Wednesday, October 23, 2013

ഓർക്കാതിരിക്കുക

 
picture from google

നിന്റെ ഓർമകളിൽ  ഞാൻ മരിച്ചു കിടപ്പുണ്ട്

നരച്ചു മരവിച്ച എന്റെ കണ്ണൂകളിൽ നീ ഉറ്റു നോക്കുക
എന്നിലെ നിന്നെ കാണാം ..

എന്റെ ദ്രവിച്ച മുടിയിഴകളിൽ നീ വിരൽ  ചേർക്കുക 
അവയിൽ നീന്റെ നീലകാർവർണം തെളിഞ്ഞു കാണാം  

ശോണീമയറ്റ  എന്റെ ചുണ്ടുകളിൽ ഒരിറ്റു  കണ്ണീർ 
ചേർക്കുക നീ മറന്നു  വെച്ച  ചുംബന പൂക്കൾ 
 കാണാം

എന്റെ  തണുത്തുറഞ്ഞ ഹൃദയം നീ
കൈവെള്ളയിലേന്തുക  അവ നിന്റെ പേര് ചൊല്ലി
മിടിക്കാൻ തുടങ്ങുന്നത്  നിനക്ക് കാണാം

മണ്ണിന്റെ നിറമാർന്ന എന്റെ ശരീരം കീറി മുറിക്കുക
പൊടിഞ്ഞു ചിതറുന്ന അവയുടെ ഓരോ അണുവിലും
നീ എന്ന ഓർമ കാണാം

എന്നെ നീ ഇനിയും ഓർക്കാതിരിക്കുക
മറവിതൻ  ഗംഗയിൽ എന്നെ ഒഴുക്കുക 

Friday, October 4, 2013

പൂർണ്ണത



picture from google

പ്രണയം ഉള്ളിലൊളിപ്പിച്ചു -
നീ അകലെയിരിക്കുക ..
ഇതളുകൾ കൊഴിഞ്ഞ
ഒരു പൂവിൽ ഞാൻ നിന്നെ തേടാം. 

വാക്കുകളടക്കി നീ
എന്നെ നോക്കുക 
ഇഷ്ട പദങ്ങളിൽ
ഞാൻ അവയെ തടവിനിടാം. 

ഉഴുതു തീർന്ന നെല്പ്പാടം
പോലെ നീ പരന്നു കിടക്കുക 
എന്റെ പരിഭവങ്ങൾ
വിതച്ചു ഞാൻ നിന്നെ നിറക്കാം. 

നിന്റെ  കാല്പാദങ്ങൾ
എനിക്ക് കടം തരിക 
പുതിയ സീമകളിൽ
ഞാനവയെ ചേർത്ത് വെക്കാം

 
ഉള്ളിൽ പെയ്ത് നില്ക്കുന്ന
അശാന്തിയെ നീയെന്ന
കുടയാൽ  മൂടിവെക്കുക .
ഇനി നിന്റെ ആത്മാവിന്റെ
അംശം തരിക ...
എന്റെ അപൂർണ്ണതയെ
ഞാൻ  പൂർണ്ണമാക്കട്ടെ  ..

Sunday, September 15, 2013

നീ ഒരു സമസ്യ



picture from google

ഒരു ചിരി ചുണ്ടിലോളിപ്പിച്ച്
മൌനമെന്ന തലപ്പാവ്  വെച്ച് ..
കുടയില്ലാതെ ആ ഉത്രാട സന്ധ്യക്ക്‌
നീ പടികടന്നു വന്നപ്പോൾ
കഥകളിൽ ഞാൻ കേട്ട രാക്ഷസ രാജാവു നീ ആണ്
എന്നറിയാൻ ഞാൻ വൈകി
കുംഭയുള്ള കപ്പടാ  മീശയുള്ള നിന്നെ യല്ലേ
ഞാൻ ചിത്രങ്ങളിലും മേളകളിലും കണ്ടിട്ടുള്ളൂ ..?


