Sunday, September 15, 2013

നീ ഒരു സമസ്യ



picture from google

ഒരു ചിരി ചുണ്ടിലോളിപ്പിച്ച്
മൌനമെന്ന തലപ്പാവ്  വെച്ച് ..
കുടയില്ലാതെ ആ ഉത്രാട സന്ധ്യക്ക്‌
നീ പടികടന്നു വന്നപ്പോൾ
കഥകളിൽ ഞാൻ കേട്ട രാക്ഷസ രാജാവു നീ ആണ്
എന്നറിയാൻ ഞാൻ വൈകി
കുംഭയുള്ള കപ്പടാ  മീശയുള്ള നിന്നെ യല്ലേ
ഞാൻ ചിത്രങ്ങളിലും മേളകളിലും കണ്ടിട്ടുള്ളൂ ..?


കണ്ണുകളിൽ ദയാഭാവം  തീർത്തു
ഞാൻ "മഹാബലി" എന്ന് നീ പറഞ്ഞില്ലല്ലോ ..ഭാഗ്യം !
കബളിപ്പിക്കലുകളുടെ രാജാക്കൻമാർ വാഴുന്ന നിന്റെ നാട്ടിൽ
ഞാൻ നിന്നെ വിശ്വസിക്കില്ല എന്ന് കരുതിയോ ?
അപരിചിതത്വത്തിന്റെ അകമ്പടി നോട്ടത്തോടെ
നിന്നെ അകത്തേക്ക് ക്ഷണിക്കാൻ ഞാൻ കാട്ടിയ മടി
ഒരു  പുഞ്ചിരിയിൽ എഴുതിത്തള്ളി ആഥിത്യ മര്യാദ മറന്ന
എന്നെ നീ  ഇരിക്കാൻ ക്ഷണിച്ചപ്പോൾ
അറിയാതെ അനുസരിച്ച് പോയത് ..
നിന്റെ അധികാര ഭാവം കണ്ടോ ...അതോ ആജ്ഞ ശക്തി കൊണ്ടോ..?



നീ പേര് ചൊല്ലി വിളിച്ചപ്പോൾ
എവിടെയോ കേട്ട് മറന്ന ശബ്ദം പോലെ തോന്നിയത്
ഏതോ ജന്മത്തിൽ ഞാൻ നിന്റെ പ്രജകളിൽ ഒരാളായിരുന്നത്
കൊണ്ടാകാം അല്ലെ ...?

നിന്റെ രൂപത്തിന് എന്റെ മഹാബലി സങ്കല്പത്തോട്
സാദൃശ്യം പോരാ ..എങ്കിലും ഞാൻ കാത്തിരുന്നത്
നിന്നെ തന്നെയാണ് ..ഏതോ പരസ്യ ചിത്രത്തിലെ
മനം കവരുന്ന രൂപത്തോട് സാദൃശ്യം തോന്നുന്ന
നീ മഹാബലി എന്ന് പറയാതെ ഞാൻ അറിയുന്നു...
അദ്ദേഹം മാത്രമാണല്ലോ ..ഇങ്ങനെ വർഷത്തിൽ
ഒരിക്കൽ മാത്രം കാത്തിരിക്കുന്ന പ്രിയപ്പെട്ടവരെ
കാണാൻ  വരിക ....വന്നല്ലോ ..പക്ഷേ എനിക്ക്
ഇപ്പോഴും മനസ്സിലാകാത്ത  ഒന്നുണ്ട്   ...?

സദ്യ ഒരുക്കാതെ ..ഓണക്കോടി ഇല്ലാതെ
ഈ വലിയ വീടിന്റെ ഉമ്മറത്ത്‌ തനിച്ചിരിക്കുന്ന ...
എന്നെ തിരഞ്ഞു വന്നു ഓണം ഒരു ഓർമ ആക്കാൻ
നിന്നെ പ്രേരിപ്പിച്ചത്  എന്താകും ...?




6 comments:

  1. മഹാബലി
    മഹാ ബലി

    ReplyDelete
  2. ഓണക്കോടിയില്ലാതെ വിഷമത്തിൽ ഇരിക്കുന്നവരിലേക്ക് ഓണവും മഹാബലിയും ക്ഷണിക്കാതെ തന്നെ എത്തും. നല്ല കവിത.

    ReplyDelete
  3. വൈകി ആണെങ്കിലും ഓണം എത്തേണ്ടിയവരിലൊക്കെ എത്തട്ടെ പല രൂപത്തിൽ ഭാവത്തിൽ ..നല്ല ഒരോണം ആശംസിക്കുന്നു

    ReplyDelete
  4. വന്നു, വായിച്ചു, ഒരു ലിങ്ക് വിതറി പോകുന്നു, ആശംസകള്‍ !
    http://deeputtandekavithakal.blogspot.in/2013/09/blog-post.html

    ReplyDelete
  5. നന്ദി വന്നതിനും അഭിപ്രായത്തിനും ലിങ്ക് തന്നതിനും

    ReplyDelete

അന്വേഷണത്തിന്റെ അവസാനം
അഭിപ്രങ്ങള്‍ക്ക് ഒരിടം !!