്ഞ മരുപ്പച്ചകള്‍ ...
കിളിയെ കൈവിട്ടു
മരം തേടി കിളി വീണ്ടും പറന്നണഞ്ഞു
 
വിറകയീ മാറിയ മരം നോക്കി കിളി കരഞ്ഞു..
കിളിയുടെ കണ്ണുനീര്‍ വീണു മരം തളര്‍ന്നു
ആ കര്‍ക്കിടക മഴയില്‍ വീണു പോയ മരവും
തണുത്ത്‌ മരിച്ച കിളിയും....
പുനര്‍ജനി തേടി....

Saturday, November 20, 2010

സാവിത്രി

 
മകളേ നീ തിരിച്ചുപോകുക...
മരണത്തിന്റെ ചിലമ്പിച്ച  വാക്കുകള്‍
അവളുടെ നിശ്ചയ ദാര്ഷ്ട്യത്തിനു
കുംകുമകുറി ചാര്‍ത്തി..
കൂപ്പി പിടിച്ച കൈകള്‍ വിറയാര്‍ന്നു..
കണ്ണുകള്‍ ദൈന്യ ഭാവം വിട്ടു...
ചോദ്യ ഭാവമാര്‍ന്നു.
 
പറയാന്‍ ഒന്നുമില്ല മൃതുവിനോട് എങ്കിലും
പ്രിയനെ പിരിയാന്‍ വയ്യ എന്ന സത്യം
ആ മുഖത്ത് നിഴലിച്ചു...
ഞാന്‍ ഏകയാണ് എന്നാല്‍ അബല അല്ല..
എന്ന് ആ മുഖം വിളിച്ചു   പറഞ്ഞു
മകളേ നിനക്ക് ഞാന്‍ സൌഭാഗ്യങ്ങള്‍ തരാം
ഇവനെ എനിക്ക് തന്നേക്കു
മൃത്യു കേണു...
 
എന്റെ സൌഭാഗ്യമാണ്..
അവിടുത്തെ കയറില്‍ കുരുങ്ങിയത്...
സാവിത്രിയുടെ ശബ്ദം  ചാട്ടുളിയെക്കാള്‍ 
തീഷ്ണമായീ...
മരണത്തിന്റെ മനസ്സലിഞ്ഞു
നിനക്ക് ഞാന്‍ തിരിച്ചുതരുന്നു
നിന്റെ പ്രിയനെ....
പക്ഷെ എനിക്കൊന്നു വേണം ...
 
 
എന്ത്...അങ്ങേക്ക് എന്താണ് വേണ്ടത്..?
????????? 
ബലമാര്‍ന്ന നിന്റെ മനസ്സ് !!!!!!!!
അതിനി മൃതുവിനു സ്വന്തം.. 
മരണം പിക്കുന്നു !!
സ്ത്രീകള്‍ചപലകളാകട്ടെ !!
 
മൂര്‍ച്ചയേറിയ മനസ്സുകള്‍ എന്നെ പ്രധിരോധിക്കണ്ട..
 
അങ്ങനെ ഭവിക്കട്ടെ!! മറ്റൊരു സാവിത്രി പിറക്കും വരെ...
സാവിത്രി ചിരിതൂകി....
 .

Monday, November 15, 2010

മുത്തിയുടെ ചിരി

പല്ലില്ലാത്ത മോണ കാട്ടി
മുത്തി ചിരിച്ചു....മുത്തിയുടെ കൈകള്‍
ചുക്കിച്ചുളിഞ്ഞ്‌ പോയിരുന്നു
എന്താ പറ്റിയത്..മുത്തി..?
 
മോന് ഓര്‍മയുണ്ടാകില്ല
മോനെ ഞാന്‍ എടുത്തു നടന്നതാ..
ഈ കൈകളിലെ പാടുകള്‍ കണ്ടില്ലെ..?
അത് മോന്‍ കടിച്ചതാ...
 
മുത്തിയുടെ തിങ്ങി നിറഞ്ഞിരുന്ന മുടി..?
എന്താ പറ്റിയത്..മുത്തി..?
 
മുത്തിയുടെ  മുടി പിഴുതു
മോന്‍ കാറ്റില്‍ പറത്തിയപ്പോ..
അകലെ മണി കിലുങ്ങിയതും..
മോന്‍ കിലുകിലെ ചിരിച്ചതും മുത്തി ഓര്‍ക്കുന്നു
 
മുത്തിയുടെ കണ്ണുകള്‍ കുഴിയില്‍ ആണ്ടിരുന്നു
എന്താ പറ്റിയത്..മുത്തി..?
 