കണ്ണുകളിൽ ദയാഭാവം  തീർത്തു
ഞാൻ "മഹാബലി" എന്ന് നീ പറഞ്ഞില്ലല്ലോ ..ഭാഗ്യം !
കബളിപ്പിക്കലുകളുടെ രാജാക്കൻമാർ വാഴുന്ന നിന്റെ നാട്ടിൽ
ഞാൻ നിന്നെ വിശ്വസിക്കില്ല എന്ന് കരുതിയോ ?
അപരിചിതത്വത്തിന്റെ അകമ്പടി നോട്ടത്തോടെ
നിന്നെ അകത്തേക്ക് ക്ഷണിക്കാൻ ഞാൻ കാട്ടിയ മടി
ഒരു  പുഞ്ചിരിയിൽ എഴുതിത്തള്ളി ആഥിത്യ മര്യാദ മറന്ന
എന്നെ നീ  ഇരിക്കാൻ ക്ഷണിച്ചപ്പോൾ
അറിയാതെ അനുസരിച്ച് പോയത് ..
നിന്റെ അധികാര ഭാവം കണ്ടോ ...അതോ ആജ്ഞ ശക്തി കൊണ്ടോ..?



നീ പേര് ചൊല്ലി വിളിച്ചപ്പോൾ
എവിടെയോ കേട്ട് മറന്ന ശബ്ദം പോലെ തോന്നിയത്
ഏതോ ജന്മത്തിൽ ഞാൻ നിന്റെ പ്രജകളിൽ ഒരാളായിരുന്നത്
കൊണ്ടാകാം അല്ലെ ...?

നിന്റെ രൂപത്തിന് എന്റെ മഹാബലി സങ്കല്പത്തോട്
സാദൃശ്യം പോരാ ..എങ്കിലും ഞാൻ കാത്തിരുന്നത്
നിന്നെ തന്നെയാണ് ..ഏതോ പരസ്യ ചിത്രത്തിലെ
മനം കവരുന്ന രൂപത്തോട് സാദൃശ്യം തോന്നുന്ന
നീ മഹാബലി എന്ന് പറയാതെ ഞാൻ അറിയുന്നു...
അദ്ദേഹം മാത്രമാണല്ലോ ..ഇങ്ങനെ വർഷത്തിൽ
ഒരിക്കൽ മാത്രം കാത്തിരിക്കുന്ന പ്രിയപ്പെട്ടവരെ
കാണാൻ  വരിക ....വന്നല്ലോ ..പക്ഷേ എനിക്ക്
ഇപ്പോഴും മനസ്സിലാകാത്ത  ഒന്നുണ്ട്   ...?

സദ്യ ഒരുക്കാതെ ..ഓണക്കോടി ഇല്ലാതെ
ഈ വലിയ വീടിന്റെ ഉമ്മറത്ത്‌ തനിച്ചിരിക്കുന്ന ...
എന്നെ തിരഞ്ഞു വന്നു ഓണം ഒരു ഓർമ ആക്കാൻ
നിന്നെ പ്രേരിപ്പിച്ചത്  എന്താകും ...?




Saturday, September 7, 2013

വെറുതെ വിട്ടിരിക്കുന്നു !!




കണ്ണെത്താ കനവിന്റെ അങ്ങേ മൂലയിലാണവൻ ജനിച്ചത്‌
കരിയെഴുതാ മിഴിയുടെ തുമ്പിൽ തൂങ്ങിയാണത്രേ വളർന്നത്‌
 
കാഴ്ചകൾ പിഴച്ച ഒരു കർക്കിടക മഴയുടെ കൈപിടിച്ച്
കാലങ്ങളോളം ദൂരങ്ങൾ താണ്ടി തെണ്ടി നടന്ന്
പകലിരവുകൾ തിന്നു തീർത്ത അവനെ
എനിക്കൊരു പുസ്തകത്തിന്റെ താളിൽ നിന്നാണ് കിട്ടിയത് ...
 
