Monday, June 10, 2013

പെയ്തു തീരാതെ..




ചില്ല് ജാലകത്തിനപ്പുറത്തു
നിലാവിന്റെ കുഞ്ഞുങ്ങൾ 
ഓടിക്കളിച്ച മുറ്റത്തു
രാമഴയുടെ രൗദ്രതാളം ...
നീ വന്നത് ഒരു
ഒരു  മഴയുടെ കൈപിടിച്ചോ ?

അതോ ഒരു  വിഹ്വലതയായി ഉള്ളിൽ
കടന്നുകയറി എന്നെ തളർത്തിയ
ഒരു   വേർപാടിന്റെ  നോവിൽ
ആർത്തലച്ചു പെയ്തൊഴിയുന്ന
രാമഴയായി ഞാൻ മാറിയിരുന്നോ .. ?


ചിതറി കിടക്കുന്ന
ഓർമ യുടെ ചില്ലുകളിൽ
നനഞ്ഞ്‌ പടർന്ന  സിന്ദൂര രേഘകൾ
എന്നെ പൊതിയുന്ന കാറ്റിൽ
പേരറിയാ  പൂക്കളുടെ ഗന്ധം ..


മഴമണം നിറഞ്ഞു നിൽക്കുന്ന
ഇന്നലെയുടെ   അകത്തളത്തിൽ
പെയ്തു പെയ്ത് നീ ..
പുറത്ത് രാമഴ ..ഇപ്പോഴും പെയ്തു തീരാതെ ....




 

Wednesday, May 15, 2013

അറിയുക


നിന്റെ ചിതറിയ ജടയിൽ
ഇടതടവില്ലാത്ത ജലധാരായാകാൻ
ഒരു ജന്മം കാത്തിരുന്നവൾ

നിന്റെ കണ്ണുകളിലെഅഗ്നിയിൽ എരിഞ്ഞടങ്ങാൻ
ജന്മം മോഹിച്ചവൾ...

നീ ഒരു മൃത്യുന്ജ്യയ മന്ത്രമാകാൻ  തപസ്സിരുന്നവൾ
ഭൂതഗണങ്ങൾക്കൊപ്പം
ഗന്ധർവ സംഗീത താളത്തിൽനീ നൃത്തം ചവുട്ടിയ
സന്ധ്യാ വേളകളിൽ ...
നിന്റെ കാലടിയിൽ പൂഴിയായ് ഭൂമി കന്യകയായി
മാറിയവൾ

ഒരു താണ്ഡവ താളത്തിന്റെ
തളർച്ചയിൽ നിന്നെ
തണുപ്പിച്ചു നിന്റെ മേനിയെ പുല്കി
ഗംഗയുടെ ഒരു കൈവഴിയാകാൻ
ഊഴവും തേടി  കാലങ്ങളായി 
ആഴിയുടെ നീലിമയിൽ കണ്ണുകളുറപ്പിച്ചു
നിനക്കായ്‌ കാത്ത് നില്പ്പാണ്‌
ഇവൾ

കയ്യിൽ കരുതിയ വരണ മാല്യതിന്റെ
വനപുഷ്പ  ഗന്ധം അകലും മുൻപേ
അലയാഴിയുടെ  ആഴങ്ങളിൽ
സന്ധ്യ നീരാട്ടിനിറങ്ങും മുൻപേ
നിന്റെ കരം പിടിച്ചൊരു ജന്മ പുണ്യം തേടാൻ
കാത്ത് നിന്ന് ശിലയായി മാറിയവൾ 
.....
ഉള്ളിൽ നിന്റെ കാരിരുമ്പ് രൂപം
കാതിൽ നീ എന്ന ഓംകാര മന്ത്രം
കന്യാകുമാരിക്ക് ഉള്ളിൽ കടലോളം
സ്നേഹം

Tuesday, April 16, 2013

ഭൂമി ഒന്ന് കുലുങ്ങിയിരുന്നു




വിണ്ടുകീറിയ മേനിയിൽ
ഉപ്പു തടാകങ്ങൾ തീര്ക്കുന്ന
പട്ടിണി കോലങ്ങളുടെ
കണ്ണുനീരിന്റെ ഉറവയിൽ
കരളലിഞ്ഞു  ഭൂമി ഒന്ന് കുലുങ്ങിയിരുന്നു

അവളുടെ മുടിയിഴകൾ  പോലെ
അലയാഴിയിൽ തിരകൾ അഴിഞ്ഞു പരന്നു
ഉയര്ന്നു താഴുന്നഭൂമിയുടെ
മാറിടത്തിൽ
മഴപ്പാല് തേടി മുറവിളി കൂടുന്ന
മനുഷ്യക്കോലങ്ങൾ പിടഞ്ഞു വീണു

തിരക്കേറിയ ജനപഥത്തിൽ
സംഹാരത്തിന്റെ ഘോഷയാത്ര
അവളുടെ ക്രോധാഗ്നി പോലെ
അഗ്നിപർവതങ്ങളുടെ
ഗർജനങ്ങൾ !!!