മോന്‍ പറയാതെ മുത്തിയെ വിട്ടു പോയില്ലെ ...?
കാത്തിരുന്ന് കുഴിഞ്ഞു പോയതാനാണ് മുത്തിയുടെ കണ്ണുകള്‍...
നാലു കണ്ണുകള്‍ അവ എങ്ങനെ എന്ന...
ചോദ്യത്തിന്റെ അവസാനം തേടി നിറഞ്ഞൊഴുകി...
 
അപ്പോഴും മുത്തി ചിരിച്ചു കരച്ചിലിലൂടെ...
ആ ചിരി വേനല്‍ മഴ പോലെ എന്നില്‍ നിറഞ്ഞു
 
 
 
 
 
 
 
 

Monday, November 8, 2010

എന്തിനായിരുന്നു..?

 
എന്തിനായിരുന്നു അന്ന് കമല കരഞ്ഞത്
കിട്ടാതിരുന്ന സ്നേഹം ഓര്‍ത്തോ..?
കിട്ടിയിട്ടും സ്വന്തമാക്കാന്‍ പറ്റാത്ത ദുരവസ്ഥയില്‍ മനം നൊന്തോ..?
 
കൂട്ടിയും കുറച്ചും കണക്കുകള്‍ നിരത്തി
ബന്ധങ്ങളുടെ നൂലാമാലയില്‍ പിടഞ്ഞ ആ മനസ്സില്‍
ഒരു നേര്‍ത്ത ഗീതമായീ പൊടിഞ്ഞ
ആ കണ്ണുനീര്‍ മുത്തുകള്‍ പറഞ്ഞത് എന്തായിരിക്കാം..?
 
അരുതെന്ന വിലക്കുകള്‍ നീ അത്ക്രമിച്ചു കടന്നവള്‍ അല്ലെ..?
പിന്നെ ആരെ ഓര്‍ത്തായിരുന്നു ആ മുത്തുമണികള്‍..ഭൂമിയില്‍ പതിച്ചത്
അവ എന്നെ നിന്റെ പുഞ്ചിരിപോഴിക്കുന്ന
 മുഖതിനെക്കള്‍ആകര്‍ഷിച്ചത്
എന്ത് കൊണ്ടാണ്..?
 
എന്തിനായിരുന്നു അന്ന് നീ കരഞ്ഞത്
 മറുപടി ഞാന്‍ആരോട് ചോദിക്കും..?
നീ ഇല്ലാത്ത കാലം അതിനു മറുപടി പറയുമോ..?

Saturday, November 6, 2010

കാത്തിരിക്കുന്നു നിനക്കായ്

<br/><a href="http://oi55.tinypic.com/muxv1y.jpg" target="_blank">View Raw Image</a>
വിളിപ്പുറത്ത് അവനുണ്ട്...
മറവിയാല്‍ മറന്നുവച്ച ഒരു മയില്‍‌പീലി പോലെ
മനസ്സിന്റെ കോണില്‍ ഒരു മുരളീ നാദമായ്..
 
ഞാന്‍
 ഇവിടെയുണ്ട്..നീ അറിയുന്നുണ്ടോ എന്നാ ചോദ്യം കണ്ണുകളില്‍..
പുഞ്ചിരിയാല്‍ മറക്കപ്പെട്ട എല്ലാം അറിയാം എന്നാ ഭാവം മറച്ചുവച്ച്
കള്ളച്ചിരിയില്‍ കപടത ഒതുക്കി..
എന്റെ കണ്ണന്‍
 
കവര്‍ന്നെടുക്കാന്‍ ഒരു പുഞ്ചിരിപോലും എന്നിലില്ല
വേദനയുടെ..ദുഖത്തിന്റെ കലര്‍പ്പില്ലാത്ത ദിവസങ്ങളും
എങ്കിലും കണ്ണാ
ഞാന്‍ കാത്തിരിക്കുന്നു നിനക്കായ്
 ഒരിക്കലെങ്കിലും..നീ വരുമെന്ന്
നിന്നെ കാണാന്‍ ആകുമെന്ന് എന്റെ മനസ്സു പറയുന്നു
അന്നെനിക്കുതരാന്‍
ഒരു പക്ഷെ ഒന്നും കാണില്ല...
നിനക്ക് വേണ്ടി സൂക്ഷിച്ചു വച്ച
അവില്‍ പൊതിപോലും...
പക്ഷെ...കാത്തിരിക്കുകയാണ്‌ ഞാന്‍ ..നിനക്കുവേണ്ടി
 
 
 
 
 
 
 
 
 
 

Monday, November 1, 2010

എന്റെ കവി..

