Sunday, September 7, 2014

ഓണത്തിന്റെ തിരിച്ചു വരവ്

നക്ഷത്ര പൊട്ടുകൾ  ചേർത്ത് വെച്ച് അച്ഛന്റെ പ്രിയ
സ്നേഹിതൻ  'പൊടിയൻ' തുന്നിതരുന്ന പട്ടു പാവാടയുടെ നിറമായിരുന്നു
എന്റെ ഓണ പകലുകൾക്ക്‌ .....

ഉത്രാട രാത്രിയിൽ അച്ഛൻ വറുത്തു കോരുന്ന ചേമ്പുപ്പേരിയുടെ
കൊതിപ്പിക്കുന്ന മണമായിരുന്നു എന്റെ ഓണ രാവുകൾക്ക്‌ ....

ഊഞ്ഞലിടാൻ ഏതു വലിയ മരത്തിലും കയറുന്ന അച്ഛനെ
നോക്കി ...വീണാൽ താഴെ നിന്ന് പിടിക്കാൻ കൈ നീട്ടി നിൽക്കുന്ന
പേടിച്ചരണ്ട രണ്ട് കുഞ്ഞി കണ്ണുകൾക്ക് ഓണം അച്ഛനായിരുന്നു .....

ഇലയിൽ വിളമ്പിയ വിഭവങ്ങളൾ ചേർത്തുരുട്ടി അച്ഛൻ തരുന്ന
ആ ഒരുരുളയായിരുന്നു എന്റെ ഓണസദ്യ ...


പിന്നെ ..ഒരോണ പകലിനു മുൻപേ അച്ഛൻ
ഇലയിൽ കിടന്നു ..പിന്നെ വിറകിൽ കിടന്നു
പിന്നെ അഗ്നിനാളത്തിൽ കിടന്നു ....
പിന്നെയെന്റെ ഓണങ്ങൾക്ക് കത്തുന്ന അച്ഛന്റെ മണമായിരുന്നു .....

വർഷങ്ങൾക്ക് ശേഷം എന്റെ അച്ഛൻ
തിരിച്ചു വന്നു ...ഒരു ഓണ നാളിൽ ...
അമ്മേ ..എന്റെ ഉരുള എവിടെ ?
എന്ന് ചോദിച്ച് എന്നെ വട്ടം പിടിച്ചു ....
എന്റെ ഓണത്തിനിപ്പോൾ പാൽമണമുള്ള
കുസൃതി നിറഞ്ഞ ഒരു കുരുന്നിന്റെ മണമാണ് ...

Thursday, May 29, 2014

തോന്നലുകൾ

pic frm googleചിന്തകളിൽ നീ ഇഴഞ്ഞു നടക്കുന്നു
പറഞ്ഞു പഴകിയ ഏതോ വാക്കിന്റെ പടമുരിയുന്നു
ഓർമ്മയിൽ  വേദനയുടെ വിഷം ചീറ്റുന്നു
നഷ്ടങ്ങൾ ഉള്ളിൽ  പിടയുന്നു..............

കറുപ്പും വെളുപ്പും ഇടകലര്‍ന്ന ദിവസങ്ങളില്‍
മുഷിഞ്ഞകലുന്ന  നിമിഷങ്ങളിൽ..
ഉള്ളിലൊരു സർപ്പശങ്ക തീർത്ത്
പിണഞ്ഞു കിടക്കുന്നത് നീ എന്ന തോന്നൽ മാത്രമോ..?

മൌനത്തിന്റെ പുറ്റിൽ ആശങ്കകൾ
അഭയം തേടുന്നു ... ചുറ്റും പിണഞ്ഞു കിടക്കുന്ന
നിഴലുകൾ നിശബ്ദതയെ ഗ്രസിക്കുന്നു
രാത്രികൾ നിശ്വാസങ്ങളില്‍ ഏരിയുന്നു
ചങ്ങല പൊട്ടിച്ചു  മുന്നേറിയ ഉന്മാദത്തിന്റെ
അവസാന ആരവങ്ങളും അടങ്ങുന്നു  .

Saturday, May 10, 2014

ഞാനെവിടെയാണ് ....?pic from Googleഞാനെവിടെയാണ്..?
മഴയൊഴുകുന്ന ഇടവഴിയിൽ...
കാറ്റുലക്കുന്ന  നാട്ടുമാവിന്റെ ചില്ലകളിൽ  ...
നനവിന്റെ അന്ത്യം തേടി
ഇഴയുന്ന സ്വർണ നാഗങ്ങളുടെ
മ്ണ്‍കൂനകളിൽ  ...
മരംകൊത്തികൾ ചിത്രം മിനയുന്ന
ദേവദാരുവിന്റെ ശീതള ശ്ചായയിൽ ...
പിതൃശാപം തീർക്കാൻ
തലകീഴായി ജന്മമെരിക്കുന്ന
കടവാതിൽ കൂട്ടത്തിൽ ..
ഇലഞ്ഞി പൂമണമുള്ള ഭൂതത്താൻ
കാവിനു മുൻപിൽ ...
ആമ്പലുകൾ ആഴം മറച്ച അമ്പല
കുളത്തിന്റെ വഴുക്കുന്ന പടികളിൽ ....
ചുഴികളിൽ തണുപ്പ് നിറച്ച് എന്നെ
കുളിർപ്പിക്കുന്ന പുഴയുടെ മാറിൽ  ...
കളഞ്ഞു പോയ ബാല്യം തേടി
അലയുകയാണ് ഞാനിപ്പോഴും ...