നേരിയ മുരൾച്ചയിൽ
അവളുടെ രോദനം !!

"മനുഷ്യാ !!
"നേരിന്റെ നിറവിൽ നീ എന്നെ ഇരുത്തുക"
"അപരന്റെ  വേദനയിൽ ഉരുകാൻ പഠിക്കുക"

Copyright@lekshminair

Friday, April 5, 2013

കൃഷ്ണ




ഞാനൊരു പെണ്ണിന്റെ തീരൂപം
മിഴികളിൽ ഒളിപ്പിച്ചത്
കാവ്യകല്പനകളിൽ കവികൾക്ക്
വർണിക്കാൻ പകയുടെ ആഴങ്ങൾ
നിറമായി ചേര്ന്നത് കൃഷ്ണവർണം
അതിൽ വാസനചേര്ത്തത് ജന്മദു:ഖം
അഴിഞ്ഞു കിടക്കുന്ന ചുരുൾമുടിയിൽ
എന്നും അണിയാൻ കൊതിച്ചത് 
രക്തപുഷ്പം ....

അറിയില്ല കൃഷ്ണക്ക് ..ആരുടെ പകയിൽ
നിന്ന് ഉയിരെടുത്തെന്നീ
വിചിത്ര ജന്മം ... ?
കഴിവതും കെഞ്ചിയാ ഉടുതുണി തുമ്പിലായ്‌
ഇഴയുമ്പോൾ  നഷ്ടമായ് ആത്മ സ്വത്ത്വം
ഒരു താലി ചരടിന്റെ തുമ്പു പിടിക്കുവാൻ
ദശമാണ് കയ്യുകൾ എന്നെന്നാലും
ഇവളെന്റെ എന്നൊന്ന് ചേർത്ത് പിടിക്കുവാൻ
ഇരുകൈകൾ  തേടി  തളര്ന്നു കൃഷ്ണാ 

ഒരു യുദ്ധ കൊതിയുടെ
വിത്ത് വിതച്ചിട്ട്  ഒരു റാണീ പദവി
എനിക്ക് വേണ്ട .....
ഒരു മാത്രയൊന്നു വിളിചെന്നാൽ
എനിക്കെന്നും തുണയായി എത്തുവാൻ
നിന്നെ മതി.. നിന്റെ പടുവേല ചെയ്യുവാൻ
ദാസ്യം മതി 

Thursday, March 7, 2013

ഭൂതകാലം...!!




ഭൂതകാലത്തിലെവിടെയോ
നിന്റെ പാദപദനത്തില്‍
ഉടക്കി  എന്റെ സ്വപ്നങ്ങള്‍
മരവിച്ചു നില്‍ക്കയാണ്‌ ...
തുരുംപിച്ച ഘടികാര സൂചികള്‍
മനസ്സുകൊണ്ട് തിരിച്ചു
എന്റെ ഉള്ള് വേദനിക്കുന്നു
നിമിഷങ്ങള്‍ക്ക് ഇത്രയും നീളമോ .. ?

ഓര്‍മയുടെ ഈ  പുതപ്പില്‍ നിന്നും
എന്നെ വിളിച്ച് ഉണര്ത്താതെ  ഇരിക്കുക !!
കൊട്ടിയടച്ച വാതായനതിനു
പുറകില്‍ പിടിവിട്ടുഴലുന്ന കൊടുംകാറ്റാണ് ഞാന്‍ ..

എന്തെന്നു അറിയാത്ത ഈ നോവിന്റെ
സൂര്യാതപത്തില്‍ പെട്ട് ചിറകുകള്‍
ഭസ്മമാകാതെ  ഇരുട്ടിന്റെ ഈ തണലില്‍
ഞാന്‍  അല്‍പനേരം ഇരുന്നോട്ടെ ...!!

പൂവിതളുകള്‍ ചീന്തിയെറിഞ്ഞു ഞാന്‍
തീര്‍ച്ചപ്പെടുത്തിയത് വര്‍ഷങ്ങള്‍
നമുക്കിടയില്‍ തീര്‍ത്ത അകലം..
ഒരു ചേലതുംപില്‍  കുരുങ്ങി മരിക്കുന്നത്
നീയെന്ന  സ്നേഹത്തിന്റെ ഭൂതകാലം...
പാഴ്മൊഴിയില്‍  മുറിവേറ്റു പിടഞ്ഞതു
ഒരു ജന്മം കൊണ്ട് നേടിയ പുണ്യം !!