വെളുത്ത്  കട്ടികൂടിയ നൂലുകൾ പിരിച്ചു ആരോ കെട്ടിയിട്ട
നിലയിൽ ശുഷ്കിച്ചു നരച്ച ആ രൂപത്തിൽ
ഞാനൊരു നൂറ്റാണ്ടിന്റെ ശേഷിപ്പ് തിരഞ്ഞപ്പോൾ
അരുതെന്ന് വിലക്കി അവസാന ശ്വാസത്തിൽ
എന്റെ നിശ്വാസം  ചേർത്ത് ഒരു വാക്ക് അവന്റെ വക
 
"ഞാൻ ആരോ എഴുതിയ പഴയൊരു കഥ
പുനർജനി വേണ്ട എനിക്ക്  ..എന്നെ രാപകലുകൾ
ചേർത്ത് പിരിച്ച പുതിയ കയറിൽ തൂക്കി കൊല്ലാതിരിക്കുക"
 
 

Monday, June 10, 2013

പെയ്തു തീരാതെ..




ചില്ല് ജാലകത്തിനപ്പുറത്തു
നിലാവിന്റെ കുഞ്ഞുങ്ങൾ 
ഓടിക്കളിച്ച മുറ്റത്തു
രാമഴയുടെ രൗദ്രതാളം ...
നീ വന്നത് ഒരു
ഒരു  മഴയുടെ കൈപിടിച്ചോ ?

അതോ ഒരു  വിഹ്വലതയായി ഉള്ളിൽ
കടന്നുകയറി എന്നെ തളർത്തിയ
ഒരു   വേർപാടിന്റെ  നോവിൽ
ആർത്തലച്ചു പെയ്തൊഴിയുന്ന
രാമഴയായി ഞാൻ മാറിയിരുന്നോ .. ?


ചിതറി കിടക്കുന്ന
ഓർമ യുടെ ചില്ലുകളിൽ
നനഞ്ഞ്‌ പടർന്ന  സിന്ദൂര രേഘകൾ
എന്നെ പൊതിയുന്ന കാറ്റിൽ
പേരറിയാ  പൂക്കളുടെ ഗന്ധം ..


മഴമണം നിറഞ്ഞു നിൽക്കുന്ന
ഇന്നലെയുടെ   അകത്തളത്തിൽ
പെയ്തു പെയ്ത് നീ ..
പുറത്ത് രാമഴ ..ഇപ്പോഴും പെയ്തു തീരാതെ ....




 

Wednesday, May 15, 2013

അറിയുക


നിന്റെ ചിതറിയ ജടയിൽ
ഇടതടവില്ലാത്ത ജലധാരായാകാൻ
ഒരു ജന്മം കാത്തിരുന്നവൾ

നിന്റെ കണ്ണുകളിലെഅഗ്നിയിൽ എരിഞ്ഞടങ്ങാൻ
ജന്മം മോഹിച്ചവൾ...

നീ ഒരു മൃത്യുന്ജ്യയ മന്ത്രമാകാൻ  തപസ്സിരുന്നവൾ
ഭൂതഗണങ്ങൾക്കൊപ്പം
ഗന്ധർവ സംഗീത താളത്തിൽനീ നൃത്തം ചവുട്ടിയ
സന്ധ്യാ വേളകളിൽ ...
നിന്റെ കാലടിയിൽ പൂഴിയായ് ഭൂമി കന്യകയായി
മാറിയവൾ

ഒരു താണ്ഡവ താളത്തിന്റെ
തളർച്ചയിൽ നിന്നെ
തണുപ്പിച്ചു നിന്റെ മേനിയെ പുല്കി
ഗംഗയുടെ ഒരു കൈവഴിയാകാൻ
ഊഴവും തേടി  കാലങ്ങളായി 
ആഴിയുടെ നീലിമയിൽ കണ്ണുകളുറപ്പിച്ചു
നിനക്കായ്‌ കാത്ത് നില്പ്പാണ്‌
ഇവൾ