Wednesday, March 12, 2014

നാളെ ...??


pic from Googleഇന്നലെ ...


അവന്റെ നോട്ടങ്ങളിൽ ഒരു ദേശത്തിന്റെ 
നിയമ സംഹിതകൾ മാറി മറിഞ്ഞിരുന്നു ...
ആ മനസ്സിൽ  അനേകം സ്വപ്നങ്ങളുടെ ചൂടുണ്ടായിരുന്നു ...
അവനെ പിൻ തുടർന്നിരുന്ന അനേകം കണ്ണുകളിൽ 
ആരാധനയുടെ പ്രണയത്തിന്റെ  അഭിമാനത്തിന്റെ 
തീവ്രത നിറഞ്ഞിരുന്നു ...
ഗംഭീര്യമാർന്ന ശബ്ദത്തിൽ അവൻ വിളിക്കുമ്പോൾ 
ഒരു ഗ്രാമം മുഴുവൻ  വിളികേട്ടിരുന്നു ..
ഒരു ജനതയുടെ വിശ്വാസത്തെ ചേർത്ത് പിടിക്കാൻ 
അവൻ നീട്ടിയ നീട്ടിയ കൈകൾക്ക് ..
ഒരു വീടിന്റെ ഉൾക്കരുത്തുണ്ടായിരുന്നു ..

ഇന്ന് ...

നിസ്സഹായതയുടെ നിഴൽ വീണ കണ്ണുകൾക്കടിയിൽ 
അനുഭവങ്ങൾ  തീർത്ത നേർ രേഖകൾ ..
വെറ്റില കറപിടിച്ച ചുണ്ടുകളിൽ നിന്നുതിരുന്ന 
ചിലമ്പിച്ച വാക്കുകളിൽ  അവ്യക്തത ...
വിറയ്ക്കുന്ന കൈകളിൽ നിന്ന്  വഴുതി പോകുന്ന വടിയുടെ മുഖപ്പ് ...
നെഞ്ചിലെ നരച്ച രോമങ്ങളിൽക്കിടയിൽ ആഡ്യത്തത്തിന്റെ അവസാനം പോലെ... 
അടർന്നു പൊളിഞ്ഞ രുദ്രാക്ഷ മണികൾ ..
നിറം മങ്ങിയ മുണ്ടിന്റെ കോന്തലയിൽ  
അടഞ്ഞ അനേകം വാതിലുകളുടെ താക്കോൽ കൂട്ടം.. 
വേഗത കുറച്ചും കൂട്ടിയും തുന്നിയ പാദുകത്തിനെ 
പഴി പറഞ്ഞും അഴിഞ്ഞു പോകുന്ന മുണ്ടിന്റെ അറ്റത്ത്‌ തെരുപ്പിടിച്ചും 
മറ്റുള്ളവര്ക്ക് വേണ്ടി  ജീവിച്ച ഒരാൾ ..
ഇരുട്ടിന്റെ അലയാഴിയിലേക്ക്  കണ്ണ് നട്ട് ആരെയോ കാത്തു കാത്ത് ....

നാളെ ...
.................................
..................................................................

Friday, January 17, 2014

മറ്റൊരാൾ


നീ മഴയെന്നു തുടങ്ങുമ്പോൾ
പെയ്തു തീരാത്ത എന്തോ ഒന്നിൽ
എന്റെ മനസ്സു കുടുങ്ങുന്നു .......

നീ ശൈത്യത്തെ കുറിച്ച് പറയുമ്പോൾ
എന്നിൽ മഞ്ഞു മലകൾ രൂപം കൊള്ളുന്നത്‌ ഞാൻ അറിയുന്നു

നീ ശരത്കാല രാവിനെ
വർണ്ണിക്കുമ്പോൾ എന്റെ ഉള്ളിൽ നിലാവ് ഉദിക്കുന്നു  .

നീ ചിരിക്കുമ്പോൾ ഞാൻ നിന്റെ
കണ്ണിലെ കുസൃതിയിൽ മുങ്ങി മരിക്കുന്നു

നീ കിനാവിനെ കുറിച്ച് പറയുമ്പോൾ
ആ കനവിന്റെ അംശമായി മാറി പോവുന്നു ..

നമുക്കിടയിൽ ഒരു വൻ തിര അലയടിക്കുന്നുണ്ട് .
അനസ്യൂതം തുടരുന്ന സ്വപ്ന ദർശനങ്ങളിൽ നിന്നും
ഒരു വേണുഗാനം എന്നെ പിന്തുടരുന്നു ...