
ഏഴു തിരിയിട്ട വിളക്കിനു മുൻപിൽ
ചമഞ്ഞിരിക്കുന്ന ഞാൻ ...
പടർന്നു തുടങ്ങിയ ചന്ദനക്കുറി
ഇടതു കൈകൊണ്ടു തുടച്ചു
അനുസരണകെട്ട മുടിയൊതുക്കാൻ ശ്രമിച്ചു
വിയർത്തൊലിച്ചു നീ ...
.....................................................
ഉറ്റു നോക്കുന്ന അനേകം കണ്ണുകൾ
കറികൂട്ടുകളുടെ ഗന്ധം ...
ചന്ദനത്തിരിയുടെ മടുപ്പിക്കുന്ന പുക..
കണ്ണിലെ നിലവിളക്കിന്റെ
നാളത്തിൽ നിന്നെ ഒളിപ്പിച്ചു ഞാൻ ....
...........................................................
കുളിരുണർത്തുന്ന കാറ്റിൽ
ഉലയുന്ന പുളിയിലക്കരമുണ്ടിന്റെ
കോണ് പിടിച്ചു ...
പാറിപറക്കുന്ന മുടിയൊതുക്കാൻ പണിപ്പെട്ടു
മലയിറങ്ങുന്ന നീ ...
.....................................
ആറുമുഴം ചേലയിലെ തടവിൽ
അനങ്ങാൻ കഴിയാത്ത
അമർഷമൊതുക്കി ....
മറന്നു വെച്ച പാവക്കുട്ടി എന്തെടുക്കയാവും
എന്നോർത്ത് മനസ്സുലച്ചു ഞാൻ .....
................................................................
മറുനാട്ടിലേക്കുള്ള യാത്രയുടെ
തിരക്കിൽ എന്നെ മറന്നു വെച്ചു നീ ...
ദഹിക്കാത്തതെന്തോ കഴിച്ച് മനം പുരട്ടി ഞാൻ.........
മടുപ്പിന്റെ മടിയിൽ ലഹരിയിൽ കുതിർന്നു നീ ...
................................................
പിന്നെ ....
ആകാശത്തിന്റെ അങ്ങേ ചരുവിൽ നിന്ന്
പൊട്ടിയടർന്നു വീണ ഒരു നക്ഷത്ര കുഞ്ഞ്
അതിനെ തേടിയിറങ്ങിയ ഒരു കുഞ്ഞി മാലാഖ ...
ഒരു സ്വപനത്തിന്റെ കൂട് ...
.......അനേകം വസന്തങ്ങൾ... മഴക്കൂടുകൾ ...
എരിവെയിലുകൾ ..ആരും ഇഷ്ടപ്പെടുന്ന
എന്തോ ഒന്ന് ഉള്ളിലൊളിപ്പിച്ചുവെച്ച്
വീണ്ടും ഡിസംബർ ....