കയ്യിൽ കരുതിയ വരണ മാല്യതിന്റെ
വനപുഷ്പ  ഗന്ധം അകലും മുൻപേ
അലയാഴിയുടെ  ആഴങ്ങളിൽ
സന്ധ്യ നീരാട്ടിനിറങ്ങും മുൻപേ
നിന്റെ കരം പിടിച്ചൊരു ജന്മ പുണ്യം തേടാൻ
കാത്ത് നിന്ന് ശിലയായി മാറിയവൾ 
.....
ഉള്ളിൽ നിന്റെ കാരിരുമ്പ് രൂപം
കാതിൽ നീ എന്ന ഓംകാര മന്ത്രം
കന്യാകുമാരിക്ക് ഉള്ളിൽ കടലോളം
സ്നേഹം

Tuesday, April 16, 2013

ഭൂമി ഒന്ന് കുലുങ്ങിയിരുന്നു




വിണ്ടുകീറിയ മേനിയിൽ
ഉപ്പു തടാകങ്ങൾ തീര്ക്കുന്ന
പട്ടിണി കോലങ്ങളുടെ
കണ്ണുനീരിന്റെ ഉറവയിൽ
കരളലിഞ്ഞു  ഭൂമി ഒന്ന് കുലുങ്ങിയിരുന്നു

അവളുടെ മുടിയിഴകൾ  പോലെ
അലയാഴിയിൽ തിരകൾ അഴിഞ്ഞു പരന്നു
ഉയര്ന്നു താഴുന്നഭൂമിയുടെ
മാറിടത്തിൽ
മഴപ്പാല് തേടി മുറവിളി കൂടുന്ന
മനുഷ്യക്കോലങ്ങൾ പിടഞ്ഞു വീണു

തിരക്കേറിയ ജനപഥത്തിൽ
സംഹാരത്തിന്റെ ഘോഷയാത്ര
അവളുടെ ക്രോധാഗ്നി പോലെ
അഗ്നിപർവതങ്ങളുടെ
ഗർജനങ്ങൾ !!!

നേരിയ മുരൾച്ചയിൽ
അവളുടെ രോദനം !!

"മനുഷ്യാ !!
"നേരിന്റെ നിറവിൽ നീ എന്നെ ഇരുത്തുക"
"അപരന്റെ  വേദനയിൽ ഉരുകാൻ പഠിക്കുക"

Copyright@lekshminair

Friday, April 5, 2013

കൃഷ്ണ




ഞാനൊരു പെണ്ണിന്റെ തീരൂപം
മിഴികളിൽ ഒളിപ്പിച്ചത്
കാവ്യകല്പനകളിൽ കവികൾക്ക്
വർണിക്കാൻ പകയുടെ ആഴങ്ങൾ
നിറമായി ചേര്ന്നത് കൃഷ്ണവർണം
അതിൽ വാസനചേര്ത്തത് ജന്മദു:ഖം
അഴിഞ്ഞു കിടക്കുന്ന ചുരുൾമുടിയിൽ
എന്നും അണിയാൻ കൊതിച്ചത് 
രക്തപുഷ്പം ....

അറിയില്ല കൃഷ്ണക്ക് ..ആരുടെ പകയിൽ
നിന്ന് ഉയിരെടുത്തെന്നീ
വിചിത്ര ജന്മം ... ?
കഴിവതും കെഞ്ചിയാ ഉടുതുണി തുമ്പിലായ്‌
ഇഴയുമ്പോൾ  നഷ്ടമായ് ആത്മ സ്വത്ത്വം
ഒരു താലി ചരടിന്റെ തുമ്പു പിടിക്കുവാൻ
ദശമാണ് കയ്യുകൾ എന്നെന്നാലും
ഇവളെന്റെ എന്നൊന്ന് ചേർത്ത് പിടിക്കുവാൻ
ഇരുകൈകൾ  തേടി  തളര്ന്നു കൃഷ്ണാ 

ഒരു യുദ്ധ കൊതിയുടെ
വിത്ത് വിതച്ചിട്ട്  ഒരു റാണീ പദവി
എനിക്ക് വേണ്ട .....
ഒരു മാത്രയൊന്നു വിളിചെന്നാൽ
എനിക്കെന്നും തുണയായി എത്തുവാൻ
നിന്നെ മതി.. നിന്റെ പടുവേല ചെയ്യുവാൻ
ദാസ്യം മതി 

Thursday, March 7, 2013

ഭൂതകാലം...!!