 
കവിയുടെ അഭാവം എന്നെ വേദനിപ്പിക്കുന്നു...
മഴ പോലെ വന്നു...
എന്നിലേക്ക്‌ പെയ്ത ആ ഭാവങ്ങള്‍ മറക്കാന്‍ വയ്യ..
തീവ്രതയാല്‍ ചുവന്ന ആ കണ്ണുകളില്‍
മദ്യത്തിന്റെ..
ലഹരിയായിരുന്നോ..അതോ
മാറ്റത്തിന്റെ കുത്തൊഴുക്കില്‍ പിടിച്ചു നില്ക്കാന്‍
മയങ്ങിനടന്നെക്കാം  എന്ന ഭാവമോ..?
 
സൂര്യ കാന്തിപൂക്കള്‍ മോഹിച്ച ആ മനസ്സില്‍
സൂര്യ താപം വര്‍ഷിച്ചത് ആരാണ്..?
കട്ടുറുമ്പിനെ പോലും നോവിക്കാത്ത ആ കൈകളില്‍
കാല്‍ കാശു വച്ച് കൊടുത്തു
കവിതയ്ക്ക് വിലപറഞ്ഞ..
പൊട്ടത്തരത്തിനു
നേരെ..ഞാന്‍ വിരല്‍ ചൂണ്ടുന്നു
ഞാന്‍ വിതുമ്പുന്നു
എനിക്ക് തന്നേക്ക്‌ ആ
കവിയെ
പകരം...കാശു വേണ്ടവര്‍..കടലില്‍ മുങ്ങിതപ്പു
കുറച്ചു ഉപ്പു എങ്കിലും
കിട്ടും
ആ കണ്ണ് നീരിന്റെ ഉപ്പു

Sunday, October 31, 2010

ആ മഴ പിന്നെയും...

 View Full Size Image
എന്റെ  മുഖത്ത് നോക്കി മഴ പിന്നെയും ചിരിച്ചു...
നനഞു ഒലിക്കുന്ന മേല്‍ക്കൂര തീര്‍ത്ത.ഓട്ടകളിലൂടെ...
 
മഴയുടെ ചിരിയോ കരച്ചിലോ ഞാന്‍
     കേള്‍ക്കുന്നത്..?
 
അമ്മയുടെ കണ്ണില്‍ തെളിഞ്ഞ
ഭാവം വേര്‍പെടുതിയെടുത്ത മഴയുടെ..
കുസൃതി കൈകള്‍ എന്നെ രസിപ്പിക്കുന്നു..
 
കെട്ടിമേയാന്‍
ഇലകള്‍ തരാനാകാതെ
ആ പഴഞ്ചന്‍
തെങ്ങും ചിരിക്കുന്നു...
 
തുള്ളി തോരാതെ നീ പെയ്യുക
എന്നിലെ ഞാന്‍ എന്നാ വികാരതതിന്റെ
വിത്ത് നീ ആയീ മുളപ്പിക്കുക
അവ പടര്‍ന്നു പന്തലിക്കട്ടെ
ഈ ഓരോ ഓട്ടയും...അടയട്ടെ...
 
നീ ചിരിക്കുക
എന്നെ കരയിപ്പിക്കും വരെ ചിരിക്കുക
 
 
 
 
 
 
 
 
 
 
 
 
 

Saturday, October 30, 2010

കഥാവശേഷന്‍

കവി മരിച്ചു...
 
കവിതയെ സ്നേഹിച്ചവരാരും
കവിയെ സ്നേഹിചില്ല.
നന്നാക്കാന്‍ ശ്രമിച്ചില്ല.
ശ്രമിച്ചിരുന്നെങ്കില്‍ നന്നയെനേം എന്നുള്ള
മനക്കുത്തു മാറാന്‍ എങ്കിലും...
 
ഒന്ന്
പറയാമായിരുന്നു..
 
അരുത് എന്ന്..
ഇനി പറഞ്ഞിട്ട് കാര്യമില്ല.
 
അദേഹം കഥാവശേഷന്‍...
 
ഇനി എന്തിനു വീരഗാഥകള്‍..?
 
എന്തിനു അപദാനങ്ങള്‍.?
 
മറവിയുടെ കയത്തില്‍...
ആ മുത്തും മറഞ്ഞു കിടക്കട്ടെ
 
 
 
 
 
 
 

Monday, October 25, 2010

കാവ്‌

കാവ്‌
 
അത്ഭുതങ്ങളുടെ താമസസ്ഥലം  ആയിരുന്നു ആ കാവ്‌ എനിയ്ക്ക്
രാവില്‍ ഉറങ്ങുമ്പോള്‍ അതെന്നെ മൂങ്ങ കളുടെ സ്വരം കൊണ്ട് പേടിപ്പിക്കുകയും
 
ഉണരുമ്പോള്‍....
അതെന്നെ പേരറിയാത്ത അനേകം കിളികളുടെ
സംഗീതത്താല്‍ ആനന്ദിപ്പിക്കുകയും ചെയ്തിരുന്നു
 
സ്വര്‍ണ വര്‍ണ്ണമാര്‍ന്ന
പാമ്പുകള്‍ ഇണ ചേര്‍ന്നിരുന്നു എന്ന് പറയുന്ന നാഗരാജാവിന്റെ
വിഗ്രഹത്തിന്റെ പുറകില്‍ മുട്ടകള്‍ തപ്പി
കൂട്ടുകാര്‍ക്കൊപ്പം കൂടിയ ദിവസങ്ങള്‍..മറക്കാനായിട്ടില്ല.
 