Sunday, February 24, 2013

മരം




ഞാന്‍ ആരാണ് ..?
ഏതോ വഴിയാത്രികന്‍ വിശപ്പടക്കി
വഴി വക്കില്‍ തള്ളിയ
ഒരു പഴത്തിന്റെ വിത്ത് ..?
അതോ അണ്ണാറകണ്ണന്‍റെ  ചാട്ടം പിഴച്ചപ്പോള്‍
നിലം പതിച്ചതോ ..?
തത്തമ്മ ചുണ്ടുകളുടെ
സ്നേഹ ചുംബനത്തിന്റെ
ശേഷിച്ച പകുതിയോ ...  ?

അഴുകിയ എന്റെ പുറം തോടില്‍
ചവുട്ടി മുഖം ചുളിച്ചവര്‍ ഇന്ന് എവിടെ ..?
ആകാശം തേടി വളര്‍ന്ന എന്റെ ചില്ലകളില്‍
നോക്കി അഭിമാനിച്ചു നിന്നവര്‍ എവിടെ ..?

കൂടെ കൂട്ടാനും തൊട്ടിലാട്ടാനും
കാറ്റും മഴയും മത്സരിച്ച നാളുകളില്‍ 
എനിക്കുചുറ്റും വേലി തീര്‍ത്തു
പൈതൃകപേരില്‍  എന്നെ സ്വന്തമാക്കിയത് ആര് ..?

കൂര്‍ത്ത മുനയാല്‍ എന്റെ പുറം തോടില്‍
കോറിയിട്ട അക്ഷരങ്ങള്‍ എന്നെ
നോക്കു കുത്തിയാക്കിയ ഈ വഴിയരുകില്‍
ഞാന്‍ ...!!
അവസരം കാത്തു കിടക്കുന്ന
അറവുമാടിനെ പോലെ ..!
എന്റെ ഊഴവും കാത്തു ഇനി എത്ര നാള്‍ ..?

Thursday, February 7, 2013

അന്വേഷണം ...



ഈ മകര കുളിരില്‍ എന്നെ തനിയെ വിട്ട്
ഒരു മാത്ര തിരിഞ്ഞു നോക്കാതെ ..
നീ പോയ ദൂരം തേടി ഞാന്‍ അലയുകയാണ് ...
.......................................................
നിറമുള്ള ദ്രാവകത്തില്‍
എഴുത്തിന്റെ  ആത്മാവിനെ മുക്കി
നീ പോയ വഴി നോക്കി
അക്ഷര കൂട്ടുകാര്‍ പരിഹസിച്ചു തിമിര്‍ക്കുമ്പോള്‍
മനസ്സിന്റെ മുറിവില്‍ വിരല്‍ മുക്കി
ഉള്ളിലെ വേദനകള്‍ എഴുതിത്തീര്‍ക്കാന്‍ 
ഞാന്‍ വീണ്ടും തേടുകയാണ് നിന്നെ ...
...................................................

തുടങ്ങി വെച്ച ഒരു ചിത്രത്തിന്റെ
ആദ്യ പകുതി പോലെ ഈ പകല്‍ അപൂര്‍ണം ...
ശൈ ത്യത്തി ന്റെ ചായം ഒലിച്ചിറങ്ങി പടര്‍ത്തിയ
ഇളം നിറങ്ങളില്‍ കാത്തിരുപ്പിന്റെ കറുപ്പ്
നീ എവിടെയാണ് ...?
..................................................................................
കാച്ചിയെണ്ണ മണക്കുന്ന മുടിതുമ്പില്‍ ..?
അലസമായി ചുറ്റിയ ഒരു ചേലയുടെ നഗ്നതയില്‍ ..?
വാത്സല്യത്തിന്റെ മണമൂറൂന്ന ഒരു വാര്‍ധക്യത്തിന്റെ
സ്നേഹചൂടില്‍ ...?
കണ്ണുകള്‍ കൊണ്ട് നിന്നെ ചുംബിച്ചു കടന്നു പോയ
കൌമാരത്തിന്റെ ഓര്‍മകളില്‍ ..?
അടുക്കിപ്പിടിച്ച പുസ്തകത്തിന്റെ ആദ്യ താളില്‍
ഒളിപ്പിച്ച ഒരു രണ്ടുവരിയുടെ ഓര്‍മകളില്‍...?
ആമ്പലും അമ്പിളിയും മത്സരിച്ചു ചിരിക്കുന്ന
അമ്പലക്കുളത്തിന്റെ കല്പടവില്‍ ...?
പിറക്കാന്‍ കാത്തിരിക്കുന്ന ഒരു കുഞ്ഞിന്റെ
അലസതയര്‍ന്ന ഉറക്കത്തില്‍ ..?
...................................................................
എഴുത്തിന്റെ കൂരയില്‍ 
‍എന്നെ തനിച്ചാക്കി യാത്ര പറയാതെ 
നീ പോയ വഴിയില്‍ നിന്നെ തേടുകയാണ് 
എന്റെ കവിതയും ഞാനും .....