ഭൂതകാലത്തിലെവിടെയോ
നിന്റെ പാദപദനത്തില്‍
ഉടക്കി  എന്റെ സ്വപ്നങ്ങള്‍
മരവിച്ചു നില്‍ക്കയാണ്‌ ...
തുരുംപിച്ച ഘടികാര സൂചികള്‍
മനസ്സുകൊണ്ട് തിരിച്ചു
എന്റെ ഉള്ള് വേദനിക്കുന്നു
നിമിഷങ്ങള്‍ക്ക് ഇത്രയും നീളമോ .. ?

ഓര്‍മയുടെ ഈ  പുതപ്പില്‍ നിന്നും
എന്നെ വിളിച്ച് ഉണര്ത്താതെ  ഇരിക്കുക !!
കൊട്ടിയടച്ച വാതായനതിനു
പുറകില്‍ പിടിവിട്ടുഴലുന്ന കൊടുംകാറ്റാണ് ഞാന്‍ ..

എന്തെന്നു അറിയാത്ത ഈ നോവിന്റെ
സൂര്യാതപത്തില്‍ പെട്ട് ചിറകുകള്‍
ഭസ്മമാകാതെ  ഇരുട്ടിന്റെ ഈ തണലില്‍
ഞാന്‍  അല്‍പനേരം ഇരുന്നോട്ടെ ...!!

പൂവിതളുകള്‍ ചീന്തിയെറിഞ്ഞു ഞാന്‍
തീര്‍ച്ചപ്പെടുത്തിയത് വര്‍ഷങ്ങള്‍
നമുക്കിടയില്‍ തീര്‍ത്ത അകലം..
ഒരു ചേലതുംപില്‍  കുരുങ്ങി മരിക്കുന്നത്
നീയെന്ന  സ്നേഹത്തിന്റെ ഭൂതകാലം...
പാഴ്മൊഴിയില്‍  മുറിവേറ്റു പിടഞ്ഞതു
ഒരു ജന്മം കൊണ്ട് നേടിയ പുണ്യം !!

Sunday, February 24, 2013

മരം




ഞാന്‍ ആരാണ് ..?
ഏതോ വഴിയാത്രികന്‍ വിശപ്പടക്കി
വഴി വക്കില്‍ തള്ളിയ
ഒരു പഴത്തിന്റെ വിത്ത് ..?
അതോ അണ്ണാറകണ്ണന്‍റെ  ചാട്ടം പിഴച്ചപ്പോള്‍
നിലം പതിച്ചതോ ..?
തത്തമ്മ ചുണ്ടുകളുടെ
സ്നേഹ ചുംബനത്തിന്റെ
ശേഷിച്ച പകുതിയോ ...  ?

അഴുകിയ എന്റെ പുറം തോടില്‍
ചവുട്ടി മുഖം ചുളിച്ചവര്‍ ഇന്ന് എവിടെ ..?
ആകാശം തേടി വളര്‍ന്ന എന്റെ ചില്ലകളില്‍
നോക്കി അഭിമാനിച്ചു നിന്നവര്‍ എവിടെ ..?

കൂടെ കൂട്ടാനും തൊട്ടിലാട്ടാനും
കാറ്റും മഴയും മത്സരിച്ച നാളുകളില്‍ 
എനിക്കുചുറ്റും വേലി തീര്‍ത്തു
പൈതൃകപേരില്‍  എന്നെ സ്വന്തമാക്കിയത് ആര് ..?