ഞാന്‍ വളരുന്നതിനൊപ്പം കാവ്‌ ചെറുതായീ വന്നു.
 
എന്തെ അങ്ങനെയെന്നു
ചോദിച്ചപ്പോ..നാഗരാജവിനിരുന്നാല്‍ പോരേ..?
എന്ന ഇല്ലതമ്മയുടെ...
 ഇഷ്ടക്കേടുള്ള മറുപടി...
(കാവ്‌ എന്റെതായിരുന്നു എങ്കില്‍ എന്നാഗ്രഹിച്ച നിമിഷങ്ങള്‍)
 
ഇല്ലതമ്മയുടെ...ആ
മറുപടിയില്‍ എന്റെ മൂങ്ങ മൂളി....
 
ഖോര വിഷമായീ...കാവിനെ
ദംസിച്ചതു
ഏതു സര്‍പ്പമാണ്...???????????????
വെള്ളം കുടിക്കാതെ അവ മരിച്ചു പോകാന്‍..ഞാന്‍ ശപിക്കുന്നു.....
 

Sunday, October 24, 2010

ഭയം

ആരെയാണ് ഭയം
വാക്കുകള്‍ കൊണ്ട് മാനത്തിനു അര്‍ഥം കുറിക്കുന്ന സമൂഹത്തെ
ആണോ..?
കട്ട് പോയതിനു ശിക്ഷിക്കാന്‍ മറന്നു
കക്കാതതിന്റെ
കുറ്റം അടിച്ചേല്‍പ്പിക്കുന്ന
നിയമപല്‍കരെയോ..?
കഴുത്തില്‍ കിടന്നു കുടുങ്ങി വലിയുന്ന
മഞ്ഞ ചരടിനെയോ..?
അരുതെന്ന് വിലക്കുന്ന..ഉള്ളിന്റെ വിളിയെയോ..?
അതോ..
തന്നെ തന്നെയോ..?
ഉരുകി ഒലിക്കുംപോഴും പ്രഭയായീ
തീരാന്‍
എന്തേ....ഈ ഒളിച്ചോട്ടം..???
വലിച്ചെറിയാന്‍
പറ്റുമെങ്കില്‍ എറിഞ്ഞു കൂടെ...അനാവശ്യമായ ഈ
ഭയം
അതോ ഇത് നിഴല്‍ ആണോ?
ഉപേക്ഷിക്കാന്‍ പറ്റാതെ
കൂടെ തന്നെ..ജീവിച്ചു മരിക്കുന്ന ഒന്ന്
 

അവന്‍ വരാതിരുന്നെകില്‍...

അവന്‍
വരാതിരുന്നെകില്‍...
അനേകങ്ങള്‍ അറിയാതെ ഇരുന്നെങ്കില്‍
സ്വാന്തനം എന്ന വാക്കിന്റെ അര്‍ഥം തേടി നടക്കുന്ന ഹൃദയങ്ങള്‍ക്ക്‌
ചുടുചോരകൊണ്ട് മറുപടി എഴുതി വാങ്ങാതിരുന്നെങ്കില്‍..
സ്നേഹം എന്ന അര്‍ഥം അനേകം ഉള്ള ഒരുവാക്കിന്
നിര്‍വചനം നഷ്ടമായെനേം
വന്നത് നന്നായീ...
മടങ്ങിപോയതും...
വന്നത് വെറുതെ ആയീ എന്ന തോന്നല്‍ ഉണ്ടാകുന്നതിനു മുന്‍പ് മടങ്ങുക...
അതല്ലേ..അഭിലഷണീയം
ഓര്‍ക്കാം
മറക്കാതിരിക്കാന്‍ ശ്രമിക്കാം അതല്ലെ...
നല്ലത്...പിടിച്ചു നിര്‍ത്താന്‍ കഴിയാത്തിടത്തോളം
ഇങ്ങനെ ആസ്വസ്വിക്കാം....
 
 
 

പറയാന്‍ ഏറെ...

ഞാന്‍ ഇവിടെ ഉണ്ട്
മരങ്ങളുടെ തണല്‍ തീര്‍ത്ത സ്വാന്തനത്തില്‍....
പറയാന്‍ ഏറെ ഉണ്ട്...
എവിടെ തുടങ്ങണം എന്നൊരു
സംശയം
മാത്രം ബാക്കി...