Thursday, January 29, 2015















പ്രാരാബ്ധങ്ങളുടെ കൂനിൽ പരിഹാസങ്ങൾ 
ഒളിപ്പിച്ചു വെച്ച്  കൂനി നടന്നു  തീര്ന്ന 
ഒരു  ബാല്യം ....

സൂര്യനെ മോഹിക്കുന്ന മനസ്സിനെ 
ചേലത്തുമ്പിൽ കെട്ടിയിട്ടു 
ഇഷ്ടങ്ങളെ സുഗന്ധ കൂട്ടിൽ  അരച്ചു തീർക്കാൻ വിധിച്ച 
കൌമാരം .........

കുതിര കുളമ്പടികൾ പ്രകമ്പനം തീർക്കുന്ന 
രാജവീഥിയിൽ കുറികൂട്ടുമായി ഒറ്റപ്പെട്ടു പോയ 
ആ പകൽ .....
വേഗതയുടെ പര്യായം പോലെ പാഞ്ഞു വന്ന് അരുകിൽ നിന്ന 
രഥത്തിൽ സൂര്യതേജസ്വാർന്ന ഒരാൾ ...............

സ്വപ്നത്തിലെന്നപോലെ കുറിക്കൂട്ടെന്തിയ കൈകൾ   
മുൻപോട്ട് ...ഒരു തിലകത്തിന്റെ അഭാവമോ ആ നെറ്റിയിൽ ?
കുബ്ജേ ....ആരാണ്‌ വിളിക്കുന്നത്‌ ?
അറിയാതെ ഒരടി പിന്നിലേക്ക്‌ ..വേണ്ട ...കുബ്ജയാണ് ...കൂനിപോയവൾ .....

"കുറിക്കൂട്ടില്ലേ കണ്ണന്"  
ഉള്ളിലൊരായിരം കുബ്ജമാർ ഒന്നിച്ചുണർന്നു 
കണ്ണന്റെ മേഘനിറമാർന്ന മേനി ചന്ദനം ചാർത്താൻ അവർ മത്സരിച്ചു ...
എന്താ വേണ്ടത് കുബ്ജക്ക് ...?
എന്ത് ചോദിക്കും , എനിക്ക് വേണ്ടത് എന്താണ് ...?
ഈ കണ്ണനെ അല്ലാതെ ?

അരികിലേക്ക് ഒഴുകിയെത്തുന്ന നീലമേഘത്തിന് 
അനേകം  കുറി ക്കൂട്ടുകളുടെ സുഗന്ധം 
ചേർത്ത് പിടിച്ചു "ഞാൻ വരും" എന്ന മന്ത്രണത്തിൽ
ജന്മാന്തരങ്ങളിലെ  വ്യഥയുടെ കൂന് നിവരുന്നു  ...
കുബ്ജ കണ്ണന്റെ 'കുറി' 'കൂട്ടാവുന്നു ...

4 comments:

  1. വായിച്ചെടുക്കാവുന്ന ഒരു ജീവിതം ...!

    ReplyDelete
    Replies
    1. വന്നുപോയവർക്കും വയിച്ചറിഞ്ഞവർക്കും നന്ദി

      Delete
  2. കൂട്ടായിരിക്കട്ടെ

    ReplyDelete
    Replies
    1. കാണാനുണ്ടായിരുന്നില്ല ഈ സ്ഥിരവായനക്കാരനെ ..നന്ദി

      Delete

അന്വേഷണത്തിന്റെ അവസാനം
അഭിപ്രങ്ങള്‍ക്ക് ഒരിടം !!