കൂര്‍ത്ത മുനയാല്‍ എന്റെ പുറം തോടില്‍
കോറിയിട്ട അക്ഷരങ്ങള്‍ എന്നെ
നോക്കു കുത്തിയാക്കിയ ഈ വഴിയരുകില്‍
ഞാന്‍ ...!!
അവസരം കാത്തു കിടക്കുന്ന
അറവുമാടിനെ പോലെ ..!
എന്റെ ഊഴവും കാത്തു ഇനി എത്ര നാള്‍ ..?

Thursday, February 7, 2013

അന്വേഷണം ...



ഈ മകര കുളിരില്‍ എന്നെ തനിയെ വിട്ട്
ഒരു മാത്ര തിരിഞ്ഞു നോക്കാതെ ..
നീ പോയ ദൂരം തേടി ഞാന്‍ അലയുകയാണ് ...
.......................................................
നിറമുള്ള ദ്രാവകത്തില്‍
എഴുത്തിന്റെ  ആത്മാവിനെ മുക്കി
നീ പോയ വഴി നോക്കി
അക്ഷര കൂട്ടുകാര്‍ പരിഹസിച്ചു തിമിര്‍ക്കുമ്പോള്‍
മനസ്സിന്റെ മുറിവില്‍ വിരല്‍ മുക്കി
ഉള്ളിലെ വേദനകള്‍ എഴുതിത്തീര്‍ക്കാന്‍ 
ഞാന്‍ വീണ്ടും തേടുകയാണ് നിന്നെ ...
...................................................

തുടങ്ങി വെച്ച ഒരു ചിത്രത്തിന്റെ
ആദ്യ പകുതി പോലെ ഈ പകല്‍ അപൂര്‍ണം ...
ശൈ ത്യത്തി ന്റെ ചായം ഒലിച്ചിറങ്ങി പടര്‍ത്തിയ
ഇളം നിറങ്ങളില്‍ കാത്തിരുപ്പിന്റെ കറുപ്പ്
നീ എവിടെയാണ് ...?
..................................................................................
കാച്ചിയെണ്ണ മണക്കുന്ന മുടിതുമ്പില്‍ ..?
അലസമായി ചുറ്റിയ ഒരു ചേലയുടെ നഗ്നതയില്‍ ..?
വാത്സല്യത്തിന്റെ മണമൂറൂന്ന ഒരു വാര്‍ധക്യത്തിന്റെ
സ്നേഹചൂടില്‍ ...?
കണ്ണുകള്‍ കൊണ്ട് നിന്നെ ചുംബിച്ചു കടന്നു പോയ
കൌമാരത്തിന്റെ ഓര്‍മകളില്‍ ..?
അടുക്കിപ്പിടിച്ച പുസ്തകത്തിന്റെ ആദ്യ താളില്‍
ഒളിപ്പിച്ച ഒരു രണ്ടുവരിയുടെ ഓര്‍മകളില്‍...?
ആമ്പലും അമ്പിളിയും മത്സരിച്ചു ചിരിക്കുന്ന
അമ്പലക്കുളത്തിന്റെ കല്പടവില്‍ ...?
പിറക്കാന്‍ കാത്തിരിക്കുന്ന ഒരു കുഞ്ഞിന്റെ
അലസതയര്‍ന്ന ഉറക്കത്തില്‍ ..?
...................................................................
എഴുത്തിന്റെ കൂരയില്‍ 
‍എന്നെ തനിച്ചാക്കി യാത്ര പറയാതെ 
നീ പോയ വഴിയില്‍ നിന്നെ തേടുകയാണ് 
എന്റെ കവിതയും ഞാനും .....

Wednesday, January 16, 2013

തൂലിക

 
വഴങ്ങാത്ത വാക്കുകളുടെ ഭാരവും പേറി 
    തന്‍ ഭാവം നടിക്കുന്ന കടലാസ് കൂമ്പാരത്തിന്റെ ഇടയില്‍
    കൂനി ക്കൂടി  ബുദ്ധിജീവി നടിച്ച് എനിക്ക് മടുത്തു ....
    എനിക്ക് നഷ്‌ടമായ അസ്ഥിത്വം  തേടി ഞാന്‍ ഇറങ്ങുകയാണ് .....
ഇതൊരു  യാത്രാമൊഴിയല്ല !!
ഞാനില്ല ഇനിയുള്ള വഴിതാണ്ടാന്‍
എന്ന് ഒര്മപെടുത്താന്‍ ഞാന്‍ നിനക്ക് ആരാണ് !!
ഇടവേളകളില്‍ സമയം കൊല്ലാന്‍ നീ ഉപയോഗിച്ച ഒരായുധം ...

ഒരു അവധിക്കുവേണ്ടി  നിനക്ക് ഞാന്‍
കള്ളം നിറഞ്ഞ ഒരു കുറിപ്പ് ബാക്കി വെക്കുന്നില്ല
എങ്കിലും പറഞ്ഞതായി അവകാശപെട്ട്
   എന്റെ വേദനകള്‍ നീ സാഹിത്യത്തില്‍  പൊതിയുക
മറ്റൊരു കവിതയാക്കി വിറ്റൊഴിക്കുക..................!!
  
എനിക്കുള്ളിലെ നോവിന്റെ കനത്ത ഇരുളില്‍ 
നിനക്കായ്‌ നോട്ടപ്പിശകു പറ്റിയ കുറെ വരികള്‍
അവയില്‍ ഇതും കൂടി ആയാല്‍ ..എന്റെ ഉള്ളില്‍ നീ ഉണര്‍ത്തിയ
    കവിതയുടെ ഉറവക്ക് വറ്റി തീരാം ....
 
   "എന്റെ   പ്രണയം നിന്നോടായിരുന്നു എന്ന് പറയാതെ
    നീന്നുളിലെ കവിയോടായിരുന്നു എന്ന് ഞാന്‍
   പറഞ്ഞാല്‍ ഞാന്‍ നിന്റെ വാക്കുകള്‍  തുപ്പുന്ന
   വെറും ഒരു ഉപകരണം ആകും ....
 
 
നിന്റെ മാറില്‍ നീ ചേര്‍ത്ത് വെച്ച നിമിഷങ്ങളില്‍  ആയിരുന്നു
എന്റെ ഉള്ളില്‍ നിന്നും കറതീര്‍ന്ന കവ്യാവലി ഉതിര്‍ന്നത് ...  
നീ എറിഞ്ഞു കളഞ്ഞ കടലാസ് തുണ്ടുകളില്‍
    എനിക്ക് മുന്‍പേ പോയവരുടെ നിശബ്ദ നിശ്വാസങ്ങള്‍ ....
 
    മഷിവറ്റി കാഴ്ച വസ്തുവായി ശേഷിക്കുന്ന
എന്റെ പുറം ചട്ടയില്‍ നീ കോറിയിട്ട നരച്ച രേഘകള്‍ ...അവ
കൈവിരലുകലില്‍ തഴമ്പ് ആയി നിന്നെ വേദനിപ്പിക്കാതെ ഇരിക്കട്ടേ !!
എന്നെ വെച്ച് നേടിയ നേട്ടങ്ങള്‍ക്ക്‌ 
നിന്റെ ബുദ്ധിയുടെ അടിവരയിടാന്‍ എന്റെ ഉള്ളില്‍ അവശേഷിക്കുന്ന
മഷിപൊട്ടുകള്‍  മതിയാകുമോ ...?
എന്റെ ഉള്ളില്‍ തുടിക്കുന്ന ഒരു കവിതയുടെ
അവസാന വരിയില്‍ നീ ഉണ്ട്
അത് ഓര്‍മയായി മാഞ്ഞു തുടങ്ങും മുന്‍പേ ഞാന്‍ ഇറങ്ങട്ടെ ....?"